അങ്ങനെ അതും സംഭവിച്ചു; റൊണാള്‍ഡോയുടെ അടുത്ത റെക്കോഡ് തകര്‍ത്ത് ലയണല്‍ മെസി
Football
അങ്ങനെ അതും സംഭവിച്ചു; റൊണാള്‍ഡോയുടെ അടുത്ത റെക്കോഡ് തകര്‍ത്ത് ലയണല്‍ മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 26th June 2022, 9:21 am

ബാഴ്‌സയില്‍ നിന്നും ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിലേക്ക് ചേക്കേറിയ ലയണല്‍ മെസിക്ക് നല്ല കാലമായിരുന്നില്ല കളത്തിനകത്ത്. 2004ല്‍ അരങ്ങേറിയ താരത്തിന്റെ ക്ലബ്ബ് കരിയറിലെ ഏറ്റവും മോശം സീസണായിരുന്നു കഴിഞ്ഞ സീസണ്‍.

കഴിഞ്ഞ സീസണില്‍ ക്ലബ്ബിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കളത്തിനു പുറത്ത് താരം പുതിയ ചരിത്രങ്ങള്‍ സൃഷ്ടിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം തന്റെ ജേഴ്സി വില്‍പ്പനയില്‍ പുതിയൊരു നാഴികക്കല്ലു സൃഷ്ടിച്ചിരിക്കുകയാണ് താരം. ഇതിലൂടെ റൊണാള്‍ഡോയുടെ റെക്കോഡ് മറികടക്കുകയും ചെയ്തു.

കഴിഞ്ഞ സീസണില്‍ ക്ലബിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മില്യണ്‍ ജേഴ്സികളാണ് പി.എസ്.ജി വിറ്റഴിച്ചത്. ഇതില്‍ ലയണല്‍ മെസിയുടെ മുപ്പതാം നമ്പര്‍ ജേഴ്സിക്കായിരുന്നു അറുപതു ശതമാനം ആവശ്യക്കാരും. ഇതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരിച്ചെത്തിയ റൊണാള്‍ഡോയുടെ ജേഴ്സി സൃഷ്ടിച്ച വില്‍പ്പനയുടെ റെക്കോര്‍ഡാണ് മെസി മറികടന്നത്.

പി.എസ്.ജിയിലേക്കുള്ള മെസിയുടെ ട്രാന്‍സ്ഫര്‍ ഉറപ്പിച്ചതിനു ശേഷം ഇതുവരെ ഒരു മില്യണിന് മുകളില്‍ ജേഴ്‌സിയാണ് വിറ്റഴിച്ചത്. ഇതില്‍ അറുപതു ശതമാനം ജേഴ്സികളും മെസിയുടേതായിരുന്നു. ഇതാദ്യമായാണ് ഏതെങ്കിലും ഒരു കായികതാരത്തിന്റെ ഇത്രയധികം ജേഴ്സികള്‍ ഇത്രയം ചെറിയ സമയം കൊണ്ട് വിറ്റു പോകുന്നതെന്ന് ഡെയ്‌ലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മെസിയുടെ ജേഴ്സിക്ക് ആവശ്യക്കാരേറി തിരക്കു വര്‍ധിച്ചതിനാല്‍ പി.എസ്.ജി അവരുടെ ഒഫീഷ്യല്‍ സ്റ്റോര്‍ ഇരട്ടി വലിപ്പത്തിലാക്കിയിരുന്നു. ഇതിനു പുറമെ വാണിജ്യപരമായി വലിയ നേട്ടങ്ങളാണ് മെസിയുടെ ട്രാന്‍സ്ഫറിനു ശേഷം പി.എസ്.ജിയില്‍ ഉണ്ടായത്. സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകള്‍, അവയിലൂടെ ലഭിക്കുന്ന വരുമാനം എന്നിവയിലെല്ലാം വലിയ വര്‍ധനവുണ്ടായിട്ടുണ്ട്.

കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ മാര്‍ക്കക്കു നല്‍കിയ അഭിമുഖത്തില്‍ മെസിയുടെ ട്രാന്‍സ്ഫര്‍ ക്ലബിലുണ്ടാക്കിയ മാറ്റങ്ങള്‍ പി.എസ്.ജി പ്രസിഡന്റ് വെളിപ്പെടുത്തിയിരുന്നു. അതേസമയം മെസിക്ക് ആദ്യത്തെ സീസണില്‍ തന്റെ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെന്നും വരുന്ന സീസണില്‍ അതില്‍ മാറ്റം വരുമെന്നുമുള്ള പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

അര്‍ജന്റീനക്ക് വേണ്ടി മികച്ച പ്രകടനമാണ് മെസി കാഴ്ചവെക്കുന്നത്. എന്നാല്‍ പി.എസ്.ജിയില്‍ താരത്തിന്റെ മികവിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ലായിരുന്നു. വരും സീസണില്‍ താരം തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlights: Lionel Messi broke Cristiano Ronaldo’s record of jersey selling