വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. ഫുട്‌ബോള്‍ താന്‍ നന്നായി ആസ്വദിക്കുന്നുണ്ടെന്നും ഈ കരിയര്‍ ജീവിതത്തില്‍ ഇനിയൊരിക്കലും തിരിച്ച് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മെസിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ഓള്‍ എബൗട്ട് അര്‍ജന്റീനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. എനിക്ക് കളിക്കാനിഷ്ടമാണ്. പിച്ചില്‍ പന്ത് തട്ടിക്കളിക്കിമ്പോഴും മത്സരിക്കുമ്പോഴും പരിശീലനം നടത്തുമ്പോഴുമൊക്കെ ഞാനൊരുപാട് ആസ്വദിക്കുന്നുണ്ട്. ചെയ്യുന്ന കാര്യങ്ങള്‍ ആസ്വദിക്കുക എന്നതാണ് പ്രധാനം. ഈ ഫുട്‌ബോള്‍ കരിയര്‍ ജീവിതത്തില്‍ ഒരിക്കലും ഇനി തിരിച്ചുവരില്ല. എനിക്കൊന്നിനെ കുറിച്ചോര്‍ത്തും ഖേദിക്കുന്നതില്‍ താല്‍പര്യമില്ല,’ മെസി പറഞ്ഞു.
സംഘര്‍ഷഭരിതമായ സീസണിനൊടുവിലാണ് ലയണല്‍ മെസി ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസി.ജി വിടുന്നത്. ഡ്രസിങ് റൂമിലും പി.എസ്.ജി അള്‍ട്രാസില്‍ നിന്നും മെസി സമ്മര്‍ദം നേരിട്ടിരുന്നു.
ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷം തകര്‍പ്പന്‍ പ്രകടനമാണ് മെസി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ലീഗ്‌സ് കപ്പ് ഫൈനലില്‍ നാഷ്വില്ലിനെ തകര്‍ത്ത് ഇന്റര്‍ മയാമി കിരീടമുയര്‍ത്തിയിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനിലയില്‍ തുടര്‍ന്നതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് മെസിപ്പട കപ്പുയര്‍ത്തിയത്. യു.എസ് ഓപ്പണ്‍ കപ്പ് സെമി ഫൈനലില്‍ ബുധനാഴ്ച നടന്ന മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്റര്‍ മയാമിയെ ജയത്തിലേക്ക് നയിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.
എട്ട് മത്സരങ്ങളില്‍ നിന്ന് 10 ഗോളും മൂന്ന് അസിസ്റ്റുമാണ് മെസിയുടെ സമ്പാദ്യം. ലീഗ്സ് കപ്പില്‍ മയാമിക്കായി കപ്പുയര്‍ത്തിയതോടെ മറ്റൊരു റെക്കോഡ് കൂടി മെസിയെ തേടിയെത്തിയിരുന്നു. ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോഡാണ് മെസി സ്വന്തമാക്കിയത്. ഇതോടെ 44 ടൈറ്റിലുകളാണ് മെസിയുടെ പേരിലുള്ളത്.
Content Highlights: Lionel Messi about retirement from football