നിങ്ങള്‍ കൈവിട്ടാല്‍ തീര്‍ന്നു, പിന്തുണ ഇനിയും വേണം; പി.എസ്.ജി ഫാന്‍സിനോട് മാപ്പ് പറഞ്ഞ് മെസിയും നെയ്മറും
Sports News
നിങ്ങള്‍ കൈവിട്ടാല്‍ തീര്‍ന്നു, പിന്തുണ ഇനിയും വേണം; പി.എസ്.ജി ഫാന്‍സിനോട് മാപ്പ് പറഞ്ഞ് മെസിയും നെയ്മറും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th February 2023, 6:30 pm

ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് പി.എസ്.ജിയെ ബയേണ്‍ മ്യൂണിക്ക് കീഴ്പ്പെടുത്തിയത്. സൂപ്പര്‍താരം കിങ്സ്‌ലി കോമന്റെ ഒറ്റ ഗോളില്‍ ബയേണ്‍ വിജയമുറപ്പിക്കുകയായിരുന്നു.

സ്വന്തം കാണികളുടെ മുന്നിലുള്ള പി.എസ്.ജിയുടെ തോല്‍വി ടീമിന്റെ ചമ്പ്യന്‍സ് ലീഗ് കിരീട മോഹങ്ങള്‍ക്ക് മേല്‍ തിരിച്ചടിയായിരിക്കുകയാണ്. ഫ്രഞ്ച് കപ്പില്‍ തോല്‍വിയെ തുടര്‍ന്ന് പി.എസ്.ജിക്ക് ടൂര്‍ണമെന്റ് നഷ്ടമായിരുന്നു.

എന്നാല്‍ പി.എസ്.ജി വലിയ പ്രതീക്ഷ വെച്ച ചാമ്പ്യന്‍സ് ലീഗിലെ തോല്‍വിയില്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും നെയ്മറും തങ്ങളുടെ ആരാധകരോട് ഖേദം പ്രകടപ്പിച്ചു എന്നാണ് ഡയലി മെയില്‍, സ്‌പോര്‍ട്‌സ് കീഡ, മിറര്‍ തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

മത്സര ശേഷം നെയ്മറും മെസിയും ഗ്യാലറിയുടെ അടുത്തേക്ക് പോയിട്ടാണ് മാപ്പ് പറഞ്ഞത്. ഇവര്‍ക്കൊപ്പം മാര്‍ക്കോ വെറാട്ടി, സെര്‍ജിയോ റാമോസ്, വിറ്റിന്‍ഹ എന്നീ സഹതാരങ്ങളും മറ്റ് സപ്പോര്‍ട്ടിങ് സ്റ്റാഫ്‌സും കാണികള്‍ക്കടുത്തെത്തിയിരുന്നു. ഇതിനിടയിലാണ് മെസിയും നെയ്മറും ഖേദം പ്രകടിപ്പിച്ചതെന്ന് വിവിധ പോര്‍ട്ടലുകളില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ ബയേണ്‍ മ്യൂണിക്കുമായുള്ള ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം പാദത്തിലുള്ള മത്സരത്തില്‍ ആരാധകരോട് പിന്തുണ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാര്‍ച്ച് എട്ടിന് എവേ മത്സരത്തിലാണ് പി.എസ്.ജി ബയേണിനെ നേരിടുക. മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ടീം ലക്ഷ്യംവെക്കുന്നില്ല.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന്റെ 53ാം മിനിട്ടിലാണ് ബയേണിനായുള്ള കോമന്റെ ഗോള്‍ പിറന്നത്. അല്‍ഫോണ്‍സോ ഡേവിസിന്റെ ക്രോസ് കോമന്‍ ഫസ്റ്റ് ടൈം ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഈ ഗോളിന് മറുപടി നല്‍കാന്‍ പി.എസ്.ജിക്ക് കഴിഞ്ഞില്ല. 82ാം മിനിട്ടില്‍ എംബാപ്പേ ഒരു ഗോള്‍ നേടിയെങ്കിലും ഓഫ് സൈഡ് ആവുകയായിരുന്നു.