കരിയറിലെ വിശ്വസ്തനായ താരത്തിന്റെ പേര് പറഞ്ഞ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. ബാഴ്‌സലോണയില്‍ കളിക്കുമ്പോഴുള്ള അനുഭവം പങ്കുവെക്കുന്നതിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്. ബാഴ്‌സയിലെ മുന്‍ സഹതാരം ജോര്‍ധി ആല്‍ബയാണ് തന്നെ പൂര്‍ണമായി മനസിലാക്കിയിട്ടുള്ള താരമെന്നും അദ്ദേഹത്തെ വിശ്വസിച്ച് നോ-ലുക്ക്-പാസ് നല്‍കാനാകുമെന്നും മെസി പറഞ്ഞു. 2018ല്‍ കാറ്റലൂണിയ റേഡിയോക്ക് മെസി നല്‍കിയ അഭിമുഖം ഒരിക്കല്‍ കൂടി ശ്രദ്ധ നേടുകയാണിപ്പോള്‍.
‘ജോര്‍ധി ആല്‍ബക്ക് എന്നെ പൂര്‍ണമായി മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഞാന്‍ ഒരു നോ-ലുക്ക്-പാസ് നല്‍കുമ്പോള്‍ തന്നെ അവന് കാര്യം മനസിലാകും. എനിക്ക് ആല്‍ബയുമായി ഒരു പ്രത്യേക ബന്ധമുണ്ട്,’ മെസി പറഞ്ഞു.
ആല്‍ബ ബാഴ്‌സലോണയുമായി പിരിയുമ്പോള്‍ മെസി അയച്ച സന്ദേശവും ശ്രദ്ധ നേടിയിരുന്നു. ആല്‍ബ തനിക്ക് ഒരു സഹതാരത്തെക്കാളും അപ്പുറത്താണെന്നാണ് മെസി കുറിച്ചത്. കരിയറിലെ പുതിയ സ്റ്റേജ് സന്തോഷം കൊണ്ടുവരുന്നതാകട്ടെ എന്നും മെസി ആശംസിച്ചു.
‘നിങ്ങളെനിക്ക് ഒരു സഹതാരത്തെക്കാളും അപ്പുറമാണ്. നമുക്കിടയില്‍ അങ്ങനെയൊരു ബന്ധം ഉടലെടുക്കാനുണ്ടായ യാത്ര എത്ര മനോഹരമായിരുന്നു. നിനക്കും കുടുംബത്തിനും ആശംസകള്‍ നേരുന്നു. കരിയറിലെ പുതിയ സ്റ്റേജ് നിനക്ക് സന്തോഷവും ജയവും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാത്തിനും നന്ദി, ജോര്‍ധി,’ മെസി കുറിച്ചു.
അതേസമയം, അമേരിക്കന്‍ ലീഗ് ക്ലബ്ബായ ഇന്റര്‍ മയാമിയിലെത്തിയ ശേഷം തകര്‍പ്പന്‍ പ്രകടനമാണ് മെസി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ലീഗ്സ് കപ്പ് ഫൈനലില്‍ നാഷ്വില്ലിനെ തകര്‍ത്ത് ഇന്റര്‍ മയാമി കിരീടമുയര്‍ത്തിയിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനിലയില്‍ തുടര്‍ന്നതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് മെസിപ്പട കപ്പുയര്‍ത്തിയത്. ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷം കളിച്ച ഏഴ് മത്സരങ്ങളിലും സ്‌കോര്‍ ചെയ്ത് ടീമിനെ ജയത്തിലേക്ക് നയിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.
ഏഴ് മത്സരങ്ങളില്‍ നിന്ന് 10 ഗോളും ഒരു അസിസ്റ്റുമാണ് മെസിയുടെ സമ്പാദ്യം. ലീഗ്‌സ് കപ്പില്‍ മയാമിക്കായി കപ്പുയര്‍ത്തിയതോടെ മറ്റൊരു റെക്കോഡ് കൂടി മെസിയെ തേടിയെത്തിയിരുന്നു. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോഡാണ് മെസി സ്വന്തമാക്കിയത്. ഇതോടെ 44 ടൈറ്റിലുകളാണ് മെസിയുടെ പേരിലുള്ളത്.
Content Highlights: Lionel Messi about Jordi Alba