| Wednesday, 19th June 2024, 1:31 pm

ഫുട്‌ബോള്‍ ചരിത്രത്തിലെ റെക്കോഡ് നേടാതെ ഇതിഹാസം വിരമിക്കുമോ? ഞെട്ടലില്‍ ആരാധകര്‍!

സ്പോര്‍ട്സ് ഡെസ്‌ക്

കോപ്പ അമേരിക്ക ഫുട്ബോള്‍ ആരംഭിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളൂ. ജൂണ്‍ 21 മുതല്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് അര്‍ജന്റീനയും ലയണല്‍ മെസിയും. കഴിഞ്ഞ ബ്രസീലിനെ പരാജയപ്പെടുത്തി നേടിയ കിരീടം നിലനിര്‍ത്താനായിരിക്കും അര്‍ജന്റീന കളത്തിലിറങ്ങുക.

ഗ്രൂപ്പ് എയിലാണ് അര്‍ജന്റീന കിരീട പോരിനിറങ്ങുന്നത്. അര്‍ജന്റീനക്കൊപ്പം പെറു, ചിലി, കാനഡ എന്നീ ടീമുകളാണ് ഗ്രൂപ്പ് എയില്‍ ഉള്ളത്. ജൂണ്‍ 21ന് കാനഡയ്ക്കെതിരെയാണ് കോപ്പ അമേരിക്കയിലെ അര്‍ജന്റീനയുടെ ആദ്യ മത്സരം നടക്കുന്നത്.

എന്നാല്‍ കോപ്പ അമേരിക്ക കഴിഞ്ഞാല്‍ 2026 ലോകകപ്പ് ടൂര്‍ണമെന്റില്‍ മെസി കളിക്കുമോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. അടുത്ത ലോകകപ്പ് കളിച്ചാല്‍ 6 തവണ തുടര്‍ച്ചയായി ലോകകപ്പില്‍ കളിക്കുന്ന താരം എന്ന റെക്കോഡ് ആണ് ലഭിക്കുന്നത്. എന്നാല്‍ താരം ഈ കോപ്പ അമേരിക്കന്‍ ടൂര്‍ണമെന്റോടുകൂടി വിരമിക്കുമോ അതോ അടുത്ത ഫിഫ ലോകകപ്പില്‍ താന്‍ മത്സരിക്കാന്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന്റെ പ്രതികരണവുമായി താരം മുന്നോട്ട് വന്നിരിക്കുകയാണ്.

‘റെക്കോഡുകള്‍ നേടുന്നത് നല്ലതാണ്. എന്നാല്‍ റെക്കോഡിന് വേണ്ടി മാത്രം എനിക്ക് ഒരു ടൂര്‍ണമെന്റും കളിക്കാന്‍ സാധിക്കില്ല. ഞാന്‍ 6 ലോകകപ്പുകള്‍ കളിച്ചു എന്ന പേരിനു വേണ്ടി എനിക്ക് കളിക്കേണ്ട ആവശ്യം ഇല്ല. ഇനി രണ്ട് വര്‍ഷങ്ങള്‍ കൂടി ഉണ്ട്. ഞാന്‍ ആ ഭാരം ഇപ്പൊ ഏല്‍ക്കാന്‍ തയ്യാറല്ല. ഞാന്‍ പൂര്‍ണമായും തയ്യാറാണെങ്കില്‍ മാത്രമേ അടുത്ത ലോകകപ്പ് കളിക്കൂ,’ മെസി പറഞ്ഞു.

അതേസമയം നിലവില്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുടെ താരമാണ് മെസി. ഈ സീസണില്‍ ഇതിനോടകം തന്നെ 12 മത്സരങ്ങളില്‍ നിന്നും 12 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് മെസി നേടിയിട്ടുള്ളത്. താരത്തിന്റെ ഈ മിന്നും പ്രകടനം കോപ്പ അമേരിക്കയിലും ആവര്‍ത്തിക്കുമെന്നുതന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: Lional Messi Talking About Retirement

We use cookies to give you the best possible experience. Learn more