മേജര്‍ ലീഗ് സോക്കറില്‍ കഴിഞ്ഞ ദിവസം നടന്ന അറ്റ്‌ലാന്റ യുണൈറ്റഡ് – ഇന്റര്‍ മയാമി മത്സരത്തില്‍ മെസിപ്പട പരാജയപ്പെട്ടിരുന്നു. ചെയ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു യുണൈറ്റഡിന്റെ വിജയം.
അറ്റ്‌ലാന്റയോട് ഒരു ഗോളിന് പരാജയപ്പെട്ടതിന് പിന്നാലെ പ്ലേ ഓഫ് കാണാതെ മയാമി പുറത്താവുകയും ചെയ്തിരുന്നു.
മത്സരത്തിന്റെ 17ാം മിനിട്ടില്‍ മത്തിയാസ് റോജസിലൂടെ മയാമിയാണ് മുമ്പിലെത്തിയത്. എന്നാല്‍ ആ സന്തോഷത്തിന് മിനിട്ടുകളുടെ പോലും ആയുസ് നല്‍കാതെ അറ്റ്‌ലാന്റ രണ്ട് ഗോള്‍ തിരിച്ചടിച്ചു.
മത്സരത്തിന്റെ 19ാം മിനിട്ടിലും 21ാം മിനിട്ടിലും മയാമി ഗോള്‍ കീപ്പര്‍ ഡ്രേക് കലണ്ടറിനെ മറികടന്ന് ജമാല്‍ തിയാരെയാണ് ഗോള്‍ കണ്ടെത്തിയത്.
ഒരു ഗോളിന്റെ ലീഡില്‍ ആദ്യ പകുതി അവസാനിപ്പിച്ച അറ്റ്‌ലാന്റ രണ്ടാം പകുതിയിലും മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ മത്സരത്തിന്റെ 65ാം മിനിട്ടില്‍ മെസിയിലൂടെ മയാമി ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തി. മാഴ്‌സെലോ വെയ്ഗാന്‍ഡിന്റെ ക്രോസില്‍ തലവെച്ച മെസി മയാമിയെ ഒപ്പമെത്തിച്ചു.
എന്നാല്‍ 76ാം മിനിട്ടില്‍ ബാര്‍ട്ടോസ് സ്ലീസിലൂടെ മുമ്പിലെത്തിയ അറ്റ്‌ലാന്റ ഫൈനല്‍ വിസില്‍ വരെ ലീഡ് നിലനിര്‍ത്തി.
മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാന്‍ മെസിക്ക് സാധിച്ചിരുന്നു. ക്ലബ്ബ് തലത്തിലും ദേശീയ തലത്തിലുമായി ഏറ്റവും വേഗത്തില്‍ 850 ഗോള്‍ പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. 1081ാം മത്സരത്തിലാണ് മെസി ഈ നേട്ടം സ്വന്തമാക്കിയത്. (ഇ.എസ്.പി.എന്നിന്റെ കണക്കുകള്‍ പ്രകാരം).
ക്രിസ്റ്റ്യാനോയുടെ പേരിലാണ് നേരത്തെ ഈ റെക്കോഡ് ഉണ്ടായിരുന്നത്. 1179ാം മത്സരത്തിലാണ് പോര്‍ച്ചുഗല്‍ ലെജന്‍ഡ് ഈ നേട്ടം സ്വന്തമാക്കിയത്.
ഇതിന് പുറമെ ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും മെസി സ്വന്തമാക്കി. തന്റെ 37ാം വയസിലാണ് മെസി ഈ നേട്ടത്തിലെത്തിയത്.
കരിയറില്‍ ബാഴ്‌സലോണക്ക് വേണ്ടിയാണ് മെസി ഏറ്റവുമധികം ഗോള്‍ കണ്ടെത്തിയത്. 778 മത്സരത്തില്‍ നിന്നും 672 തവണയാണ് കറ്റാലന്‍മാരുടെ ജേഴ്‌സിയണിഞ്ഞ് മെസി സ്‌കോര്‍ ചെയ്തത്.
പി.എസ്.ജിക്കായി കളിച്ച 75 മത്സരത്തില്‍ നിന്നും 32 ഗോളടിച്ച താരം നിലവിലെ ക്ലബ്ബിനായി 39 മത്സരത്തില്‍ നിന്നും 34 ഗോളും സ്വന്തമാക്കിയിട്ടുണ്ട്.
അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ കളത്തിലിറങ്ങിയ 189 മത്സരത്തില്‍ നിന്നും 112 ഗോളാണ് താരത്തിന്റെ സമ്പാദ്യം.
അതേസമയം, ലോകകപ്പ് ക്വാളിഫയറില്‍ പരഗ്വായ്‌ക്കെതിരായ മത്സരത്തിലാണ് മെസി ഇനി ബൂട്ടുകെട്ടുക. എതിരാളികളുടെ തട്ടകമായ എസ്റ്റാഡിയോ ഡിഫന്‍സേഴ്സ് ഡെല്‍ ചെക്കോ സ്റ്റേഡിയമാണ് വേദി.
നവംബര്‍ 15ന് ഇന്ത്യന്‍ സമയം പുലര്‍ച്ച അഞ്ച് മണിക്കാണ് ലോകചാമ്പ്യന്‍മാര്‍ പരഗ്വായുടെ തട്ടകത്തിലേക്കിറങ്ങുന്നത്.
നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന. പത്ത് മത്സരത്തില്‍ നിന്നും ഏഴ് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായി 22 പോയിന്റാണ് അര്‍ജന്റീനക്കുള്ളത്.
ഒടുവില്‍ കളിച്ച അഞ്ച് മത്സരത്തില്‍ മൂന്ന് ജയവും ഓരോന്ന് വീതം സമനിലയും തോല്‍വിയുമാണ് ടീം സ്വന്തമാക്കിയത്.
അതേസമയം, പത്ത് മത്സരത്തില്‍ നിന്നും 13 പോയിന്റുമായി ആറാം സ്ഥാനത്താണ് ഹോം ടീം. മൂന്ന് വീതം ജയവും തോല്‍വിയും ഏറ്റുവാങ്ങിയ പരഗ്വായ് നാല് മത്സരങ്ങള്‍ സമനിലയിലും അവസാനിപ്പിച്ചു.
Content highlight: Lionel Messi becomes youngest player to score 850 career goals