മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കൈപ്പിടിയിലാക്കിയ ആ 24 കാരന്‍! സാക്ഷാല്‍ ഫെര്‍ഗൂസന്‍ വരെ വിറച്ചുപോയ മത്സരം
Football
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കൈപ്പിടിയിലാക്കിയ ആ 24 കാരന്‍! സാക്ഷാല്‍ ഫെര്‍ഗൂസന്‍ വരെ വിറച്ചുപോയ മത്സരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th June 2022, 4:11 pm

2011 യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഒരു മെസി ആരാധകനും മറക്കില്ല. എന്നാല്‍ മെസി ആരാധകര്‍ മാത്രമായിരിക്കില്ല ആ മത്സരം മറക്കാതിരിക്കുക, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മനേജറായിരുന്ന അലക്‌സ് ഫെര്‍ഗൂസന്‍ ആ മത്സരം ഇന്നും ഒരു പേടി സ്വപ്‌നമായിരിക്കും.

2011 യു.സി.എല്‍ ഫൈനലില്‍ പ്രിമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലാലീഗ ക്ലബ്ബായ ബാഴ്‌സലോണയും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. ഇരു ടീമുകളും സെമി ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടായിരുന്നു ഫൈനലില്‍ പ്രവേശിച്ചത്.

2009 യു.സി.എല്‍ ഫൈനലിന്റെ പ്രതികാരം തീര്‍ക്കാനായിരുന്നു അന്ന് യുണൈറ്റഡ് എത്തിയത്. ആ സമയത്തെ യുറോപ്പിലെ ഏറ്റവും മികച്ച ടീം ഞങ്ങള്‍ തന്നെയാണെന്ന് ഊട്ടിയുറപ്പിക്കാനായിരുന്നു ബാഴ്‌സ ഇറങ്ങിയത്.

രണ്ട് മികച്ച ടീമുകള്‍ക്കപ്പുറം ലോകത്തെ ഏറ്റവും മികച്ച കോച്ചുമാരുടേയും പോരാട്ടമായിരുന്നു ഈ മത്സരം. യുണൈറ്റഡിന്റെ ഇതിഹാസ മാനേജറായ അലക്‌സ് ഫെര്‍ഗൂസന്‍, ബാഴ്‌സയുടെ എക്കാലത്തേയും മികച്ച ടാക്റ്റിഷ്യനായ പെപ് ഗ്വാര്‍ഡിയോള എന്നിവര്‍ നേര്‍ക്ക് നേര്‍ വന്ന മത്സരമായിരുന്നു ഈ ഫൈനല്‍.

ചരിത്രമുറങ്ങുന്ന വെംബ്ലി സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ മാഞ്ചസ്റ്റര്‍ ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. 2009ല്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച അതേ ബാഴ്‌സയും മെസിയും കൂടെ ഇംഗ്ലീഷ് പടയെ വലിച്ചുകീറുകയായിരുന്നു.

2009ലെ ഫൈനലിലെ മെസിയുടെ ഐക്കോണിക്ക് ഹെഡറിന്റേയും എറ്റൊയുടേയും ഗോളിന്റെ ബലത്തിലായിരുന്നു ബാഴ്‌സ ജയിച്ചത്. അതിന് പകരമായി ഇത്തവണ കിരീടം നേടാനായിരുന്നു ഫെര്‍ഗുസനും കൂട്ടാളികളും എത്തിയത്. എന്നാല്‍ വീണ്ടും മെസി യുണൈറ്റഡിന്റെ വില്ലനാകുകയായിരുന്നു.

3-1 എന്ന സ്‌കോറിനായിരുന്നു ബാഴ്‌സ ജയിച്ചത്. 27ാം മിനിറ്റില്‍ പെഡ്രൊയായിരുന്നു ബാഴ്‌സക്കായി ആദ്യം സ്‌കോര്‍ ചെയ്തത്. തൊട്ടു പിന്നാലെ ഏഴ് മിനിറ്റുകള്‍ക്ക് ശേഷം വെയ്ന്‍ റൂണി യുണൈറ്റഡിന് വേണ്ടി വല കുലുക്കിയിരുന്നു.

പിന്നീട് ഒരു 24 വയസുകാരന്റെ അഴിഞ്ഞാട്ടത്തിനായിരുന്നു വെംബ്ലി സ്‌റ്റേഡിയം സാക്ഷിയായത്. മെസിയുടെ പ്രകടനത്തിന് മുമ്പില്‍ യുണൈറ്റഡ് കളിക്കാര്‍ നോക്കുകുത്തികളാകുകയായിരുന്നു. ബാഴ്‌സയുടെ രണ്ടാം ഗോള്‍ നേടിയതും മെസിയായിരുന്നു.

യുണൈറ്റഡിന്റെ ഡിഫന്‍സിനെയും ഗോള്‍ കീപ്പറേയും നോക്കുകുത്തികളാക്കികൊണ്ട് ഒരു ലോങ്ങ് റേഞ്ചര്‍ ഗോളായിരുന്നു മെസി നേടിയത്. ഗോള്‍ നേടിയതിന് ശേഷം മെസിയുടെ ആഘോഷം ഫുട്‌ബോള്‍ േ്രപമികള്‍ ഒരിക്കലും മറക്കില്ല.

പിന്നീട് മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ യുണൈറ്റഡ് ഡിഫന്‍സിനെ വട്ടം കറക്കിക്കൊണ്ട് ഡേവിഡ് വിയ്യക്ക് ഒരു അസിസ്റ്റും കൊടുത്തുകൊണ്ടായിരുന്നു മെസി യുണൈറ്റഡിന്റെ സ്വപ്‌നങ്ങള്‍ക്ക് അവസാന ആണിയടിച്ചത്.

മാഞ്ചസ്റ്ററിന്റെ ഏതു കളിക്കാരെനേക്കാള്‍ മൂന്ന് പടി മുമ്പിലായിരുന്നു മെസ് അന്ന്. ആ ഒരു പ്രകടനം മാത്രം മതിയാകും മെസി എന്തുകൊണ്ടാണ് ബെസ്റ്റായതെന്ന് തെളിയിക്കാന്‍.

മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ യുണൈറ്റഡിന്റെ മാനേജറിലേക്ക് കാമറ നീങ്ങി. ലോകത്തെ ഏറ്റവും മികച്ച മാനേജര്‍മാരില്‍ ഒരാളായ ഫെര്‍ഗൂസന്റെ കൈകള്‍ വിറക്കുകയായിരുന്നു. തുടര്‍ച്ചയായി മൂന്നാമത്തെ ഫൈനലിലായിരുന്നു യുണൈറ്റഡ് പ്രവേശിച്ചത്. എന്നാല്‍ രണ്ടെണ്ണം ബാഴ്‌സക്കെതിരെ അവര്‍ തോറ്റു. ഈ രണ്ട് മത്സരത്തിലും ഫെര്‍ഗൂസനെ വിറപ്പിച്ചത് ലയണല്‍ മെസിയായിരുന്നു.

Content Highlights: Lionel M

essi At his best against Manchester United