യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് ലയണല്‍ മെസി എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമിയിലേക്ക് പോകാനൊരുങ്ങുകയാണ്. താരത്തിന്റെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. പി.എസ്.ജിയില്‍ നിന്ന് പടിയിറങ്ങിയ മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്നായിരുന്നു ആരാധകര്‍ ഒന്നടങ്കം വിശ്വസിച്ചിരുന്നത്. എന്നാല്‍ ക്ലബ്ബില്‍ നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി കാരണമാണ് ബാഴ്‌സലോണക്ക് തങ്ങളുടെ ഇതിഹാസത്തെ തിരിച്ചെത്തിക്കാന്‍ കഴിയാതിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് മെസി പ്രതികരിച്ചിരുന്നു. കൂട്ടത്തില്‍ ബാഴ്‌സലോണയുമായി ഈയിടെ പിരിഞ്ഞ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്, ജോര്‍ധി ആല്‍ബ എന്നീ താരങ്ങളും ഇന്റര്‍ മിയാമിയില്‍ ബൂട്ടുകെട്ടുമെന്ന് അഭ്യൂങ്ങളുണ്ടായിരുന്നു. വിഷയത്തില്‍ മെസി നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണിപ്പോള്‍.
‘ഞാനും ബുസിയും ആല്‍ബയും നേരത്തെ എല്ലാം പ്ലാന്‍ ചെയ്തിരുന്നെന്നും അവരും എനിക്കൊപ്പം ഇന്റര്‍ മിയാമിയില്‍ ബൂട്ടുകെട്ടുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എല്ലാവരും അവരുടെ ഭാവിയെ കുറിച്ച് ചിന്തിക്കുന്നുണ്ട്. ഞാന്‍ അവരുടെ ക്ലബ്ബ് ട്രാന്‍സ്ഫറിന്റെ കാര്യത്തെ കുറിച്ച് ബോധവാനാണ്. പക്ഷെ ഒരിക്കല്‍ പോലും ഒരു ക്ലബ്ബില്‍ കളിക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിട്ടില്ല.
എന്റെ തീരുമാനം എന്റേത് മാത്രമാണ്. എനിക്കറിയില്ല അവര്‍ ഏത് ക്ലബ്ബിലേക്കാണ് പോകുന്നതെന്ന്. ഇവര്‍ക്കൊപ്പമെന്നല്ല ഞാന്‍ ആരുടെ കൂടെയും ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല,’ മെസി പറഞ്ഞു.
അതേസമയം, മെസി ബാഴ്സലോണയിലേക്ക് മടങ്ങുമെന്നാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിച്ചിരുന്നത്. മെസിയുടെ പിതാവും ബാഴ്സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ടയും കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
മെസിക്ക് ബാഴ്സലോണയിലേക്ക് മടങ്ങാനാണ് താത്പര്യമെന്നും എന്നാല്‍ ക്ലബ്ബുമായി ചര്‍ച്ച ചെയ്ത് മറ്റ് തടസങ്ങള്‍ ഒന്നുമില്ലെങ്കില്‍ മാത്രമെ ക്ലബ്ബുമായി സൈനിങ് നടത്തുകയുള്ളൂ എന്നും മെസിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് മെസിയെ സൈന്‍ ചെയ്യുന്നതില്‍ നിന്ന് ബാഴ്സലോണക്ക് വിലങ്ങുതടി ആയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇതിനിടെ മെസിയെ സ്വന്തമാക്കാന്‍ ഇന്റര്‍ മിയാമി വമ്പന്‍ ഓഫറുകള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. താരത്തിന് ക്ലബ്ബ് നിശ്ചയിച്ചിരിക്കുന്ന വേതനത്തിന് പുറമെ പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡ് ആയ അഡിഡാസ്, ആഢംബര ഇലക്ട്രോണിക്‌സ് കമ്പനിയായ ആപ്പിള്‍ എന്നിവയുടെ ലാഭത്തില്‍ നിന്ന് ഓരോ വിഹിതവും കൂടാതെ താരം ക്ലബ്ബില്‍ നിന്ന് വിരമിക്കുമ്പോള്‍ ഇന്റര്‍ മിയാമിയുടെ ഒരു വിഹിതവുമാണ് എം.എല്‍.എസ് ക്ലബ്ബിന്റെ ഓഫര്‍. പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Content Highlights: Lionel Messi claims Sergio Busquets and Jordi Alba won’t join with Messi at Inter Miami