| Thursday, 3rd August 2023, 12:56 pm

സര്‍വകാല റെക്കോഡില്‍ മെസി; സ്‌പോര്‍ട്‌സ് ചരിത്രത്തില്‍ തന്നെ ഒന്നാമന്‍; വീണത് റൊണോയും ലെബ്രോണ്‍ ജെയിംസും

സ്പോര്‍ട്സ് ഡെസ്‌ക്

പിച്ചിനകത്തും പുറത്തും വീണ്ടും റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് ലയണല്‍ മെസി. ഇന്റര്‍ മയാമിയിലെത്തിയതിന് പിന്നാലെ ഓരോ മത്സരത്തിലും ഗോളടിച്ചുകൂട്ടി ഗ്രൗണ്ടില്‍ തരംഗമാകുന്ന മെസി ഇത്തവണ ഗ്രൗണ്ടിന് പുറത്താണ് പുതിയ റെക്കോഡിട്ടത്. ജേഴ്‌സി വില്‍പനയിലാണ് മെസി റെക്കോഡ് നേട്ടം കുറിച്ചത്.

ഇ.എസ്.പി.എന്നിന്റെയും ഫാനടിക്‌സിന്റെയും റിപ്പോര്‍ട്ട് പ്രകരം പുതിയ ടീമിലെത്തി ആദ്യ 24 മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം ജേഴ്‌സി വില്‍പന നടന്നതിന്റെ റെക്കോഡാണ് മെസിയുടെ പേരില്‍ കുറിക്കപ്പെട്ടത്.

മെസി ഇന്റര്‍ മയാമിയിലെത്തിയതിന് പിന്നാലെ ആദ്യ 24 മണിക്കൂറില്‍ നടന്ന ജേഴ്‌സി വില്‍പന മറ്റേത് കായിക താരങ്ങളുടെ റെക്കോഡിനേക്കാളും അധികമാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

എന്‍.എഫ്.എല്ലിലെ ടോം ബ്രാഡിയുടെ പേരിലുള്ള റെക്കോഡാണ് ഇപ്പോള്‍ മെസി തന്റെ പേരിലേക്ക് തിരുത്തിയെഴുതിയത്. 2020ല്‍ ദി ന്യൂ ഇംഗ്ലണ്ട് പേട്രിയറ്റ്‌സില്‍ നിന്നും ടാംപ ബേ ബക്കനീര്‍സിലേക്ക് ബ്രാഡി ചേക്കേറിയപ്പോള്‍ നടന്ന ജേഴ്‌സി വില്‍പനയായിരുന്നു സര്‍വകാല റെക്കോഡിലുണ്ടായിരുന്നത്.

ബ്രാഡിയെ മാത്രമല്ല, ഫുട്‌ബോളിലെ തന്റെ എക്കാലത്തേയും മികച്ച റൈവലായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ബാസ്‌ക്കറ്റ് ബോളിലെ ഗോട്ടായ ലെബ്രോണ്‍ ജെയിംസിനെയും ഇക്കാര്യത്തില്‍ മെസി പിന്തള്ളിയിരിക്കുകയാണ്.

2021ല്‍ യുവന്റസില്‍ നിന്നും റൊണാള്‍ഡോ തന്റെ പഴയ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് മടങ്ങിയെത്തിയപ്പോഴും 2018ല്‍ ലെബ്രോണ്‍ ജെയിംസ് ക്ലീവ്‌ലാന്‍ഡ് കാവലിയേഴ്‌സില്‍ നിന്ന് ലോസ് ആഞ്ചലസ് ലേക്കേഴ്‌സിലേക്കെത്തിയപ്പോഴും നടന്ന ജേഴ്‌സി വില്‍പനയുടെ റെക്കോഡും മെസി തകര്‍ത്തിരിക്കുകയാണ്.

ഇന്റര്‍ മയാമിയെ വിജയതീരത്തേക്കടുപ്പിക്കവെയാണ് മെസിയുടെ പേരില്‍ പുതിയ റെക്കോഡുകള്‍ കുറിക്കുപ്പെട്ടതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത് എന്ന കാര്യവും ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്.

കഴിഞ്ഞ ദിവസവും മസി പുതിയ ഒരു റെക്കോഡ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തിരുന്നു. ഏറ്റവുമധികം ഗിന്നസ് റെക്കോഡുള്ള ഫുട്‌ബോളര്‍ എന്ന നേട്ടമണ് മെസി സ്വന്തമാക്കിയത്.

ഇന്റര്‍ മയാമി – അറ്റ്‌ലാന്റ യുണൈറ്റഡ് മത്സരത്തിനിടെ മെസി നേടിയ രണ്ടാം ഗോളാണ് താരത്തെ 41ാം ഗിന്നസ് റെക്കോഡിന് അര്‍ഹനാക്കിയത്. റോബര്‍ട്ട് ടെയ്‌ലറിന്റെ അസിസ്റ്റില്‍ മത്സരത്തിന്റെ 22ാം മിനിട്ടില്‍ നേടിയ ഗോളാണ് റെക്കോഡിന് വഴിവെച്ചത്.

ഇതോടെ അമേരിക്കന്‍ ഹിസ്റ്ററിയില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ലൈവ് ഇവന്റ് എന്ന നേട്ടമാണ് ആ ഗോളിനെ തേടിയെത്തിയത്. 3.4 ബില്യണ്‍ ആളുകളാണ് ഈ ഗോള്‍ ലൈവ് കണ്ടതെന്നാണ് കണക്കാക്കുന്നത്. ഇതിന് പിന്നാലെയാണ് മെസിയെ തേടി റെക്കോഡ് നേട്ടമെത്തിയതും റൊണാള്‍ഡോയെ മറികടന്നതും.

ഏറ്റവുമധികം ഗിന്നസ് റെക്കോഡുകള്‍ സ്വന്തമാക്കിയ ഫുട്ബോള്‍ താരങ്ങള്‍

ലയണല്‍ മെസി – 41

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 40

റോബര്‍ട്ട് ലെവന്‍ഡോസ്‌കി – 9

കിലിയന്‍ എംബാപ്പെ – 5

നെയ്മര്‍ ജൂനിയര്‍ – 4

Content Highlight: Lionel Messi breaks jersey sales record, surpassing Cristiano, Tom Brady and LeBron James

We use cookies to give you the best possible experience. Learn more