Sports News
ടെന്നീസിന്റെ ചരിത്രത്തില്‍ തന്നെ അതുല്യന്‍! നിങ്ങളെ കോര്‍ട്ടില്‍ മിസ് ചെയ്യും; ഗോട്ടിനെ മനസിലാക്കി മറ്റൊരു ഗോട്ട്; ഫെഡററിന് മെസിയുടെ എഴുത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
2022 Sep 16, 07:14 am
Friday, 16th September 2022, 12:44 pm

 

ടെന്നീസ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് റോജര്‍ ഫെഡറര്‍. കഴിഞ്ഞ ദിവസം അദ്ദേഹം ടെന്നീസ് കോര്‍ട്ടിനോട് വിട പറയാന്‍ തീരുമാനിച്ചിരുന്നു. ലണ്ടനില്‍ നടക്കുന്ന ലാവര്‍ കപ്പായിരിക്കും അദ്ദേഹത്തിന്റെ അവസാന എ.ടി.പി ടൂര്‍ണമെന്റ്. 15 വര്‍ഷത്തെ കരിയറിനാണ് ഫെഡറര്‍ വിരാമമിടുന്നത്.

ടെന്നീസ് കോര്‍ട്ടിനെയും ആരാധകരെയും ഒരുപോലെ എക്കാലവും ത്രസിപ്പിച്ച താരമാണ് ഫെഡറര്‍. അദ്ദേഹത്തിന് ട്രിബ്യൂട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് ഫുട്‌ബോള്‍ ഇതിഹാസ താരമായ ലയണല്‍ മെസി.

ഒരു ഇതിഹാസം മറ്റൊരു ഇതിഹാസത്തെ മനസിലാക്കുന്ന സാഹചര്യത്തിനാണ് സ്‌പോര്‍ട്ട്‌സ് ഫാന്‍സ് സാക്ഷിയാകുന്നത്.

‘ടെന്നീസ് ലോകത്തെ ഏറ്റവും അതുല്യനായ കളിക്കാരന്‍. ഒരു ജീനിയസ്. ഏതൊരു സ്‌പോര്‍ട്ട്‌സ് താരത്തിനും മാതൃകയാക്കാവുന്ന വ്യക്തിത്വം. നിങ്ങളുടെ റിട്ടയര്‍മെന്റ് ജീവിതത്തിന് എല്ലാ വിധ ആശംസകളും. കോര്‍ട്ടില്‍ നിങ്ങളെ കാണുന്നത് തീര്‍ച്ചയായും മിസ് ചെയ്യും,’ മെസ്സി ഇന്‍സ്റ്റയില്‍ കുറിച്ചു.

മെസി പറഞ്ഞത് അക്ഷാര്‍ത്ഥത്തില്‍ സത്യമാണ്. തന്റെ 15 വര്‍ഷത്തെ കരിയറില്‍ ഒരുപാട് താരങ്ങളെ അദ്ദേഹം ഇന്‍സ്‌പെയര്‍ ചെയ്തിട്ടുണ്ട്. ടെന്നീസില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ റൈവലായ റാഫേല്‍ നദാലിന് പോലും ഏറ്റവും ഇന്‍സ്പിറേഷനായിട്ടുള്ള താരം ഫെഡറര്‍ തന്നെയാണ്.

View this post on Instagram

A post shared by Leo Messi (@leomessi)

41 വയസുകാരനായ ഫെഡറര്‍ 20 ഗ്രാന്‍ഡ്സ്ലാം കിരീടമാണ് നേടിയെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണ്‍ തോല്‍വിക്ക് ശേഷം അദ്ദേഹം ടെന്നീസില്‍ നിന്നും വിട്ടുനിന്നിരുന്നു. കാല്‍മുട്ടിനേറ്റ പരിക്കാണ് അദ്ദേഹത്തിനെ കോര്‍ട്ടില്‍ നിന്നും അകറ്റി നിര്‍ത്തിയത്.

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അദ്ദേഹം കോര്‍ട്ടിലേക്ക് തന്നെ മടങ്ങിയെത്തുമെന്ന് കരുതിയ ഒരുപാട് ആരാധകരുടെ ഹൃദയം തകര്‍ക്കുന്ന പോസ്റ്റായിരുന്നു അത്.

ഫെഡററില്ലാതെ ടെന്നീസ് കോര്‍ട്ട് ഈ യുഗത്തില്‍പെട്ട ടെന്നീസ് ഫാന്‍സിന് സങ്കല്‍പ്പിക്കാന്‍ ബുദ്ധിമുട്ടായിരിക്കും.

‘നിങ്ങളില്‍ പലര്‍ക്കും അറിയാവുന്നതുപോലെ, കഴിഞ്ഞ മൂന്ന് വര്‍ഷം എനിക്ക് പരിക്കുകളുടെയും സര്‍ജറികളുടേയും രൂപത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. പൂര്‍ണ്ണമായ ഫോമിലേക്ക് മടങ്ങാന്‍ ഞാന്‍ കഠിനമായി പരിശ്രമിച്ചു. എന്നാല്‍ എന്റെ ശരീരത്തിന്റെ കഴിവുകളും പരിമിതികളും എനിക്കറിയാം, ഈയിടെയായി അത് എനിക്ക് നല്‍കിയ സന്ദേശം വ്യക്തമാണ്.

എനിക്ക് 41 വയസ്സായി. 24 വര്‍ഷത്തിനിടെ ഞാന്‍ 1500-ലധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. സ്വപ്നം കണ്ടതിലും കൂടുതല്‍ നേടങ്ങള്‍ ഉദാരമായി ടെന്നീസ് എനിക്ക് നല്‍കി. എന്റെ മത്സര ജീവിതം അവസാനിപ്പിക്കേണ്ട സമയം എപ്പോഴാണെന്ന് ഞാന്‍ തിരിച്ചറിവ് എനിക്കപ്പോഴുണ്ട്,’

ഫെഡറര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണിത്. ഇതിന്റെ കൂടെ ആരാധകര്‍ക്കും എതിരാളികള്‍ക്കും കുടുംബത്തിനും അദ്ദേഹം നന്ദി അറിയിക്കുന്നുണ്ട്.

ഫെഡററിന്റെ ഏറ്റവും വലിയ എതിരാളിയായ റാഫേല്‍ നദാല്‍ ഫെഡററിന്റെ വിടവാങ്ങലില്‍ പങ്കുചേര്‍ന്നിരുന്നു. വികാരപരമായ യാത്രകുറിപ്പായിരുന്നു അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

‘പ്രിയ സുഹൃത്തും എതിരാളിയും ആയ ഫെഡറര്‍, ഇങ്ങനെ ഒരു ദിനം ഒരിക്കലും വരാതിരുന്നു എങ്കില്‍ എന്നു താന്‍ കരുതിയിരുന്നു . എനിക്ക് വ്യക്തിപരമായും കായിക രംഗത്തിനും ഇത് വളരെ സങ്കടകരമായ ദിനമാണ്. നിങ്ങളുമായി കോര്‍ട്ടിനും പുറത്തും സൃഷ്ടിച്ച ഓര്‍മകള്‍ എന്നും ബഹുമാനത്തോടെയും പ്രിവിലേജോടെയും ഞാന്‍ ഓര്‍ക്കും,’ എന്നാണ് അദ്ദേഹം കുറിച്ചത്.

ടെന്നീസ് ലോകത്തിന് പുറമെ ലോക കായിക രംഗത്തെ വരെ റോജര്‍ സ്വാധീനിച്ചിട്ടുണ്ട്. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ലയണല്‍ മെസിയുമൊക്കെ അദ്ദേഹത്തിന്റെ ആരാധകരാണെന്നുള്ളത് തന്നെ അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്.

Content Highlight: Lionel Messi and Rafael Nadal Tribute post to Roger Federer