സമൂ​ഹമാധ്യമങ്ങളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ട് മെസിയും റൊണാൾഡോയും; ആഘോഷമാക്കി ആരാധകർ
Football
സമൂ​ഹമാധ്യമങ്ങളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ട് മെസിയും റൊണാൾഡോയും; ആഘോഷമാക്കി ആരാധകർ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 19th November 2022, 11:59 pm

ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളായ ലയണൽ മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരുമിച്ച് കാണുകയെന്നത് ആരാധകർ ഏറെ ആ​ഗ്രഹിക്കുന്ന കാര്യമാണ്.

ഇരുവരും ഇതുവരെ ഒരു ക്ലബ്ബിലും ഒരുമിച്ച് കളിച്ച് കാണാത്തതിന്റെ പരിഭവവും ആരാധകരിൽ പലരും പങ്കുവെക്കാറുണ്ട്.

എന്നാൽ ലോകം ഫുട്ബോൾ മാമാങ്കത്തിനായി അക്ഷമരായി കാത്തിരിക്കുമ്പോഴാണ് ഇരുവരും ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരുമിച്ച് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

ഒരു ചെസ് ബോർഡിന്റെ ഇരു വശങ്ങളിലും ഇരുന്നുകൊണ്ടുള്ള ഫോട്ടോയാണ് മെസിയും റോണോയും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചത്.

‘വിക്ടറി ഈസ് എ സ്റ്റേറ്റ് ഓഫ് മൈന്‍ഡ’ (Victory is a state of mind) എന്ന ക്യാപ്ഷനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ലൂയി വട്ടോൺ എന്ന ലക്ഷ്വറി ബ്രാൻഡ് ടാ​ഗ് ചെയ്ത്, അതിന്റെ പാരമ്പര്യത്തെ കുറിച്ചും പോസ്റ്റിൽ മെൻഷൻ ചെയ്തിട്ടുണ്ട്.

ഒപ്പം ചിത്രം പകർത്തിയ ആനി ലിബോവിറ്റ്സിൻ എന്ന ഫോട്ടോ​ഗ്രാഫറെയും ടാ​ഗ് ചെയ്താണ് ഇരുവരും ചിത്രങ്ങൾ പങ്കുവെച്ചത്.

നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത്. ലോകകപ്പ് ആരവങ്ങൾക്കിടയിൽ ഇതിഹാസ താരങ്ങളുടെ ഫോട്ടോസും ആഘോഷമാക്കിയെടുത്തിരിക്കുകയാണ് ആരാധകർ.

കഴിഞ്ഞ ദിവസം ലയണൽ മെസിയെ കുറിച്ച് റൊണാൾഡോ മനസ് തുറന്ന് സംസാരിച്ചിരുന്നു. മെസിയുമായി അടുത്ത സൗഹൃമില്ലെങ്കിലും അദ്ദേഹുമായി അടുത്ത ബന്ധമുണ്ടെന്നാണ് റൊണാൾഡോ പറഞ്ഞത്. പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിലാണ് മെസിയുമായുള്ള ബന്ധത്തെക്കുറിച്ച് റൊണാൾഡോ വിശദീകരിച്ചത്.

മെസി അസാമാന്യ മികവുള്ള കളിക്കാരനാണെന്നും തങ്ങൾക്കിടയിൽ നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മെസിയൊരു മാജിക്കാണെന്നും 16 വർഷമായി ഞങ്ങൾ ഒരുമിച്ച് കളിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫു്ടബോളിന് വേണ്ടി എല്ലാം നൽകിയ നല്ല മനുഷ്യനാണ് മെസിയെന്നാണ് റൊണാൾഡോ പറഞ്ഞത്.

ഒന്നര പതിറ്റാണ്ടുകാലം ലോക ഫുട്ബോൾ അടക്കിവാഴുന്ന മെസിയും റൊണാൾഡോയും ഏറ്റവും കൂടുതൽ ബാലൺ ഡി ഓർ നേടിയ താരങ്ങളാണ്. മെസി ഏഴ് തവണ ബാലൺ ഡി ഓർ നേടിയപ്പോൾ റൊണാൾഡോ അഞ്ച് തവണ ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights: Lionel Messi and Cristiano Ronaldo appeares together in Social Media