തിരുവനന്തപുരം: ഇന്ദിര ഗാന്ധിയെ അപമാനിച്ചെന്നാരോപിച്ച് നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ തര്‍ക്കം. ലിന്റോ ജോസഫ് സംസാരിച്ചപ്പോള്‍ ഇന്ദിര ഗാന്ധിയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശമുണ്ടായെന്ന് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു.
ഇന്ദിര ഗാന്ധി ഉള്‍പ്പടെയുള്ള ഗാന്ധി കുടുംബം ഗാന്ധിയുടെ പേര് തെറ്റായി ഉപയോഗിക്കുകയാണെന്നായിരുന്നു ലിന്റോ ജോസഫ് സഭയില്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ ജവര്‍ഹര്‍ ലാല്‍ നെഹ്‌റുവിന്റെ മകളായ ഇന്ദിര നെഹ്‌റുവിനെ ഫിറോസ് ഗന്ധി വിവാഹം കഴിച്ചു, അങ്ങനെ ഫിറോസിന്റെ ഗാന്ധിയെ പരത്തി ഗാന്ധിയാകുകയായിരുവെന്നാണ് ലിന്റോ ജോസഫ് പറഞ്ഞത്.
എന്നാലിത് പ്രതിപക്ഷാംഗങ്ങളെ ചൊടിപ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ലിന്റോ ജോസഫ് പറഞ്ഞത് ശരിയായില്ലെന്ന് നിയമസഭയില്‍ പറഞ്ഞു. ചെറിയ പ്രായത്തിലുള്ള അംഗം ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുത്. ഇന്ദിര ഗാന്ധിയുടെ രക്തത്തിലാണ് ഈ രാജ്യം കെട്ടിപ്പടുക്കപ്പെട്ടത്. ആ കുടുംബത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തിലുള്ള പ്രധാന്യം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ പറഞ്ഞ കാര്യങ്ങളില്‍ തെറ്റില്ലെന്നും രാഹുല്‍ ഗാന്ധിയും മഹാത്മാ ഗാന്ധിയും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും ലിന്റോ ജോസഫ് തിരുവഞ്ചൂരിനോട് ചോദിച്ചു. ഇതോടെയാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ സഭയില്‍ തര്‍ക്കമുണ്ടായത്.
ദൗര്‍ഭാഗ്യകരമായ പരമാര്‍ശമാണ് അംഗത്തില്‍ നിന്നുണ്ടായതെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു. അത് നിയമസഭാ രേഖകളിലുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. പരിശോധിച്ച് ഉചിതമായ നടപടി കൈക്കൊള്ളാമെന്ന് ചെയര്‍ ഉറപ്പുനല്‍കിയതിന് ശേഷമാണ് തര്‍ക്കം അവസാനിച്ചത്.
Content Highlights: Linto Joseph make controversy that related Indira Gandhi in the Assembly