| Sunday, 17th January 2021, 1:43 pm

ഇടിക്കാന്‍ തയ്യാറായി താരങ്ങള്‍; ഒമര്‍ ലുലു ചിത്രം പവര്‍ സ്റ്റാറിന്റെ ഷോ റീലുമായി ലിന്റോ കുര്യന്‍; വൈറല്‍ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ലിന്റോ കുര്യന്റെ മാഷപ്പ് വീഡിയോകള്‍ മലയാളികള്‍ക്ക് പരിചിതമാണ്, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒക്കെ ജന്മദിനത്തില്‍ അവരുടെ സിനിമകളില്‍ നിന്നുള്ള രംഗങ്ങള്‍ ഉപയോഗിച്ച് ലിന്റോ കുര്യന്‍ ഒരുക്കുന്ന വീഡിയോകള്‍ക്ക് നിരവധി ആരാധകരാണ് ഉള്ളത്.

ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ലിന്റോ കുര്യന്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ആദ്യ മാസ്സ് ചിത്രമായ പവര്‍ സ്റ്റാറിന്റെ ഷോ റീല്‍ ആണ് ലിന്റോ കുര്യന്‍ ചെയ്തിരിക്കുന്നത്.

ബാബു ആന്റണി നായകന്‍ ആകുന്ന പവര്‍സ്റ്റാറില്‍ ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലര്‍, റോബര്‍ട്ട് പര്‍ഹാം എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഒരു ചിത്രത്തിന്റെ ‘ഷോ റീല്‍’ പുറത്തിറക്കുന്നത്. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്ന ചിത്രത്തിന്റെ രംഗങ്ങളുടെ സാമ്യമുള്ള രംഗങ്ങളും ഒപ്പം പവര്‍സ്റ്റാറിലെ പ്രധാന താരങ്ങളുടെ മുന്‍കാല ചിത്രങ്ങളിലെ രംഗങ്ങളും ഉള്‍പ്പെടുത്തിയാണ് ഷോ റീല്‍ പുറത്തിറങ്ങിയിരിക്കുന്നത്.

തൊണ്ണൂറുകളിലെ ബാബു ആന്റണിയെ അനുസ്മരിപ്പിക്കും വിധമുള്ള നീണ്ട മുടിയും കാതില്‍ കമ്മലും ഇട്ടുള്ള ലുക്കായിരുക്കും കഥാപാത്രത്തിന്റെതെന്ന് നേരത്തെ സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞിരുന്നു.

ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കന്നഡ യുവ താരം ശ്രേയസ് കെ മഞ്ജുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

സൗത്ത് ഇന്ത്യയിലെ കൊക്കൈന്‍ അധോലോകമാണ് ചിത്രത്തിന്റെ പ്രമേയം. നായികയോ പാട്ടുകളോ ഇല്ലാതെ വരുന്ന ആദ്യ ഒമര്‍ ലുലു ചിത്രം ആയിരിക്കും ‘പവര്‍സ്റ്റാര്‍’. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവിടങ്ങളാണ് സിനിമയുടെ ലൊക്കേഷനുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Linto Kurian with the show reel of Omar Lulu movie Power Star; Viral video

We use cookies to give you the best possible experience. Learn more