| Friday, 18th August 2023, 1:36 pm

സൂപ്പര്‍ ഹീറോ സെലിബ്രേഷന്‍ സത്യത്തില്‍ അവരുടെ ഐഡിയ ആയിരുന്നു; മനസ് തുറന്ന് മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷമുള്ള ലയണല്‍ മെസിയുടെ ഗോള്‍ സെലിബ്രേഷന്‍ വലിയ തരംഗമായിരുന്നു. ആദ്യ മത്സരം മുതല്‍ തന്നെ ഗോളടിച്ചുകൂട്ടിയ മെസി ആദ്യ മത്സരത്തില്‍ തോറിനെയും രണ്ടാം മത്സരത്തില്‍ മാര്‍വല്‍ മൂവിയിലെ ബ്ലാക്ക് പാന്തറിനെയും അനുസ്മരിപ്പിച്ച് കൊണ്ടുള്ള സെലിബ്രേഷനാണ് നടത്തിയത്. അടുത്ത മത്സരത്തില്‍ സ്പൈഡര്‍മാനെ അനുസ്മരിപ്പിക്കുന്ന സെലിബ്രേഷനാണ് മെസി കാഴ്ചവെച്ചത്.

ഇതിന് പിന്നില്‍ തന്റെ മക്കളാണെന്നും മൂവര്‍ക്കുമൊപ്പം സൂപ്പര്‍ ഹീറോ സിനിമകള്‍ കാണാറുണ്ടെന്നും മെസി പറഞ്ഞു. ഗോള്‍ നേടുമ്പോള്‍ സൂപ്പര്‍ ഹീറോ സെലിബ്രേഷന്‍ നടത്തണമെന്ന് മക്കള്‍ ആവശ്യപ്പെട്ടിരുന്നെന്നും അങ്ങനെയാണ് അതുണ്ടായതെന്നും മെസി പറഞ്ഞു. ഇന്റര്‍ മയാമിയിലെത്തിയ ശേഷം നടന്ന ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.

അമേരിക്കന്‍ ലീഗായ ഇന്റര്‍ മയാമിയിലെത്തിയ ശേഷം തകര്‍പ്പന്‍ പ്രകടനമാണ് മെസി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മയാമി വിജയിച്ചിരുന്നു. ഫിലാഡല്‍ഫിയക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു മയാമിയുടെ ജയം.

മയാമിക്കായി ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകള്‍ മെസി അക്കൗണ്ടിലാക്കി കഴിഞ്ഞു. ഫൈനലിലെത്തിയതോടെ മയാമി 2024 കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പിന് യോഗ്യത നേടി. ഇതാദ്യമായാണ് ഇന്റര്‍ മയാമി ചാമ്പ്യന്‍സ് കപ്പിന് യോഗ്യത നേടുന്നത്.

ലീഗ്സ് കപ്പിന്റെ ടോപ്പ് സ്‌കോറര്‍ നിലവില്‍ ലയണല്‍ മെസിയാണ്. ഒമ്പത് ഗോളുകളുമായി മെസി ഒന്നാം സ്ഥാനത്താണ്. അമേരിക്കന്‍ ലീഗില്‍ ലയണല്‍ മെസിയുടെ ആദ്യ ടൂര്‍ണമെന്റാണ് ലീഗ്സ് കപ്പ്. തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മെസി ഇന്റര്‍ മയാമിയെ ലീഗ്സ് കപ്പ് ജേതാക്കളാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

Content Highlights: Lionel Messi about his super hero celebration

Latest Stories

We use cookies to give you the best possible experience. Learn more