ഖത്തര്‍ ലോകകപ്പില്‍ മികച്ച പ്രകടനമാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം റോഡ്രിഡോ ഡീ പോള്‍ കാഴ്ച വെച്ചത്. അര്‍ജന്റൈന്‍ ടീമില്‍ മുഴുവന്‍ സമയവും കളിച്ച ഏക മിഡ് ഫീല്‍ഡറാണ് ഡി പോള്‍. അര്‍ജന്റീന തുടര്‍ച്ചയായി മൂന്ന് കിരീടങ്ങള്‍ നേടിയപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് റോഡ്രിഗോ ഡി പോള്‍.
2021 കോപ്പ അമേരിക്കന്‍ ഫൈനലില്‍ ബ്രസീലിനെ 1-0ന് അര്‍ജന്റീന കീഴടക്കിയപ്പോള്‍ എയ്ഞ്ചല്‍ ഡി മരിയയ്ക്ക് ഗോളിലേക്കുള്ള പാസ് നല്‍കിയത് റോഡ്രിഗൊ ഡി പോള്‍ ആയിരുന്നു. അതും സ്വന്തം പകുതിയില്‍നിന്ന് ഫൈനല്‍ തേര്‍ഡിലേക്കുള്ള ഒരു ലോങ് ബോള്‍ പാസ്.
പരിശീലകന്‍ സ്‌കലോണി ടീമുമായ് ബന്ധപ്പെട്ട കാര്യങ്ങള്‍ ആദ്യം ചര്‍ച്ച ചെയ്യുന്നത് ഡിപോളിനോടാണ്. മാത്രമല്ല കളത്തിനകത്തും പുറത്തും മെസിയുടെ ഉറ്റ ചങ്ങാതിയായ ഡിപോളിനെ മെസിയുടെ ബോര്‍ഡി ഗാര്‍ഡ് എന്നാണ് പൊതുവെ വിശേഷിപ്പിക്കാറ്.
കളിക്കളത്തില്‍ എതിര്‍ ടീമുകള്‍ മെസിയെ അറ്റാക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഡിപോള്‍ അവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന വീഡിയോസും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. അര്‍ജന്റീനയുടെ മിഡ്ഫീല്‍ഡറായ ഡി പോള്‍ ഗ്രൗണ്ടിന് പുറത്തും സഹതാരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കാറുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
പതിവ് പോലെ വേള്‍ഡ് കപ്പിലും മെസിയും ഡി പോളും തമ്മിലുള്ള ബന്ധം വളരെ വലുതായിരുന്നു. ലോകകപ്പില്‍ മെസിക്കൊപ്പമുണ്ടായ മറക്കാനാവാത്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ താരം. ഹോളണ്ടിനെതിരെയുള്ള മത്സരത്തിന്റെ രണ്ടുദിവസം മുമ്പ് തനിക്ക് പരിക്കേറ്റിരുന്നെന്നും അന്ന് മെസി തനിക്കൊരുറപ്പ് നല്‍കിയിരുന്നെന്നും ഡി പോള്‍ പറഞ്ഞു.
‘ഹോളണ്ടിനെതിരെയുള്ള മത്സരത്തിന്റെ രണ്ട് ദിവസം മുമ്പ് എനിക്ക് പരിക്കേറ്റിരുന്നു. അതറിഞ്ഞ മെസി എന്നോട് പറഞ്ഞത് ഒരു കാരണവശാലും റിസ്‌ക് എടുക്കരുത് എന്നായിരുന്നു. മണ്ടത്തരം ചെയ്യുരതെന്നും സെമിഫൈനലിലേക്ക് നിന്നെ കൊണ്ടുപോകുമെന്ന് മെസി ഉറപ്പ് നല്‍കി.ഒരു ക്യാപ്റ്റന്‍ എന്ന നിലയിലല്ല മറിച്ച് ഒരു മുതിര്‍ന്ന സഹോദരന്‍ എന്ന നിലയിലാണ് അദ്ദേഹം എന്നോട് സംസാരിച്ചത്,’ ഡി പോള്‍ പറഞ്ഞു.
വളരെയധികം സംഭവവികാസങ്ങള്‍ നിറഞ്ഞ മത്സരമായിരുന്നു അര്‍ജന്റീനയും ഹോളണ്ടും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍. പക്ഷേ അതിനെയെല്ലാം അതിജീവിക്കാന്‍ അര്‍ജന്റീനക്ക് സാധിച്ചു. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ അര്‍ജന്റീന സെമിഫൈനല്‍ പ്രവേശനം നടത്തുകയും ചെയ്തു.
Content Highlights: Lionel Messi asked Rodrigo De Paul to not risk it and promised he’d bring Argentina to the semifinals