അര്‍ജന്റീന 1985 എന്ന ഡോക്യു ഡ്രാമ ഓസ്‌കാര്‍ അവാര്‍ഡ് നേടണമെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി. കോര്‍ട്ട് റൂം ഡ്രാമ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മികച്ച നോണ്‍ ഇംഗ്ലീഷ് ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയതിന് ശേഷമാണ് മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം കാറ്റഗറിയിലേക്ക് ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടത്.
ഒരു സൈനിക സ്വേച്ഛാധിപതിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
അര്‍ജന്റീനയുടെ സിവില്‍-സൈനിക സ്വേച്ഛാധിപധികളെ വിചാരണ ചെയ്ത 1985ലെ ജുന്ദാസ് വിചാരണയാണ് (Trail of Juntas) ചിത്രത്തിന്റെ പ്രമേയം.
തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ചിത്രം പുരസ്‌കാരം നേടട്ടെയെന്ന ആശംസകളുമായി മെസി എത്തിയത്.
‘അര്‍ജന്റീന 1985, എന്തൊരു ചിത്രമാണത്. റിക്കാര്‍ഡോ ഡാരിന്റെ ഈ ചിത്രം ഓസ്‌കാര്‍ നോമിനേഷന്‍ നേടിയിരിക്കുകയാണ്. നമുക്ക് മൂന്നാമത് പുരസ്‌കാരവും നേടാം,’ എന്ന് കുറിച്ചുകൊണ്ടാണ് മെസി ചിത്രത്തിന് അഭിന്ദനമറിയിച്ചിരിക്കുന്നത്.
2022 സെപ്റ്റംബര്‍ 29നാണ് സ്പാനിഷ് ഭാഷയിലെ ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സാന്റിയാഗോ മിത്രെയാണ് ചിത്രത്തിന്റെ സംവിധായകന്‍.
സാന്റിയാഗോ മിത്രെക്കൊപ്പം മാരിയാനോ ലിനെയ്‌സും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഹാവിയര്‍ ജൂലിയയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
റിക്കാര്‍ഡോ ഡാരിന്‍, ജുവാന്‍ പെഡ്രോ ലാന്‍സാനി, അന്റോണിയ ബെങ്കോചിയ, അലജാന്‍ഡ്ര ഫ്‌ളെച്ചര്‍, നോര്‍മന്‍ ബ്രിസ്‌കി, ക്ലാഡിയോ ഡാ പസാനോ, കാര്‍ലോസ് പോര്‍ട്ടലുപ്പി, അലെജോ ഗാര്‍ഷിയ പിന്റോസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രം ആമസോണ്‍ പ്രൈമില്‍ ലഭ്യമാണ്.