Sports News
ആ ദിവസം വരെ മെസിയെ ഞങ്ങള്‍ കാത്തിരിക്കും; വമ്പന്‍ പ്രസ്താവനയുമായി ലയണല്‍ സ്‌കലോണി
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 09, 09:44 am
Monday, 9th September 2024, 3:14 pm

2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ ചിലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. ഇതിഹാസതാരങ്ങളായ ലയണല്‍ മെസിയും എയ്ഞ്ചല്‍ ഡി മരിയയും ഇല്ലാതെയാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്.

കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെ മെസിക്ക് ഗുരുതരമായി പരിക്കു പറ്റിയതിനാലാണ് തുടര്‍ന്നുള്ള മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ പരിക്കേറ്റ മെസി വീണ്ടും കളിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ പരിക്ക് കൂടുതല്‍ വഷളായതോടെ മെസി മത്സരം പൂര്‍ത്തിയാക്കാനാവാതെ കളം വിടുകയായിരുന്നു.

ഇതോടെ പല നിര്‍ണായക മത്സരങ്ങളിലും മെസിക് ടീമിനെ പിന്തുണയ്ക്കാന്‍ സാധിച്ചില്ലായിരുന്നു. ഇപ്പോള്‍ അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി മെസിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. വൈകാതെ മെസി ടീമിന് വേണ്ടി കളത്തിലിറങ്ങുമെന്നും അതിന് വേണ്ടി ടീം എത്ര വേണമെങ്കിലും കാത്തിരിക്കുമെന്നുമാണ് സ്‌കലോണി പറഞ്ഞത്.

‘മെസി എത്രയും പെട്ടെന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അടുത്ത സ്‌ക്വാഡ് പ്രഖ്യാപിക്കുന്ന സമയം വരുമ്പോള്‍ ഞങ്ങള്‍ മെസിയുമായി സംസാരിക്കും. ആ ദിവസം വരെ ഞങ്ങള്‍ അദ്ദേഹത്തെ കാത്തിരിക്കും. രണ്ടാഴ്ചക്ക് ശേഷം അത് ഞങ്ങള്‍ ഉറപ്പാക്കും. എന്നിട്ട് ടീമിനോടൊപ്പം ജോയിന്‍ ചെയ്യാന്‍ മെസി തയ്യാറാണോ എന്ന് ഞങ്ങള്‍ പരിശോധിക്കും,’ ലയണല്‍ സ്‌കലോണി പറഞ്ഞു.

നിലവില്‍ ക്വാളിഫയര്‍ മത്സരങ്ങളുടെ പട്ടികയില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും ആറ് വിജയവും ഒരു തോല്‍വിയുമായി 18 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന. സെപ്റ്റംബര്‍ 11ന് കൊളംബിയക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.

 

Content Highlight: Lional Scaloni Talking About Messi