മെസിക്ക് 2026 ലോകകപ്പ് കളിക്കാന്‍ കഴിയും; സ്‌കലോണി
Football
മെസിക്ക് 2026 ലോകകപ്പ് കളിക്കാന്‍ കഴിയും; സ്‌കലോണി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 30th November 2023, 8:06 am

അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് 2026 ലോകകപ്പ് കളിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് അര്‍ജന്റീനന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി.

പരിശീലന സമയങ്ങളില്‍ മെസിക്ക് ഇപ്പോഴും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കുമെന്നും അര്‍ജന്റീനന്‍ പരിശീലകന്‍ പറഞ്ഞു.

‘2022ലെ ലോകകപ്പില്‍ മെസി തന്റെ ഹൃദയം കൊണ്ട് കളിച്ചു. അവന്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ല. പരിശീലനത്തില്‍ മെസി മികച്ച പ്രകടനമാണ് നടത്തുന്നത്. ഞാന്‍ ലിയോയോട് പറഞ്ഞു, അവന്‍ കളിക്കളത്തില്‍ സന്തോഷവാനായിരിക്കുമ്പോള്‍ അവന്‍ കളിക്കുന്നത് തുടരണം. ഫുട്‌ബോളില്‍ പരിധികളില്ലെന്ന് മെസി നമുക്ക് കാണിച്ചുതന്നു. അത് അതിശയകരമായ കാര്യമാണ്.

അവന്റെ ഫുട്‌ബോള്‍ കരിയറില്‍ അവന്‍ ഒരു സ്ട്രൈക്കറായിട്ടാണ് തുടങ്ങിയത് ഇപ്പോള്‍ അവന്‍ ഒരു വിങ്ങറായി കളിക്കുന്നു. എന്നാല്‍ ഞങ്ങള്‍ ഇപ്പോള്‍ അവനെ ഒരു മിഡ്ഫീല്‍ഡറായാണ് കാണുന്നത്. മെസിക്ക് ടീമില്‍ എവിടെ വേണമെങ്കിലും കളിക്കാന്‍ സാധിക്കും. മെസിക്ക് അര്‍ജന്റീന ദേശീയ ടീമിനായി കളിക്കുന്നത് തുടരാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. പക്ഷേ തീരുമാനമെല്ലാം അവന്റേതാണ്,’ സ്‌കലോണി ബോബോ ടി.വിയോട് പറഞ്ഞു.

2026 ലോകകപ്പ് യോഗ്യതയില്‍ ബ്രസീലിനെതിരായ അര്‍ജന്റീനയുടെ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയത്തിന് ശേഷം സ്‌കലോണി അര്‍ജന്റീന പരിശീലകസ്ഥാനത്ത് നിന്നും ഒഴിയും എന്ന സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് കാര്‍ലോ ആന്‍സലോട്ടിക്ക് പകരക്കാരനായി സ്‌കലോണിയെ ടീമിലെത്തിക്കും എന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്.

അതേസമയം 2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ലോകകിരീടത്തിലേക്ക് നയിക്കാന്‍ സ്‌കലോണിക്ക് സാധിച്ചിരുന്നു. ആ ടൂര്‍ണമെന്റില്‍ ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കാനും മെസിക്ക് സാധിച്ചിരുന്നു.

ലയണല്‍ മെസി നിലവില്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുടെ താരമാണ്. അടുത്ത വര്‍ഷം നടക്കുന്ന കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ടീമിനെ പ്രതിനിധീകരിക്കാന്‍ മെസി ഉണ്ടാവും. എന്നാല്‍ 2026 ലോകകപ്പില്‍ സൂപ്പര്‍ താരം കളിക്കുമോ എന്നത് കണ്ടുതന്നെ അറിയണം.

Content Highlight: Lional Scaloni talks Lionel Messi will play 2026 world cup.