കഴിഞ്ഞ ദിവസം ലീഗ് വണ്ണില്‍ നടന്ന മത്സരത്തില്‍ മോണ്ട്പെല്ലിയറിനെ പി.എസ്.ജി കീഴ്പ്പെടുത്തിയിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം.
പി.എസ്.ജിക്കായി ലയണല്‍ മെസി ഒരു ഗോള്‍ നേടിയപ്പോള്‍ ഫാബിയാന്‍ റൂയിസ്, വാറന്‍ സെറെ എമരി എന്നിവരാണ് മറ്റുഗോളുകള്‍ സ്വന്തമാക്കിയത്. മോണ്ട്‌പെല്ലിയറിന്റെ ഗോള്‍ അര്‍നോഡ് നോര്‍ഡിന്റെ വകയായിരുന്നു.
പി.എസ്.ജിയിലെ ഈ ഗോള്‍ നേട്ടത്തോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഒരു റെക്കോഡ് കൂടി തകര്‍ത്തിരിക്കുകയാണ് മെസി. ടോപ് ഫൈവ് ലീഗുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം എന്ന റെക്കോഡാണ് മെസി ഇപ്പോള്‍ പേരിലാക്കിയിരിക്കുന്നത്.
696 ഗോളുകളോടെ റോണോയായിരുന്നു റെക്കോഡ് ഇതുവരെ സ്വന്തമാക്കിയിരുന്നത്. പി.എസ്.ജിക്കായി കഴിഞ്ഞ ദിവസം നേടിയ ഗോളോടെ ഇത് 697 ആയി മെസി ഉയര്‍ത്തിയിരിക്കുകയാണ്.
അതേസമയം ടോപ് ഫൈവ് ലീഗില്‍ 495 ഗോളുകള്‍ അക്കൗണ്ടിലാക്കി റൊണാള്‍ഡോ മുന്നിട്ട് നില്‍ക്കുമ്പോള്‍ 489 ഗോളുകളാണ് മെസിയുടെ പേരിലുള്ളത്. ക്ലബ്ബ് ഫുട്‌ബോള്‍ കരിയറില്‍ നിന്നും ഇതുവരെ 701 ഗോളുകള്‍ റോണോ സ്വന്തമാക്കിയപ്പോള്‍, മെസിയുടെ സമ്പാദ്യം 695 ഗോളുകളാണ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയായിരുന്നു റൊണാള്‍ഡോ തന്റെ 700ാം ഗോള്‍ നേടിയത്. ഇതോടെ ക്ലബ്ബ് ഫുട്‌ബോളില്‍ 700 ഗോള്‍ തികയ്ക്കുന്ന ആദ്യ ഫുട്‌ബോള്‍ താരമായി റൊണാള്‍ഡോ മാറിയിരുന്നു.
ക്ലബ്ബ് ഫുട്‌ബോള്‍ ഗോള്‍ കണക്കില്‍ മെസിയെക്കാള്‍ മുന്നിലാണ് റൊണാള്‍ഡോ. പക്ഷെ റൊണാള്‍ഡോ കളി ആരംഭിച്ച് രണ്ട് സീസണുകള്‍ കഴിഞ്ഞപ്പോഴാണ് മെസി ക്ലബ്ബ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ സജീവമായത്.
2011-2012 സീസണില്‍ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയര്‍ന്ന ഗോള്‍ നേട്ടം. 2014-2015 സീസണില്‍ നേടിയ 61 ഗോളുകളാണ് റോണോയുടെ ഉയര്‍ന്ന ഗോള്‍ നേട്ടം.
എന്നാല്‍ അസിസ്റ്റുകളുടെ കണക്കില്‍ മെസി റൊണാള്‍ഡൊയെക്കാള്‍ ഏറെ മുന്നിലാണ്. സഹതാരങ്ങള്‍ക്ക് ക്ലബ്ബ് ഫുട്‌ബോളില്‍ മൊത്തം 296 തവണ മെസി ഗോളടിക്കാന്‍ അവസരമൊരുക്കിയപ്പോള്‍, 201 തവണയാണ് റൊണാള്‍ഡോയുടെ അസിസ്റ്റുകളില്‍ നിന്ന് സഹതാരങ്ങള്‍ ഗോളുകള്‍ സ്വന്തമാക്കിയത്.
ലോക ഫുട്‌ബോളിലെ തന്നെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചാമ്പ്യന്‍സ് ലീഗിലെ ഗോളടിക്കണക്കില്‍ റൊണാള്‍ഡോ മെസിയെക്കാള്‍ മുന്നിലാണ്. 183 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും റോണോ 140 ഗോളടിച്ചപ്പോള്‍, 161 മത്സരങ്ങളില്‍ നിന്നും 129 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.
എന്നാല്‍ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മെസിക്ക് റോണോയേക്കാള്‍ മുന്‍തൂക്കമുണ്ട്. റോണോ 22 ലോകകപ്പ് മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ 25 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. ലോകകപ്പില്‍ അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരവും മെസിയാണ്.