| Thursday, 3rd October 2024, 1:37 pm

അവര്‍ മൂന്ന് പേരുമാണ് പ്രിയപ്പെട്ടത്, അവര്‍ക്കൊപ്പം ബാഴ്‌സയില്‍ ഞാന്‍ സന്തുഷ്ടനായിരുന്നു; തുറന്നുപറഞ്ഞ് മെസി

സ്പോര്‍ട്സ് ഡെസ്‌ക്

മെസിയെന്ന പ്രൊഫഷണല്‍ ഫുട്‌ബോളര്‍ ലോകോത്തര താരമായതില്‍ എഫ്.സി ബാഴ്‌സലോണയെന്ന ക്ലബ്ബ് വഹിച്ച പങ്ക് ഏറെ വലുതാണ്. തന്റെ പ്രൈം ടൈം മുഴുവന്‍ ബാഴ്‌സക്കൊപ്പം ചെലവഴിച്ച താരം ടീമിനൊപ്പം നാല് ചാമ്പ്യന്‍സ് ലീഗ് കിരീടമടക്കം 35 ട്രോഫികള്‍ താരം സ്വന്തമാക്കിയിരുന്നു.

പല ഇതിഹാസ പരിശീലകര്‍ക്ക് കീഴിലും ബാഴ്‌സയില്‍ മെസി പന്തുതട്ടി. ഇപ്പോള്‍ ബാഴ്‌സലിയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട പരിശീലകരെ കുറിച്ച് സംസാരിക്കുകയാണ് ലിയോ. പെപ് ഗ്വാര്‍ഡിയോള, ലൂയീസ് എന്റിക്, ഏണസ്‌റ്റോ വാല്‍വെര്‍ഡെ എന്നിവരെയാണ് മെസി തെരഞ്ഞെടുക്കുന്നത്.

‘പെപ് (പെപ് ഗ്വാര്‍ഡിയോള), ലൂയീസ് എന്റിക്, വാല്‍വെര്‍ഡെ എന്നിവര്‍ക്ക് കീഴില്‍ ഞാന്‍ ബാഴ്‌സയില്‍ ഏറെ സന്തുഷ്ടനായിരുന്നു,’ ഈ വര്‍ഷം ജൂണില്‍ നല്‍കിയ അഭിമുഖത്തില്‍ മെസി പറഞ്ഞു.

പെപ് ഗ്വാര്‍ഡിയോള കറ്റാലന്‍മാരുടെ പടകുടീരത്തിലെത്തുന്നതിനും മുമ്പ് മെസി ടീമിനായി അരങ്ങേറിയിരുന്നെങ്കിലും പെപ്പിന് കീഴിലാണ് മെസി സൂപ്പര്‍ താരപദവിയിലേക്ക് ഉര്‍ന്നത്. 2008 മുതല്‍ 2012 വരെയാണ് സ്പാനിഷ് മാനേജര്‍ക്ക് കീഴില്‍ മെസി പന്ത് തട്ടിയത്.

ഇക്കാലയളവില്‍ നാല് തവണ മെസി മികച്ച താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടി. 2009, 2010, 2011, 2012 വര്‍ഷങ്ങളിലായിരുന്നു മെസിയുടെ പുരസ്‌കാര നേട്ടം. 2012ല്‍ 91 ഗോള്‍ നേടി ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കി.

ഗ്വാര്‍ഡിയോളയുടെ കീഴില്‍ 219 മത്സരങ്ങളില്‍ പങ്കെടുത്ത അദ്ദേഹം 211 ഗോളുകളും 94 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

ഗ്വാര്‍ഡിയോളക്ക് ശേഷം ടിറ്റോ വിലനോവയും ജെറാര്‍ഡോ മാര്‍ട്ടിനോയും കറ്റാലന്‍മാരുടെ പരിശീലന ചുമതലയേറ്റെടുത്തു. ടിറ്റോക്ക് കീഴില്‍ 2013ലെ ലാ ലീഗ കിരീടം നേടിയ ബാഴ്‌സ മാര്‍ട്ടിനോയുടെ പരിശീലനത്തില്‍ 2014ലെ സൂപ്പര്‍ കോപ്പ ഡി എസ്പാനോയും സ്വന്തമാക്കി.

ഇവര്‍ക്ക് ശേഷമാണ് 2014ല്‍ മറ്റൊരു സ്പാനിഷുകാരനായ ലൂയീസ് എന്റിക് ബാഴ്‌സയുടെ കോച്ചായെത്തിയത്. ഇദ്ദേഹത്തിന് കീഴിലാണ് അന്നത്തെ ഏറ്റവും മികച്ച മുന്നേറ്റ നിരയായ എം.എസ്.എന്‍ പിറവിയെടുക്കുന്നത്. മെസി, സുവാരസ്, നെയ്മര്‍ എന്നിവരെ മുന്നേറ്റത്തിലിറക്കിവിട്ട് എന്റിക് ഫുട്‌ബോള്‍ ലോകം വെട്ടിപ്പിടിച്ചുകൊണ്ടിരുന്നു.

എന്റിക്കിന് കീഴില്‍ ഒരു തവണ ചാമ്പ്യന്‍സ് ലീഗും രണ്ട് തവണ ലാ ലിഗയും രണ്ട് തവണ കോപ്പ ഡെല്‍ റേയും ബാഴ്‌സ സ്വന്തം തട്ടകത്തിലെത്തിച്ചു. അദ്ദേഹത്തിന് കീഴില്‍ മെസി 158 മത്സരങ്ങളില്‍ 153 ഗോളുകളും 76 അസിസ്റ്റുകളും നേടി.

എന്റിക്കിന് പിന്‍ഗാമിയായാണ് 2017ല്‍ ഏണസ്റ്റോ വാല്‍വെര്‍ഡെ ചുമതലയേല്‍ക്കുന്നത്. അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് ബാഴ്‌സ സാമ്പത്തിക പ്രശ്‌നത്തിലേക്ക് വഴുതിവീണ് തുടങ്ങിയത്. ഇക്കാരണം കൊണ്ടുതന്നെ ഗ്വാര്‍ഡിയോളയെ പോലെയോ എന്റിക്കിനെ പോലെയോ ജൈത്രയാത്ര നടത്താന്‍ ടീമിന് സാധിച്ചില്ല. എങ്കിലും ബാഴ്‌സ ട്രോഫികള്‍ നേടാതെ പോയിട്ടുമില്ല.

രണ്ട് ലാ ലീഗ, ഒരു കോപ്പ ഡെല്‍ റേ, ഒരു സൂപ്പര്‍ കോപ്പ എസ്പാന എന്നിവയാണ് വാല്‍വെര്‍ഡെക്ക് കീഴില്‍ ബാഴ്‌സ നേടിയത്. അദ്ദേഹത്തിന്റെ കാലയളവില്‍ മെസി മിന്നുന്ന ഫോമിലായിരുന്നു. 124 മത്സരത്തില്‍ നിന്നും 112 ഗോള്‍ നേടിയ താരം 51 തവണ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിക്കുകയും ചെയ്തു. വാല്‍വെര്‍ഡെയുടെ കാലത്താണ് മെസി ബാഴ്‌സ വിടുന്നതും.

Content Highlight: Lionel Messi about his favorite coaches in FC Barcelona

We use cookies to give you the best possible experience. Learn more