| Wednesday, 18th October 2023, 1:34 pm

'ബാഴ്‌സലോണയോട് വളരെ അടുത്ത് നില്‍ക്കുന്ന ടീമാണ് അര്‍ജന്റീനയുടേത്'; തകര്‍പ്പന്‍ ജയത്തിന് പിന്നാലെ മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ലോകകപ്പ് 2026ലേക്കുള്ള യോഗ്യതാ മത്സരത്തില്‍ ഇന്ന് അര്‍ജന്റീന പെറുവുമായി ഏറ്റുമുട്ടിയിരുന്നു. മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയം അര്‍ജന്റീനക്കൊപ്പമായിരുന്നു. ഇതിഹാസ താരം ലയണല്‍ മെസിയാണ് അര്‍ജന്റീനക്കായി രണ്ട് ഗോളുകളും നേടിയത്.

മത്സരത്തിന് ശേഷം മെസി തന്റെ ടീമിനെ കുറിച്ച് പറഞ്ഞ വാചകങ്ങള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. ബാഴ്സലോണ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം ആണെന്നും അതിനോട് വളരെ അടുത്ത് നില്‍ക്കുന്ന ടീമാണ് അര്‍ജന്റീനയുടേത് എന്നുമാണ് മെസി പറഞ്ഞത്.

‘ഈ ടീം കൂടുതല്‍ മികച്ച് മുന്നേറുകയാണ്. ഞാന്‍ കളിച്ചിരുന്ന ബാഴ്സലോണ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമായിരുന്നു. അതുപോലെയാണ് അര്‍ജന്റൈന്‍ ടീമിനെക്കുറിച്ചും എനിക്ക് തോന്നിയിട്ടുള്ളത്. കോപ്പ അമേരിക്കയിലും ലോക കപ്പിലും ചാമ്പ്യന്മാരാകുന്നതിന് ടീമിന്റെ മികവ് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്,’ മെസി പറഞ്ഞു.

തങ്ങള്‍ക്ക് മികച്ച കളിക്കാരുണ്ടെന്നും ആര്‍ക്കെതിരെ കളിച്ചു എന്നതിലല്ല കാര്യമെന്നും കളിച്ച് ജയിക്കുന്നതിലാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.

മത്സരത്തിന്റെ 32 മിനിട്ടിലാണ് മെസി ആദ്യ ഗോള്‍ നേടി അര്‍ജന്റീനക്കായി ലീഡ് എടുത്തത്. 42 മിനിട്ടിലാണ് താരത്തിന്റെ രണ്ടാം ഗോള്‍ പിറക്കുന്നത്. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന മെസി പെറുവിനെതിരെയുള്ള മത്സരത്തിന്റെ ആദ്യ ഇലവനില്‍ തന്നെ കളത്തിലിറങ്ങിയിരുന്നു. മത്സരത്തിന് ശേഷം നിരവധി ആരാധകരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.

2022ലെ ബാലണ്‍ ഡി ഓറിന് മെസി അര്‍ഹനായിരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം സ്പാനിഷ് മീഡിയയെ ഉദ്ധരിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഫാബ്രിസിയോ റൊമാനൊ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കാനിരുന്ന ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവ് ആരെന്ന കാര്യത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നുമുണ്ടായിട്ടില്ലെങ്കിലും മെസി അവാര്‍ഡിന് അര്‍ഹനായിരിക്കുന്നുവെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്നാല്‍ പെറുവിനെതിരെയുള്ള താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ 2026 ലോകകപ്പിലും മെസി കിരീടമുയര്‍ത്തുമെന്നും ഒമ്പതാമത്തെ ബാലണ്‍ ഡി ഓറും താരം സ്വന്തമാക്കുമെന്നുമാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. എക്കാലത്തെയും മികച്ച താരമായ മെസി പുതിയ ചരിത്രം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണെന്നും ആരാധകരുടെ അഭിപ്രായങ്ങളുണ്ട്.

Content Highlights: Lionel Messi about Argentina and Barcelona teams

We use cookies to give you the best possible experience. Learn more