പി.എസ്.ജിയില്‍ ലയണല്‍ മെസിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കുക. പി.എസ്.ജി പലതവണ മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പാഴായി പോവുകയായിരുന്നു. ക്ലബ്ബ് ഫുട്‌ബോളിലെ ഭാവി പദ്ധതികളെക്കുറിച്ച് മെസി ഇതുവരെ തന്റെ തീരുമാനം വ്യക്തമാക്കിയിട്ടില്ല.
സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ മോഹവില കൊടുത്ത് താരത്തെ ക്ലബ്ബിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും മെസി ഓഫര്‍ നിരസിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മെസി പി.എസ്.ജിയില്‍ തുടരില്ലെന്ന കാരത്തില്‍ തര്‍ക്കമില്ലെന്നും താരം തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്നുമാണ് വൃത്തങ്ങളെ ഉദ്ധരിച്ച് എല്‍ ഫുട്‌ബോളെറോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഈ സീസണിന്റെ അവസാനത്തോടെ കിലിയന്‍ എംബാപ്പെയും പി.എസ്.ജി വിടുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ സീസണില്‍ താരം റയല്‍ മാഡ്രിഡില്‍ ചേക്കേറാന്‍ ശ്രമിച്ചിരുന്നെങ്കിലും പി.എസ്.ജി താരത്തെ കൂടുതല്‍ ഓഫറുകള്‍ നല്‍കി നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ഇത്തവണ താരം ലോസ് ബ്ലാങ്കോസിനൊപ്പം ചേരുമെന്നാണ് സൂചന.
അങ്ങനെ സംഭവിച്ചാല്‍ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മെസിയും എംബാപ്പെയുമാകും കൊമ്പുകോര്‍ക്കുക. അടുത്ത സീസണില്‍ ഇരുവരും എല്‍ ക്ലാസിക്കോയുടെ ആകര്‍ഷണങ്ങളാകുന്ന കാഴ്ചക്കായിരിക്കും ആരാധകര്‍ സാക്ഷ്യം വഹിക്കുന്നത്.
Content Highlights: Lionel Messi and Kylian Mbappe will be the rivals in El Classico in the future