| Tuesday, 13th June 2023, 1:02 pm

ചൈനയിലെത്തിയ മെസിക്കും സംഘത്തിനും പണിയോട് പണി; തുടര്‍ മത്സരങ്ങളില്‍ അര്‍ജന്റീനക്കായി കളിക്കില്ലെന്ന് മെസി

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോള്‍ സീസണിന് വിരാമമിട്ടതോടെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ പുനരാരംഭിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ബീജിങ്ങില്‍ ടീം അര്‍ജന്റീനക്ക് പ്രീ-മാച്ച് പരിശീലനം ഷെഡ്യൂള്‍ ചെയ്തിരുന്നു. ടീമിനൊപ്പം ചൈനയിലെത്തിയ മെസിയെ പാസ്‌പോര്‍ട്ടിലുണ്ടായ ആശയക്കുഴപ്പം കാരണം വിമാനത്താവളത്തില്‍ അര മണിക്കൂര്‍ തടഞ്ഞുവെച്ചിരുന്നു. അര്‍ജന്റൈന്‍ പാസ്‌പോര്‍ട്ടിന് പകരം സ്പാനിഷ് പാസ്‌പോര്‍ട്ട് രേഖയായി കാണിച്ചതാണ് കുഴപ്പമായത്.

തുടര്‍ന്നും അര്‍ജന്റൈന്‍ ടീമിന് നല്ല അനുഭവമായിരുന്നില്ല ചൈനയിലുണ്ടായതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. പരീശീലനത്തിന് ഇറങ്ങാന്‍ കഴിയാതെ മെസിയും സംഘവും ഹോട്ടലില്‍ കുടുങ്ങിയത് വലിയ വാര്‍ത്തയായിരിക്കുകയാണ്. നാഷണല്‍ ഒളിമ്പിക്‌സ് സ്‌പോര്‍ട്‌സ് സെന്ററില്‍ നിശ്ചയിച്ചിരുന്ന പരിശീലനത്തിനെത്തേണ്ട മെസിക്കും സംഘത്തിനും ഹോട്ടല്‍ വിട്ട് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല.

മെസിയെ കാണാന്‍ ഹോട്ടലിന് മുന്നില്‍ ആരാധകര്‍ തടിച്ചുകൂടിയതാണ് പരിശീലനം തടസപ്പെടുത്തിയത്. ബീജിങ്ങിലെ ഫോര്‍ സീസണ്‍സ് ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടലിന് മുന്നില്‍ നിന്നാരംഭിക്കുന്ന ആരാധകക്കൂട്ടം സ്‌റ്റേഡിയത്തിലേക്ക് വരെ നീണ്ടുനില്‍ക്കുന്നതായിരുന്നെന്നാണ് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചത്.

ആരാധകര്‍ക്കിടയിലൂടെ പോകാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെ ടീം അര്‍ജന്റീന താമസ സ്ഥലത്ത് അകപ്പെടുകയായിരുന്നു. സുരക്ഷ ഉദ്യാഗോസ്ഥര്‍ ഏറെ പാടുപെട്ട് ദീര്‍ഘ നേരമെടുത്താണ് ആരാധകരെ പിരിച്ചുവിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകചാമ്പ്യന്‍മാരായ മെസിക്കും സംഘത്തിനും വലിയ രീതിയിലുള്ള സ്വീകരണമാണ് ഓരോ രാജ്യത്ത് നിന്നും ലഭിക്കുന്നത്.

അതേസമയം, ബീജിങ്ങില്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ മാത്രമെ മെസി പങ്കെടുക്കുകയുള്ളൂവെന്നും ഇന്‍ഡോനേഷ്യക്കെതിരായ സ്‌ക്വാഡില്‍ താരം ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlights: Lionel Messi and Argentine team got trapped in China

We use cookies to give you the best possible experience. Learn more