| Monday, 2nd September 2024, 9:26 am

ലോകത്തിലെ ഏറ്റവും മികച്ച താരം ആര്? ഉത്തരം പറഞ്ഞ് ലയണല്‍ മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ആരാണ്? മെസിയോ അതോ റൊണാള്‍ഡോയോ? ഈ ചോദ്യത്തിന് ഇനിയും ഒരുത്തരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഒരു പതിറ്റാണ്ടിലധിമായി തുടരുന്ന ഈ ഫാന്‍ ഡിബേറ്റിന് ഇപ്പോഴും അന്ത്യമില്ലാതെ തുടരുകയാണ്.

ഫുട്ബോള്‍ താരങ്ങളും പരിശീലകരും ആരാധകരും പതിവായി നേരിടുന്ന ചോദ്യമാണ് മെസിയാണോ റോണോയാണോ ഗോട്ട് എന്ന്.

ഈ ചോദ്യത്തിന് ഫുട്ബോള്‍ ഇതിഹാസങ്ങളും സൂപ്പര്‍ പരിശീലകരും താരങ്ങളും തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. മെസിയോ റോണാള്‍ഡോയോ എന്ന ചോദ്യത്തിന് പെലെ പോര്‍ച്ചുഗല്‍ നായകന്റെ പേര് പറഞ്ഞുപ്പോള്‍ അര്‍ജന്റൈന്‍ നായകനൊപ്പമായിരുന്നു മറഡോണ.

ഇതേ ചോദ്യം പലപ്പോഴായി മെസിയും റോണാള്‍ഡോയും നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ മെസിയാണോ റൊണാള്‍ഡോയാണോ മികച്ചത് എന്ന ചോദ്യത്തിന് ‘രണ്ട് പേരും’ എന്നായിരുന്നു റയല്‍ ലെജന്‍ഡിന്റെ മറുപടി.

ഒരു അഭിമുഖത്തില്‍ മെസിയും ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കിയിരുന്നു.

മെസിയല്ലാതെ ലോകത്തിലെ ഏറ്റവും മികച്ച താരം ആരാണെന്ന ചോദ്യമായിരുന്നു ആല്‍ബിസെലസ്റ്റ് നായകന് നേരിടേണ്ടി വന്നത്. സ്വയം തെരഞ്ഞെടുക്കാന്‍ സാധിക്കില്ലെന്നും ചോദ്യകര്‍ത്താവ് പറഞ്ഞിരുന്നു.

ഈ ചോദ്യത്തിനുത്തരമായി ‘ഒരുപാട് മികച്ച താരങ്ങള്‍ ഫുട്ബോളില്‍ ഉണ്ട്. ഉദാഹരണത്തിന് നെയ്മര്‍, എംബാപ്പെ (കിലിയന്‍ എംബാപ്പെ), ഹസാര്‍ഡ് (ഈഡന്‍ ഹസാര്‍ഡ്), സുവാരസ് (ലൂയി സുവാരസ്), അഗ്വേറോ (സെര്‍ജിയോ അഗ്വേറോ)…’ മെസി പറഞ്ഞു.

‘താങ്കള്‍ ഒരുപാട് താരങ്ങളുടെ പേരുകള്‍ ഇപ്പോള്‍ പറഞ്ഞു കഴിഞ്ഞു. എന്നാല്‍ ഒരാളുടെ പേര് പറയാന്‍ വിട്ടുപോയി. ഏഴാം നമ്പറില്‍ കളിക്കുന്ന ഒരാള്‍…’ എന്ന് ചോദ്യകര്‍ത്താവ് ഓര്‍മിപ്പിച്ചപ്പോള്‍ ഉടന്‍ തന്നെ മെസി ‘ക്രിസ്റ്റ്യാനോ’ എന്ന് ആവര്‍ത്തിച്ച് പറയുകയായിരുന്നു.

എന്തുകൊണ്ട് ഇവര്‍ക്കൊപ്പം റോണോയുടെ പേര് പറഞ്ഞില്ല എന്നും മെസി അഭിമുഖത്തില്‍ പറഞ്ഞു.

‘അദ്ദേഹം എന്നെപ്പോലെ മികച്ച താരമാണ്, ഇക്കാരണത്താലാണ് പട്ടികയില്‍ ക്രിസ്റ്റ്യാനോയെ ഉള്‍പ്പെടുത്താതിരുന്നത്,’ മെസി വ്യക്തമാക്കി. കയ്യടികളോടെയാണ് മെസിയുടെ വാക്കുകള്‍ ചോദ്യകര്‍ത്താക്കള്‍ സ്വീകരിച്ചത്.

പല അഭിമുഖത്തിലും മെസിയെ പുകഴ്ത്തി റൊണാള്‍ഡോയും സംസാരിച്ചിരുന്നു. മെസി മഹാനായ താരമാണെന്നും ഫുട്ബോളിന്റെ ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തപ്പെടാന്‍ പോകുന്ന പേരാണ് മെസിയുടേത് എന്നായിരുന്നു ഒരിക്കല്‍ റൊണാള്‍ഡോ കളിക്കളത്തിലെ തന്റെ ഏറ്റവും വലിയ എതിരാളിയെ കുറിച്ച് പറഞ്ഞത്.

റൊണാള്‍ഡോയെന്ന മാണിക്യത്തെ കണ്ടെത്തിയ സര്‍ അലക്‌സ് ഫെര്‍ഗൂസനും മെസിയെ ഇന്ന് കാണുന്ന മെസിയാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ച പെപ് ഗ്വാര്‍ഡിയോളയും ഗോട്ട് ഡിബേറ്റില്‍ തങ്ങളുടെ അഭിപ്രായം പങ്കുവെച്ചിരുന്നു.

മറ്റേത് താരങ്ങളെക്കാളും എത്രയോ മുകളിലാണ് മെസിയും റൊണാള്‍ഡോയും എന്നായിരുന്നു ഈ ചോദ്യത്തിന് ഇതിഹാസ പരിശീലകന്‍ അലക്സ് ഫെര്‍ഗൂസന്റെ മറുപടി. ഇരു താരങ്ങളെയും തമ്മില്‍ ഒരിക്കലും താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു പെപ് ഗ്വാര്‍ഡിയോള മുമ്പ് പറഞ്ഞത്.

Content highlight: Lionel Messi about Cristiano Ronaldo

We use cookies to give you the best possible experience. Learn more