ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജി പതിനൊന്നാം തവണയും ലീഗ് വണ്‍ ടൈറ്റില്‍ പേരിലാക്കിയിരിക്കുകയാണ്. സ്ട്രാസ്‌ബോര്‍ഗിനെതിരെ നടന്ന മത്സരത്തിലാണ് പി.എസ്.ജിയുടെ ജയം. 1-1ന്റെ സമനിലയായ മത്സരത്തില്‍ പാരീസിയന്‍സ് ജയമുറപ്പിക്കുകയായിരുന്നു. ലയണല്‍ മെസിയുടെ തകര്‍പ്പന്‍ ഗോളിലൂടെയായിരുന്നു പി.എസ്.ജി കിരീടം തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.
ഇതോടെ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോയുടെ മറ്റൊരു റെക്കോഡ കൂടി തകര്‍ത്തിരിക്കുകയാണ് മെസി. പ്രധാനപ്പെട്ട അഞ്ച് യൂറോപ്യന്‍ ലീഗുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന ഖ്യാതിയാണ് മെസി പേരിലാക്കിയിരിക്കുന്നത്. ബാഴ്‌സലോണയില്‍ 474 ലാ ലിഗ ഗോളുകള്‍, പാരീസിയിന്‍സിനായി 22 ലീഗ് വണ്‍ ഗോളുകള്‍ എന്നിങ്ങനെ 496 ഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.
അതേസമയം, ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനായി 31 ഗോളുകളാണ് റൊണാള്‍ഡോ പേരിലാക്കിയിരിക്കുന്നത്. പ്രീമിയര്‍ ലീഗില്‍ 103ഉം യുവന്റസിനായ സീരി എ യില്‍ നേടിയ 81 ഗോളുകളുമടക്കം 495 ഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.
അതേസമയം, വരുന്ന ശനിയാഴ്ചയണ് പി.എസ്.ജി ജേഴ്‌സിയില്‍ മെസി അവസാനമായി കളത്തിലിറങ്ങുക. പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ച് ഫ്രീ ഏജന്റാകുന്ന തുടര്‍ന്ന് താരം തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
ബാഴ്‌സലോണക്ക് പുറമെ എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമി, സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ എന്നിവരാണ് മെസിയെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുള്ളത്. 400 മില്യണ്‍ യൂറോയുടെ ഞെട്ടിക്കുന്ന ഓഫറാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്നില്‍ നീട്ടിയിരിക്കുന്നത്. ഇതിനിടെ മെസി അല്‍ ഹിലാലുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും താരത്തിന്റെ പിതാവ് വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കുകയുള്ളൂ എന്നും ഈ സീസണില്‍ പാരീസിയന്‍ ക്ലബ്ബിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുക എന്നതാണ് മെസിയുടെ ലക്ഷ്യമെന്നാണ് മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ദരിച്ച് പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Content Highlights: Lionel Messi becomes the best goal scorer in top five European Leagues