| Thursday, 17th October 2024, 9:28 am

മറ്റാരെക്കാളും ഇത്തവണ ബാലണ്‍ ഡി ഓര്‍ നേടാന്‍ അവനാണ് അര്‍ഹന്‍; വമ്പന്‍ തെരഞ്ഞെടുപ്പുമായി ലയണല്‍ മെസി

സ്പോര്‍ട്സ് ഡെസ്‌ക്

രണ്ട് പതിറ്റാണ്ടിന് ശേഷം ഇതാദ്യമായാണ് ലയണല്‍ മെസിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ഇല്ലാത്ത ബാലണ്‍ ഡി ഓറിന്റെ ചുരുക്കപ്പെട്ടിക പുറത്തുവന്നത്.

മെസിക്കും റൊണാള്‍ഡോക്കും ശേഷമുള്ള അടുത്ത ട്രാന്‍സിഷന്‍ പിരീഡിലേക്ക് ഫുട്ബോള്‍ ലോകം കടക്കുകയാണെന്ന വ്യക്തമായ സൂചനയാണ് ഈ ചുരുക്കപ്പട്ടിക നല്‍കുന്നത്.

ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് കടുത്ത മത്സരം തന്നെയാകും നടക്കുക എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അര്‍ജന്റീനയുടെ ലൗട്ടാരോ മാര്‍ട്ടീനസ്, റയല്‍ സൂപ്പര്‍ താരവും ബ്രസീലിയന്‍ ഇന്റര്‍നാഷണലുമായ വിനീഷ്യസ് ജൂനിയര്‍ തുടങ്ങി പുരസ്‌കാരം നേടാന്‍ സാധ്യത കല്‍പിക്കുന്നവരെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.

ഇതിന് മുമ്പ് ബാലണ്‍ ഡി ഓര്‍ നേടിയ ഒരാള്‍ പോലും ഈ പട്ടികയില്‍ ഇല്ല എന്നതാണ് രസകരമായ മറ്റൊരു വസ്തുത. ഒക്ടോബര്‍ 28ന് ഇക്കൂട്ടത്തില്‍ ഒരാള്‍ തന്റെ കരിയറിലെ ഏറ്റവും മനോഹരമായ നിമിഷത്തിലേക്കാകും നടന്നുകയറുക.

ഇത്തവണത്തെ ബാലണ്‍ ഡി ഓറിലെ തന്റെ തെരഞ്ഞെടുപ്പ് നടത്തുകയാണ് സൂപ്പര്‍ താരം ലയണല്‍ മെസി. തന്റെ സഹതാരമായ ലൗട്ടാരോ മാര്‍ട്ടീനസാണ് ഇത്തവണത്തെ പുരസ്‌കാരത്തിന് അര്‍ഹന്‍ എന്നാണ് മെസി അഭിപ്രായപ്പെടുന്നത്.

ഇതിന് മുമ്പ് രണ്ട് തവണ ബാലണ്‍ ഡി ഓറിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ താരത്തിന് ഒരിക്കല്‍പ്പോലും സുവര്‍ണഗോളത്തില്‍ മുത്തമിടാന്‍ സാധിച്ചില്ല. 2021ല്‍ 21ാം സ്ഥാനത്തും 2023ല്‍ 20ാം സ്ഥാനത്തുമാണ് താരം ഫിനിഷ് ചെയ്തത്.

എന്നാല്‍ ഇത്തവണ മാര്‍ട്ടീനസാണ് പുരസ്‌കാരത്തിന് അര്‍ഹന്‍ എന്നാണ് മെസി അഭിപ്രായപ്പെടുന്നത്. ഗോളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘അവനെ സംബന്ധിച്ച് ഇത് വളരെ മികച്ച വര്‍ഷമായിരുന്നു. അവന്‍ ഫൈനലില്‍ ഗോള്‍ നേടി. കോപ്പ അമേരിക്കയിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമനും അവന്‍ തന്നെയായിരുന്നു. മറ്റാരെക്കാളും അവനാണ് ബാലണ്‍ ഡി ഓറിന് അര്‍ഹന്‍,’ മെസി പറഞ്ഞു.

പുരസ്‌കാരം ലഭിക്കുമെന്ന ശുഭാപ്തിവിശ്വാസം മാര്‍ട്ടീനസും നേരത്തെ പങ്കുവെച്ചിരുന്നു.

‘എന്റെ ഈ സീസണിന് പിന്നാലെ അവിടെയെത്താന്‍ അര്‍ഹനാണെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഞാന്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ഞാന്‍ ബാലണ്‍ ഡി ഓറിന്റെ അവസാന ഘട്ടത്തിലെത്തുന്നത്. അവിടെയെത്താന്‍ അര്‍ഹനാണെന്ന് തന്നെയാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്,’ സെപ്റ്റംബറില്‍ നല്‍കിയ അഭിമുഖത്തില്‍ മാര്‍ട്ടീനസ് പറഞ്ഞു.

ക്ലബ്ബ് തലത്തിലും അന്താരാഷ്ട്ര തലത്തിലും മികച്ച പ്രകടനം നടത്തിയാണ് മാര്‍ട്ടീനസ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്. 44 മത്സരത്തില്‍ നിന്നും 27 ഗോളും ഏഴ് അസിസ്റ്റുമാണ് താരത്തിന്റെ പേരിലുള്ളത്.

Content highlight: Lionel Messi believes that Lautaro Martinez is the most worthy to win the Ballon d’Or this time

Video Stories

We use cookies to give you the best possible experience. Learn more