| Sunday, 1st January 2023, 1:27 pm

മെസി-റൊണാള്‍ഡോ പോരാട്ടം ജനുവരി അവസാനം സൗദിയില്‍!

സ്പോര്‍ട്സ് ഡെസ്‌ക്

ലയണല്‍ മെസിയും ക്രിസ്റ്റയാനോ റൊണാള്‍ഡോയും തമ്മില്‍ ജനുവരിയില്‍ സൗഹൃദ മല്‍സരം കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരി 19ന് സൗഹൃദ മത്സരത്തിനായി പി.എസ്.ജി സൗദിയിലെത്തുന്നുണ്ട്. സൗദിയില്‍ നിന്നുള്ള അല്‍ നസര്‍, അല്‍ ഹിലാല്‍ ക്ലബുകളിലെ താരങ്ങള്‍ ഒന്നിച്ച് അണിനിരക്കുന്ന മിക്സഡ് ഇലവനുമായാണ് പി.എസ്.ജി സൗഹൃദ മല്‍സരം കളിക്കുക.

റൊണാള്‍ഡോ അല്‍ നസറുമായി കരാര്‍ ഒപ്പിട്ടതോടെ മത്സരത്തില്‍ കളിക്കാനുള്ള സാധ്യതയും ഏറിയിട്ടുണ്ട്. ജനുവരി ഒന്നിനാണ് മെസി പി.എസ്.ജിയിലേക്ക് തിരിച്ചെത്തുക.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ റൊണാള്‍ഡോ കഴിഞ്ഞ ദിവസമാണ് അല്‍ നസറുമായി സൈനിങ് നടത്തിയത്. ഇതോടെ താരം ഏത് ക്ലബ്ബില്‍ തുടരുമെന്ന ആരാധകരുടെ കാത്തിരിപ്പിന് വിരാമമിടുകയായിരുന്നു. രണ്ട് വര്‍ഷത്തേക്കാണ് റൊണാള്‍ഡോ ക്ലബ്ബുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഇതാദ്യമായാണ് യൂറോപ്പിന് പുറത്തേക്ക് റോണോ കാല്‍വെപ്പ് നടത്തുന്നത്.

താരം അല്‍ നസറിലെത്തിയതോടെ ക്ലബിന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളുടെ റീച്ചും വര്‍ധിച്ചിട്ടുണ്ട്. റൊണാള്‍ഡോ ടീമിലെത്തുന്നതിന് മുമ്പ് എട്ട് ലക്ഷം പേര്‍ മാത്രമായിരുന്നു ക്ലബ്ബിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്നിരുന്നത്.

എന്നാല്‍ റൊണാള്‍ഡോ ടീമില്‍ സൈന്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ 3.1 മില്യണ്‍ ആളുകളാണ് അല്‍ നസറിനെ പിന്തുടരുന്നത്. ഫോളോവേഴ്സിന്റെ എണ്ണത്തില്‍ ഭീമമായ വര്‍ധനവ് ഇപ്പോഴും തുടരുകയാണ്.

നേരത്തെ ടീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പല പോസ്റ്റുകള്‍ക്കും ഒരു ലക്ഷത്തില്‍ താഴെ മാത്രമാണ് ലൈക്കുകള്‍ ഉള്ളത്. മൂന്നേ കാല്‍ ലക്ഷം പേര്‍ ലൈക്ക് ചെയ്ത ഒരു പോസ്റ്റിനായിരുന്നു ഏറ്റവുമധികം ഇന്ററാക്ഷന്‍സ് ഉണ്ടായിട്ടുള്ളത്.

എന്നാല്‍ റൊണാള്‍ഡോയെ ടീമിലെത്തിച്ചതായി ആരാധകരെ അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് ഇതിനോടകം തന്നെ 22 മില്യണിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. പത്ത് ലക്ഷത്തോളം കമന്റുകളും ഈ പോസ്റ്റിനുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ മാത്രമല്ല, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളിലും റൊണാള്‍ഡോയുടെ വരവോടെ അല്‍ നസറിനെ പിന്തുടരുന്നവരുടെ എണ്ണം പല ഇരട്ടിയായാണ് വര്‍ധിച്ചിരിക്കുന്നത്.

അതേസമയം അല്‍ നസറില്‍ സൈന്‍ ചെയ്തതോടെ റൊണാള്‍ഡോയുടെ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് തിരശീല വീണിരിക്കുകയാണ്. സ്‌പോര്‍ട്ടിങ് ലിസ്ബണ്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടിയ താരം അസാധ്യ പ്രകടനമാണ് കരിയറില്‍ കാഴ്ചവെച്ചത്.

അഞ്ച് തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് നേടിയ റൊണാള്‍ഡോ 140 ഗോളുകള്‍ അക്കൗണ്ടിലാക്കി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ഖ്യാതിയും നേടി. ക്ലബ്ബ് ഫുട്‌ബോളിലും അന്താരാഷ്ട്ര ഫുട്‌ബോളിലുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന പേരും റൊണാള്‍ഡോക്ക് സ്വന്തം.

പ്രതിവര്‍ഷം 200 മില്യണ്‍ യൂറോ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് താരത്തിന് അല്‍ നസര്‍ നല്‍കിയിരിക്കുന്നത്. കളിക്കാരനെന്ന നിലയില്‍ കരാര്‍ അവസാനിച്ചാല്‍ ടീമിന്റെ പരിശീലകനാവാനും റൊണാള്‍ഡോക്ക് കഴിയും.

Content Highlights: Lionel Messi and Cristiano Ronaldo will compete at Saudi Arabia

We use cookies to give you the best possible experience. Learn more