| Friday, 3rd February 2023, 1:28 pm

ഞാന്‍ ബാഴ്‌സയിലേക്ക് തിരിച്ചുപോകും, കാരണം അതെന്റെ വീടാണ്; വമ്പന്‍ പ്രഖ്യാപനവുമായി ലയണല്‍ മെസി

സ്പോര്‍ട്സ് ഡെസ്‌ക്

മെസിയെന്ന കൊച്ചുപയ്യനെ ഇന്നുകാണുന്ന ലോകചാമ്പ്യനാക്കി മാറ്റിയതില്‍ എഫ്.സി ബാഴ്‌സലോണ എന്ന ക്ലബ്ബ് വഹിച്ച പങ്ക് ചെറുതല്ല. 2004 മുതല്‍ പന്തുതട്ടിയ ബാഴ്‌സയില്‍ നിന്നും 2021ല്‍ നിറകണ്ണുകളോടെയാണ് താരം പാരീസ് സെന്റ് ഷെര്‍മാങ്ങിലേക്ക് തന്നെ സ്വയം പറിച്ചുനട്ടത്.

മെസി പി.എസ്.ജിയിലേക്കെത്തിയ നിമിഷം മുതല്‍ താരത്തിന്റെ തിരിച്ചുവരവിനായിട്ടാണ് ഓരോ ബാഴ്‌സലോണ ആരാധകനും കാത്തിരിക്കുന്നത്. തനിക്ക് തന്റെ വേരുകളിലേക്ക് തന്നെ മടങ്ങി പോകാന്‍ ആഗ്രഹമുണ്ടെന്നും മെസി പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ കരിയര്‍ അവസാനിച്ചതിന് ശേഷം ബാഴ്‌സലോണയിലേക്ക് തന്നെ തിരിച്ചുമടങ്ങണമെന്ന് പറയുകയാണ് മെസി. ആല്‍ബിസെലസ്റ്റ് ടോക്കിലായിരുന്നു മെസി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘എന്റെ കരിയര്‍ പൂര്‍ത്തിയാക്കുമ്പോള്‍ ബാഴ്‌സലോണയിലേക്ക് മടങ്ങും, കാരണം അത് എന്റെ വീട് തന്നെയാണ്,’ എന്നായിരുന്നു കറ്റാലന്‍മാരുടെ പാളയത്തിലേക്ക് മടങ്ങിയെത്തുന്നതിനെ കുറിച്ച് മെസി പറഞ്ഞത്.

2004 മുതല്‍ 2021 വരെയുള്ള 17 വര്‍ഷക്കാലം മെസി ബാഴ്‌സലോണക്കൊപ്പമായിരുന്നു. ക്ലബ്ബിനായി ഗോളടിച്ചും കിരീടങ്ങള്‍ നേടിക്കൊടുത്തും യൂറോപ്പിന്റെ രാജകുമാരനായിട്ടായിരുന്നു ബാഴ്‌സയില്‍ മെസിയുടെ വളര്‍ച്ച.

ലോകകപ്പിലെ അര്‍ജന്റീനയുടെ വിജയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴായിരുന്നു ബാഴ്‌സയിലേക്ക് മടങ്ങാനുള്ള തന്റെ ആഗ്രഹം മെസി വ്യക്തമാക്കിയത്. ഫ്രാന്‍സിനെതിരായ കലാശപ്പോരാട്ടത്തില്‍ എന്തെങ്കിലും ഓര്‍മകള്‍ ബാക്കിയാക്കിയിരുന്നോ എന്ന ചോദ്യത്തിന് സ്‌പെയ്‌നിലെ ഓര്‍മകളായിരുന്നു ബാക്കിയാക്കിയതെന്നായിരുന്നു താരത്തിന്റെ മറുപടി.

‘എനിക്ക് എല്ലാമുണ്ടായിരുന്നു. ബൂട്ടുകള്‍, ജേഴ്‌സികള്‍, കേപ്പ് ഇവയെല്ലാം തന്നെ മാരിറ്റോയും ജുവാന്‍ ക്രൂസും എനിക്കായി സൂക്ഷിച്ചിട്ടുണ്ട്. അതെല്ലാം ഈ മാര്‍ച്ചില്‍ തിരിച്ചെടുക്കാന്‍ പോവുകയാണ്.

അത് ബാഴ്‌സലോണയിലാണ്. അവിടെ എന്റെ ഓര്‍മകളും വസ്തുക്കളും എല്ലാമുണ്ട്. ഫൈനലിന് മുമ്പ് ഞാന്‍ ബൂട്ട് മാറ്റിയാലോ എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. ആ ബൂട്ടും അവിടെ തന്നെയാണുള്ളത്,’ മെസി പറഞ്ഞു.

നിലവില്‍ പി.എസ്.ജിക്ക് വേണ്ടി ലീഗ് വണ്ണിലും ചാമ്പ്യന്‍സ് ലീഗിലും മിന്നുന്ന പ്രകടനമാണ് മെസി നടത്തുന്നത്. ലീഗ് വണ്ണില്‍ മോണ്ട്‌പെല്ലയറിനെതിരെയായിരുന്നു പി.എസ്.ജി അവസാനമായി കളത്തിലിറങ്ങിയത്.

ഒന്നിനെതിരെ മൂന്ന് ഗോളിന് പി.എസ്.ജി വിജയിച്ച മത്സരത്തില്‍ മെസി ഗോള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഈ ഗോളോടെ ക്ലബ്ബ് ഫുട്‌ബോളില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരം എന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ റെക്കോഡും മെസി തകര്‍ത്തിരുന്നു.

ലീഗ് വണ്ണില്‍ ടൗലോസിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. നിലവില്‍ 21 മത്സരത്തില്‍ നിന്നും 16 വിജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയുമായി 51 പോയിന്റോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് പി.എസ്.ജി. 29 പോയിന്റുമായി 12ാം സ്ഥാനത്താണ് ടൗലോസ്.

Content Highlight: Lionel Messi about retuning to Barcelona

We use cookies to give you the best possible experience. Learn more