എന്റെ സന്തോഷം നഷ്ടപ്പെട്ടു, കുടുംബത്തെയും ബാധിച്ചു; പാരീസ് ജീവിതത്തെ കുറിച്ച് മെസി
DSport
എന്റെ സന്തോഷം നഷ്ടപ്പെട്ടു, കുടുംബത്തെയും ബാധിച്ചു; പാരീസ് ജീവിതത്തെ കുറിച്ച് മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th July 2023, 10:38 pm

യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി എം.എല്‍.എസ്. ക്ലബ്ബായ ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ്. 2021ല്‍ ബാഴ്സലോണ വിട്ട് ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയിലേക്ക് ചേക്കേറിയ മെസി രണ്ട് വര്‍ഷത്തെ കരാര്‍ അവസാനിച്ചതിന് ശേഷം ക്ലബ്ബ് വിടുകയായിരുന്നു.

പാരീസിയന്‍ ക്ലബ്ബിലായിരുന്നപ്പോള്‍ താന്‍ സംതൃപ്തനായിരുന്നില്ലെന്നും അത് തന്റെ കുടുംബത്തെയും ബാധിച്ചിട്ടുണ്ടെന്നും പറയുകയാണ് മെസി. മെസിയുടെ വാക്കുകള്‍ ഉദ്ധരിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ റോയ് നെമര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘പി.എസ്.ജിയിലായിരുന്ന രണ്ട് വര്‍ഷം എനിക്ക് ആസ്വദിക്കാന്‍ സാധിച്ചിരുന്നില്ല. ഞാനവിടെ സന്തുഷ്ടനായിരുന്നില്ല. അതെന്റെ കുടുംബത്തെയും ബാധിച്ചിട്ടുണ്ട്,’ മെസി പറഞ്ഞതായി റോയ് നെമര്‍ ട്വീറ്റ് ചെയ്തു.

അതേസമയം, ഈ സീസണിന്റെ അവസാനത്തോടെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞ മെസി അമേരിക്കന്‍ ക്ലബ്ബിലേക്ക് ചേക്കേറാന്‍ തീരുമാനിക്കുകയായിരുന്നു. യൂറോപ്യന്‍ ലീഗില്‍ നിന്ന് ഇടവേളയെടുത്ത താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിക്കൊപ്പം എം.എല്‍.എസ് കളിക്കാനാണ് പദ്ധതിയിട്ടത്.

1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യുക. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാനും അവസരമുണ്ട്.

ജൂലൈ 16ന് ഇന്റര്‍ മിയാമി മെസിയെ ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കിയതോടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്റര്‍ മിയാമി മെസിയെ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ പ്രചാരം നേടാനാണ് പദ്ധതിയിടുന്നത്. അതിനാല്‍ വലിയ രീതിയില്‍ ഇതിഹാസത്തെ അവതരിപ്പിക്കാനാണ് ഇന്റര്‍ മിയാമിയുടെ തീരുമാനം.

Content Highlights: Lionel Messi about PSG life