ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ശേഷം 700 ക്ലബ്ബ് ഗോളുകള്‍ നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ കളിക്കാരനാകാനൊരുങ്ങി ലയണല്‍ മെസി. കഴിഞ്ഞ ദിവസം ലീഗ് വണ്ണില്‍ പി.എസ്.ജിക്കായി ഒരു ഗോള്‍ നേടിയതോടെ താരത്തിന്റെ ആകെ ഗോളുകളുടെ എണ്ണം 699 ആയി ഉയര്‍ന്നു.
ബാഴ്‌സലോണക്കായി 778 മത്സരങ്ങളില്‍ നിന്ന് 672 ഗോളുകളും പി.എസ്.ജിയില്‍ 61 മത്സരങ്ങളില്‍ നിന്ന് 27 ഗോളുകളുമാണ് മെസിയുടെ സമ്പാദ്യം. ഇനി രണ്ട് ഗോള്‍ കൂടി നേടാനായാല്‍ റൊണാള്‍ഡോയുടെ റെക്കോഡ് തകര്‍ക്കാനാകും.
ഒക്ടോബറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഗോള്‍ നേടിയതോടെയാണ് റൊണാള്‍ഡോ ക്ലബ്ബ് ഗോളുകളുടെ എണ്ണം 700 തികച്ചത്. പി.എസ്.ജിയുടെ അടുത്ത മത്സരത്തില്‍ മെസിക്ക് ഗോള്‍ നേടാനായാല്‍ താരത്തിന് 700 ഗോളുകള്‍ തികക്കാനാകും.
ക്ലബ്ബ് ഫുട്‌ബോള്‍ കരിയറില്‍ ആകെ കളിച്ച 840 മത്സരങ്ങളില്‍ നിന്നാണ് മെസിയുടെ ഈ നേട്ടം. അതേസമയം 943 മത്സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോ ഗോളുകള്‍ സമ്പാദിച്ച് കൂട്ടിയത്.
2011-2012 സീസണില്‍ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയര്‍ന്ന ഗോള്‍ നേട്ടം. 2014-2015 സീസണില്‍ നേടിയ 61 ഗോളുകളാണ് റോണോയുടെ ഉയര്‍ന്ന ഗോള്‍ നേട്ടം.
എന്നാല്‍ അസിസ്റ്റുകളുടെ കണക്കില്‍ മെസി റൊണാള്‍ഡൊയെക്കാള്‍ ഏറെ മുന്നിലാണ്. സഹതാരങ്ങള്‍ക്ക് ക്ലബ്ബ് ഫുട്ബോളില്‍ മൊത്തം 296 തവണ മെസി ഗോളടിക്കാന്‍ അവസരമൊരുക്കിയപ്പോള്‍, 201 തവണയാണ് റൊണാള്‍ഡോയുടെ അസിസ്റ്റുകളില്‍ നിന്ന് സഹതാരങ്ങള്‍ ഗോളുകള്‍ സ്വന്തമാക്കിയത്.
ലോക ഫുട്ബോളിലെ തന്നെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചാമ്പ്യന്‍സ് ലീഗിലെ ഗോളടിക്കണക്കില്‍ റൊണാള്‍ഡോ മെസിയെക്കാള്‍ മുന്നിലാണ്.
183 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും റോണോ 140 ഗോളടിച്ചപ്പോള്‍, 161 മത്സരങ്ങളില്‍ നിന്നും 129 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.
എന്നാല്‍ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മെസിക്ക് റോണോയേക്കാള്‍ മുന്‍തൂക്കമുണ്ട്. റോണോ 22 ലോകകപ്പ് മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍.
25 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. ലോകകപ്പില്‍ അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരവും മെസിയാണ്.