| Tuesday, 9th May 2023, 12:56 pm

ലോറസ് പുരസ്‌കാര വേദിയില്‍ തിളങ്ങി മെസിയും ലെവയും; മെസിയെ ബാഴ്‌സയിലെത്തിക്കുന്ന ഏജന്റാണ് ലെവയെന്ന് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോറസ് പുരസ്‌കാര വേദിയില്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്ന ലയണല്‍ മെസിയുടെയും റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വലിയ സ്വീകാര്യതയാണ് ആരാധകര്‍ ഈ ചിത്രങ്ങള്‍ക്ക് നല്‍കിയത്.

ദൃശ്യങ്ങള്‍ക്ക് താഴെ കമന്റുകളുകളുമായി നിരവധിയാളുകള്‍ എത്തിയിരുന്നു. മെസിക്ക് അസിസ്റ്റ് ചെയ്യാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ലെവന്‍ഡോസ്‌കിയെന്നും ഇരുവര്‍ക്കും ബാഴ്‌സയില്‍ മികച്ച സഖ്യം തീര്‍ക്കാനാകുമെന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. മെസിയെ ബാഴ്‌സലോണയിലെത്തിക്കാന്‍ ഇപ്പോള്‍ താരത്തിന്റെ ഏജന്റായാണ് ലെവന്‍ഡോസ്‌കി പ്രവര്‍ത്തിക്കുന്നതെന്ന രസകരമായ ട്വീറ്റുകളുമുണ്ട്.

എന്നിരുന്നാലും, മെസി ബാഴ്‌സലോണയിലേക്ക് മടങ്ങുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കുക. ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദ്യ അറേബ്യ സന്ദര്‍ശിച്ചതിന് മെസിയെ രണ്ടാഴ്ചത്തേക്ക് പി.എസ്.ജി വിലക്കിയിരുന്നു. എന്നാല്‍ തന്റെ ഭാഗത്തുണ്ടായ വീഴ്ച്ചയില്‍ ക്ഷമാപണം നടത്തിയതിന് പിന്നാലെ മെസിയുടെ വിലക്ക് പി.എസ്.ജി പിന്‍വലിക്കുകയും ചെയ്തു. തിങ്കളാഴ്ച മെസി പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പി.എസ്.ജി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

അതേസമയം, രണ്ടാം തവണയും ലോറസ് പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുകയാണ് മെസി. ഇതാദ്യമായാണ് ഒരു താരം രണ്ട് തവണ ഈ അവാര്‍ഡ് പേരിലാക്കുന്നത്. 2020ലായിരുന്നു ഇതിന് മുമ്പ് മെസി ലോറസ് പുരസ്‌കാരം നേടിയിരുന്നത്.

ഫ്രഞ്ച് ഫുട്ബോള്‍ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ, ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍, മോട്ടോര്‍ റേസിങ് സൂപ്പര്‍താരം മാക്സ് വെസ്റ്റപ്പാന്‍, എന്‍.ബി.എ ഐക്കണ്‍ സ്റ്റെഫ് കറി, അത്ലെറ്റിക്സ് സ്റ്റാര്‍ മുണ്ടോ ഡൂപ്ലാന്റിസ് എന്നിവരെ പിന്തള്ളിയാണ് മെസിയുടെ നേട്ടം.

ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി കിരീടം ചൂടിയ അര്‍ജന്റീന ഏറ്റവും മികച്ച ഫുട്ബോള്‍ ടീമിനുള്ള പുരസ്‌കാരം നേടി. മികച്ച വനിത താരമായി ജമൈക്കന്‍ സ്പ്രിന്റര്‍ ഷെല്ലി ആന്‍ ഫ്രേസറും തെരഞ്ഞെടുക്കപ്പെട്ടു. തിരിച്ചുവരവ് പുരസ്‌കാരത്തിന് അര്‍ഹനായത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഡെന്മാര്‍ക്ക് മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്സണ്‍ ആണ്.

കളത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിട്ടും കളത്തിലേക്ക് മടങ്ങിയെത്തിയതിനാണ് അവാര്‍ഡ്. ബ്രേക്ക് ത്രൂ അവാര്‍ഡ് സ്പാനിഷ് യുവ ടെന്നിസ് താരം കാര്‍ലോസ് അല്‍കാരസും സ്വന്തമാക്കി.

Content Highlights: Lionel Messi and Robert Lewandowski greet each other at Laureus sports award

We use cookies to give you the best possible experience. Learn more