അവനാണ് ടീമിനെ എക്‌സ്ട്രാ ഓര്‍ഡിനറിയാക്കുന്നത്; അര്‍ജന്റൈന്‍ യുവതാരത്തെ കുറിച്ച് മെസി
Football
അവനാണ് ടീമിനെ എക്‌സ്ട്രാ ഓര്‍ഡിനറിയാക്കുന്നത്; അര്‍ജന്റൈന്‍ യുവതാരത്തെ കുറിച്ച് മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 6th November 2022, 7:58 pm

ഖത്തര്‍ ലോകകപ്പ് ലക്ഷ്യമിട്ട് കുതിക്കുകയാണ് ലയണല്‍ മെസിയും സംഘവും. 2019 കോപ്പാ അമേരിക്ക ലൂസേഴ്‌സ് ഫൈനലിലെ തോല്‍വിക്ക് ശേഷം ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് ലയണല്‍ സ്‌കലോണിയുടെ കുട്ടികള്‍ മുന്നേറുന്നത്.

തോല്‍വിയറിയാത്ത കുതിപ്പ് മാത്രമല്ല, ഒരിക്കല്‍ നഷ്ടപ്പെടുത്തിയ കോപ്പാ അമേരിക്കയും യൂറോ ചാമ്പ്യന്‍മാരായ അസൂറികളെ പരാജയപ്പെടുത്തി ഷെല്‍ഫിലെത്തിച്ച ഫൈനലിസീമയുമടക്കം നേടി രാജകീയമായാണ് അര്‍ജന്റീന മുന്നോട്ടുള്ള പ്രയാണം തുടരുന്നത്.

2022 ഖത്തറില്‍ നടക്കുന്ന ലോകകപ്പും സ്വന്തമാക്കി അര്‍ജന്റീനയെ ലോകഫുട്‌ബോളിന്റെ നെറുകയിലെത്തിക്കണമെന്ന ഒറ്റ ലക്ഷ്യം മാത്രമായിരിക്കും മെസിക്കും സംഘത്തിനുമുണ്ടാവുക.

 

ഈ ലക്ഷ്യം നേടാന്‍ അര്‍ജന്റീനയില്‍ കളിക്കുന്ന യുവതാരത്തിന്റെ സാന്നിധ്യം എത്രത്തോളം വിലപ്പെട്ടതാണെന്ന് പറയുകയാണ് നായകന്‍ ലയണല്‍ മെസി. ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ പ്രതിരോധ താരം ക്രിസ്റ്റ്യന്‍ റൊമേറോയെ കുറിച്ചാണ് താരം പറയുന്നത്.

അര്‍ജന്റീനയുടെ കോപ്പാ വിജയത്തെ കുറിച്ച് നെറ്റ്ഫ്‌ളിക്‌സ് തയ്യാറാക്കിയ Sean Eternos: Campeones de America എന്ന ഡോക്യുമെന്ററിയിലാണ് മെസി റൊമേറോയെ കുറിച്ച് പറയുന്നത്.

‘അവന്‍ ടീമിനൊപ്പമുള്ളത് ഞങ്ങളെ സംബന്ധിച്ച് എക്‌സ്ട്രാ ഓര്‍ഡിനറിയായ കാര്യമാണ്. കോപ്പ കിരീടം നേടിയ ആ നിമിഷത്തിലും ടീമിന്റെ ഭാവിയിലും അവന്‍ ഏറെ നിര്‍ണായകമാണ്,’ മെസി പറയുന്നതായി സ്പര്‍സ് വെബ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അര്‍ജന്റീനയില്‍ തന്നെ ഏറെ പിന്തുണച്ചത് മെസിയാണെന്ന് റൊമേറോയും പറഞ്ഞിട്ടുണ്ട്.

‘അര്‍ജന്റീനക്കൊപ്പമുള്ള ആദ്യ നാളുകളില്‍ മെസിയായിരുന്നു എന്നെ ഏറ്റവുമധികം പിന്തുണച്ചത്. ഞാന്‍ ശരിയായാണ് കളിക്കുന്നതെന്നും സ്വയം പ്രചോദിപ്പിക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്,’ റോമേറോ പറയുന്നു.

 

റൊമേറോ ഏറെ കഠിനാധ്വാനിയായ താരമാണെന്നും ഒറ്റക്കാലില്‍ കളിക്കാന്‍ ഒരു അവസരമുണ്ടായാല്‍ അങ്ങനെ കളിക്കുന്നവനാണ് അവനെന്നുമായിരുന്നു താരത്തെ കുറിച്ച് ടോട്ടന്‍ഹാം കോച്ച് അന്റോണിയോ കൊണ്ടേ നേരത്തെ പറഞ്ഞിരുന്നത്.

‘ഒറ്റക്കാലില്‍ കളിക്കാന്‍ ഒരു അവസരമുണ്ടായാല്‍ അവന്‍ ഒറ്റക്കാലിലും നിന്ന് കളിക്കും. ക്ലബ്ബിനോട് ഏറെ ആത്മാര്‍ത്ഥതയും പ്രതിബദ്ധതയുമുള്ള താരങ്ങളാണ് ടീമിനൊപ്പമുള്ളതെന്ന് ആരാധകരോട് പറയും,’ കൊണ്ടേ പറഞ്ഞു.

സീരി എയിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് റൊമേറോ ഇറ്റലിയില്‍ നിന്നും ഇംഗ്ലണ്ടിലേക്കെത്തിയത്. 2020-21 സീസണില്‍ അറ്റ്‌ലാന്റയില്‍ കളിക്കുമ്പോള്‍ ഡിഫന്‍ഡര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തത് റൊമേറോയെ ആയിരുന്നു. ഇതിന് ശേഷമാണ് താരം ലില്ലി വൈറ്റ്‌സിന്റെ പ്രതിരോധ നിരയിലെ വിശ്വസ്തനായത്.

 

Content Highlight: Lionel Messi about Cristian Romero