Sports News
അര്‍ജന്റീനയ്ക്ക് നാളെ നിര്‍ണായകം; തെറ്റ് തിരുത്തുമെന്ന് ലയണല്‍ സ്‌കലോണി
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 04, 03:48 pm
Thursday, 4th July 2024, 9:18 pm

കോപ്പ അമേരിക്കയില്‍ തുടര്‍ച്ചയായ മൂന്ന് വിജയങ്ങളും സ്വന്തമാക്കി അര്‍ജന്റീന മുന്നേറുകയാണ്. ആദ്യ മത്സരത്തില്‍ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ചിലിക്കെതിരെ ഒരു ഗോളിനാണ് മെസിപ്പട വിജയിച്ചു കയറിയത്. ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തില്‍ പെറുവിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് അര്‍ജന്റീന വിജയിച്ചിരുന്നു.

ഇനി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇക്വിഡോര്‍ ആണ് അര്‍ജന്റീനയുടെ എതിരാളി. എന്‍.ആര്‍.ജി സ്റ്റേഡിയത്തില്‍ നാളെയാണ് ഇരുവരും ഏറ്റുമുട്ടുന്നത്. ഈ മത്സരത്തില്‍ ലയണല്‍ മെസി ഇറങ്ങുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ആദ്യ മത്സരത്തിലെ പരിക്ക് മൂലം താരം രണ്ട് മത്സരങ്ങള്‍ക്ക് ഇറങ്ങിയില്ലായിരുന്നു. താരത്തിന്റെ കൂടെ ടീമിന്റെ മുഖ്യ പരിശീലകന്‍ ലയണല്‍ സ്‌കലോണിയും ഗ്രൗണ്ടിലെത്തും.

ചിലിക്കെതിരെയുള്ള മത്സരത്തില്‍ അര്‍ജന്റീന ടീം ഗ്രൗണ്ടില്‍ ഇറങ്ങാന്‍ വൈകിയതിന് സ്‌കലോനിക്ക് പിഴയും ഒരു മത്സരത്തില്‍ സസ്‌പെന്‍ഷനും ലഭിച്ചിരുന്നു. ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സ്‌കലോണി.

‘ഒരു കോച്ച് എന്ന നിലയില്‍ ഞാന്‍ ടീമിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിച്ചു, അന്ന് ഞങ്ങള്‍ കളത്തില്‍ ഇറങ്ങാന്‍ അല്‍പ്പം വൈകി. ഇനി അങ്ങനെയുണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും. എന്റെ അഭാവത്തില്‍ സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ കാര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്തു,’സ്‌കലോണി പറഞ്ഞു.

മുഖ്യപരിശീലകന്റെ അഭാവത്തില്‍ പാബ്ലോ ഐമറും വാള്‍ട്ടര്‍ സാമുവലുമായിരുന്നു അര്‍ജന്റീനയുടെ കൂടെ ഉണ്ടായിരുന്നത്.

നാളെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കരുത്തരായ ഇക്വഡോറിനെ പരാജയപ്പെടുത്താനുള്ള ആത്മവിശ്വാസത്തിലാണ് അര്‍ജന്റീന ഇറങ്ങുന്നത്. കോപ്പ അമേരിക്ക തുടങ്ങുന്നതിനു മുമ്പ് സൗഹൃദമത്സരത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീന വിജയിച്ചിരുന്നു.

 

Content Highlight: Lionael Scaloni Talking About His Mistake