അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. എപ്പോള്‍ വിരമിക്കുമെന്ന് പറയാനാകില്ലെന്നും എന്നാല്‍ അടുത്തുതന്നെ അത് സംഭവിക്കുമെന്നും മെസി പറഞ്ഞു. ദേശീയ മാധ്യമമായ ടി.വി. പബ്ലികക്ക് നല്‍കിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘സത്യസന്ധമായി പറഞ്ഞാല്‍ എപ്പോള്‍ വിരമിക്കല്‍ ഉണ്ടാകുമെന്ന് എനിക്കറിയില്ല. യഥാര്‍ത്ഥ സമയത്ത് അത് സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നു. ഇപ്പോള്‍ ഞാന്‍ എല്ലാം കൂടുതല്‍ ആസ്വദിക്കുന്നുണ്ട്. കാരണം ഇതെന്റെ കരിയറിലെ അവസാന നാളുകളാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.
ആ നിമിഷം എപ്പോഴാണെന്ന് ദൈവം എന്നോട് പറയും. എന്റെ പ്രായം പരിഗണിക്കുമ്പോള്‍ അധികം വൈകാതെ ഞാന്‍ വിരമിക്കും. എന്നാല്‍ യഥാര്‍ത്ഥ സമയം എപ്പോഴാണെന്ന് എനിക്കറിയില്ല,’ മെസി പറഞ്ഞു.
ഇനിയൊരു വേള്‍ഡ് കപ്പ് താന്‍ കളിക്കില്ലെന്ന് മെസി ആവര്‍ത്തിച്ച് പറയാറുണ്ടെങ്കിലും അടുത്ത ലോക കപ്പിന് മെസിയുണ്ടാകുമെന്ന വിശ്വാസത്തിലാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണിയും സഹതാരങ്ങളും. 2026 ലോകകപ്പില്‍ മെസിയുണ്ടാകുമെന്നാണ് ലോകമെമ്പാടുമുള്ള ആരാധകരും പ്രതീക്ഷിക്കുന്നത്.
ഈ സീസണിന്റെ അവസാനത്തോടെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞ മെസി അമേരിക്കന്‍ ക്ലബ്ബിലേക്ക് ചേക്കേറാന്‍ തീരുമാനിക്കുകയായിരുന്നു. യൂറോപ്യന്‍ ലീഗില്‍ നിന്ന് ഇടവേളയെടുത്ത താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിക്കൊപ്പം എം.എല്‍.എസ് കളിക്കാനാണ് പദ്ധതിയിട്ടത്.
1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യുക. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാനും അവസരമുണ്ട്.
ജൂലൈ 16ന് ഇന്റര്‍ മിയാമി മെസിയെ ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കിയതോടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്റര്‍ മിയാമി മെസിയെ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ പ്രചാരം നേടാനാണ് പദ്ധതിയിടുന്നത്. അതിനാല്‍ വലിയ രീതിയില്‍ ഇതിഹാസത്തെ അവതരിപ്പിക്കാനാണ് ഇന്റര്‍ മിയാമിയുടെ തീരുമാനം.