ലോക ഫുട്ബോളിനെ എന്നും അതിശയിപ്പിച്ചു കൊണ്ടിരിക്കുന്ന ഇതിഹാസമാണ് ലയണല്‍ മെസി. എട്ട് ബാലണ്‍ ഡി ഓറും, ആറ് ഗോള്‍ഡന്‍ ബൂട്ടുകളും ഉള്‍പ്പെടെ അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച താരമായും മെസി മാറി. തന്റെ കരിയറിന്റെ തുടക്കം ബാഴ്സലോണ ക്ലബ്ബില്‍ ആരംഭിച്ച മെസി, ഫുട്ബോളിലെ ഭൂരിഭാഗം സമയവും ബാഴ്സയ്ക്കൊപ്പം തന്നെയായിരുന്നു. ബാഴ്സയോടുള്ള മെസിയുടെ ആത്മബന്ധം എത്രയോ തവണ ഫുട്ബോള്‍ ലോകവും കണ്ടതാണ്.
ബാഴ്‌സയുടെ 125ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് മുന്നോടിയായി പ്രിയതാരം ലയണല്‍ മെസി ക്ലബ്ബിനായി ഒരു പ്രത്യേക സന്ദേശമയച്ചിരുന്നു. അര്‍ജന്റീനന്‍ സൂപ്പര്‍ താരം ക്ലബ്ബിനോടുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ചും ക്ലബ്ബിനായി ഇത്രയും കാലം കളിച്ചതിന്റെ ഓര്‍മകളും തുറന്നു പറഞ്ഞു. നീണ്ട വര്‍ഷത്തെ ഫുട്‌ബോള്‍ അനുഭവമാണ് ബാഴ്‌സയുമായി ഇതിഹാസതാരത്തിനുള്ളത്.
‘ബാഴ്‌സയുമായി എനിക്ക് ഒരു പ്രത്യേക നിമിഷമുണ്ട്, അത് ഞാന്‍ അരങ്ങേറ്റം കുറിച്ച ദിവസമാണ്. എന്റെ ജീവിതത്തില്‍ ആദ്യ ടീമിനായി ഞാന്‍ അരങ്ങേറ്റം കുറിച്ച ദിവസം എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട നിമിഷമായിരുന്നു’. ബാഴ്സലോണയിലെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മയെക്കുറിച്ച് മെസി പറഞ്ഞു.
2004 ഒക്ടോബര്‍ 16-ന് എസ്പാന്വാളിനെതിരായ ഒരു ലീഗ് മത്സരത്തിലാണ് മെസി ബാഴ്സയ്ക്കായി തന്റെ അരങ്ങേറ്റം കുറിച്ചത്. അന്നുമുതല്‍ ബാഴ്‌സയുടെ പ്രിയതാരമാണ് ലയണല്‍ മെസി. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകളും അസിസ്റ്റുകളും നേടിയ കളിക്കാരനായി മെസി മാറി.
672 ഗോളുകള്‍ നേടുകയും 303 അസിസ്റ്റുകള്‍ നല്‍കുകയും ചെയ്തു. 10 ലാലിഗ കിരീടങ്ങള്‍, രണ്ട് കോപ്പ കിരീടങ്ങള്‍, ഏഴ് കോപ്പ ഡെല്‍ റേ, നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍, ഫിഫ ലോകകപ്പ് തുടങ്ങി നിരവധി കീരിട നേട്ടങ്ങള്‍ ഫുട്‌ബോള്‍ ജീവിതത്തില്‍ നേടി.
2017 മുതല്‍ 2021 വരെയുള്ള കാലഘട്ടം മെസിയുടെ ബാഴ്‌സയിലെ അവസാന നാളുകളായിരുന്നു. 2021 കോപ്പ ഡെല്‍ റേ ഫൈനലില്‍ ക്ലബ്ബിനെ കിരീടം ചൂടിച്ചു. 2021ല്‍ കരാര്‍ അവസാനിക്കുമ്പോള്‍ ബാഴ്‌സയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധികാരണം മെസിയുമായി പുതിയ കരാറില്‍ ഏര്‍പ്പെടാന്‍ ബാഴ്സയ്ക്ക് കഴിഞ്ഞില്ല.
പിന്നീട് ക്യാബ് നൗവില്‍ നടന്ന പത്ര സമ്മേളനത്തില്‍ ഏറെ വികാരഭരിതനായാണ് മെസി ബാഴ്‌സ വിടുന്നതായി സ്ഥിരീകരിച്ചത്. ശേഷം ഫുട്‌ബോള്‍ ഇതിഹാസം 2021 ഒക്ടോബര്‍ 10 ന് പി.എസ്.ജിയുമായി കരാറില്‍ ഏര്‍പ്പെട്ടു. പല നേട്ടങ്ങള്‍ പി.എസ്.ജിക്കൊപ്പവും മെസി സ്വന്തമാക്കി.
നിലവില്‍ മെസി മേജര്‍ ലീഗ് സോക്കറില്‍ അമേരിക്കന്‍ പ്രൊഫഷണല്‍ ക്ലബ് ആയ ഇന്റര്‍ മയമിക്കൊപ്പമാണ്. രണ്ടു വര്‍ഷത്തെ കരാറിലാണ് മെസി മയാമിക്കൊപ്പം ചേക്കേറിയത്. കൂടുമാറ്റം നടത്തിയപ്പോള്‍ തന്നെ ആദ്യ ആറു മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകള്‍ നേടി.
നാഷ്വില്‍ എഫ്.സിയെ തകര്‍ത്ത് ലീഗ് കപ്പും സ്വന്തമാക്കി. ഇന്റര്‍ മയാമിയെ തങ്ങളുടെ ആദ്യ നേട്ടത്തിലേക്കെത്തിച്ചു. കൂടാതെ ഈ വര്‍ഷത്തെ എം.എല്‍.എസ് സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡും സ്വന്തമാക്കി.
Content Highlight: Lionel Messi about his favorite moment at Barcelona