‘കഴിഞ്ഞു, ഈ ജന്മത്തിലെ ബന്ധങ്ങള്‍ മുഴുവന്‍…’ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി വിരമിച്ചെന്ന വാര്‍ത്ത കേട്ടപ്പോള്‍ ‘മനസിനക്കരെ’ സിനിമയിലെ ഡയലോഗ് ആണ് ഓര്‍മ വന്നത്. തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഉത്തരവാദിത്തങ്ങളും ബാധ്യതകളും ജോലികളും എല്ലാം ഒന്നൊന്നായി ധോണി തീര്‍ത്തുവരികയാണ്…ആദ്യം ക്യാപ്റ്റന്‍സി, പിന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍, ഇപ്പോഴിതാ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും തീര്‍ത്തുമുള്ള വിരമിക്കല്‍ പ്രഖ്യാപനം…
ഇനി ധോണിയുടെ സാന്നിധ്യം ഐ.പി.എല്ലില്‍ മാത്രം. ഈ സെപ്റ്റംബറില്‍ നടക്കാന്‍ പോകുന്ന ഐ.പി.എല്ലില്‍ ധോണി കളിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടുണ്ട്. സ്‌നേഹിച്ച ആരാധകരെയും വിമര്‍ശിച്ച വിമര്‍ശകരേയും ഒരുപോലെ പിന്നിലാക്കി ഇന്ത്യന്‍ ക്രിക്കറ്റിലെ അതുല്യമായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ തലയെടുപ്പോടെ വിടപറയുന്നു….
ധോണിയെ ബിഗ് സ്‌ക്രീനില്‍ അവതരിപ്പിച്ച സുശാന്ത് സിങ്ങിന്റെ മരണം ഏല്പിച്ച ആഘാതം അടങ്ങുംമുന്‍പ്, ഇപ്പോള്‍ വന്ന ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനവും ആര്‍ധകര്‍ക്ക് ഒരുപോലെ പോലെ കയ്‌പേറിയതാക്കി. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്ന ആളെ ഉപചാരപൂര്‍വ്വം യാത്രയാക്കേണ്ടത് ഒരു കടമയാണ്. കാണുന്ന മത്സരങ്ങളില്‍ എല്ലാം മഹി മഹി എന്ന് മനസില്‍ ആര്‍പ്പുവിളിച്ച, കൂടെനിന്ന ഒരു പറ്റം ആരാധകരില്‍ ഒരാളായി ഞാനും ആ കടമ നിര്‍വഹിക്കട്ടെ…
2007 മുതല്‍ 2016 വരെ ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റുകളിലും 2008 മുതല്‍ 2014 വരെ ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യന്‍ ദേശീയ ടീമില്‍ കളിച്ച, ടീമിനെ നയിച്ച ക്യാപ്റ്റന്‍ കൂള്‍ ആയിരുന്നു ധോണി…. ആണിക്കല്ല് ഇളകിയാടിയിരുന്ന ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ദൈവം കണ്ടുവച്ചിരുന്നത് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ കുട്ടികാലത്ത് ഫുട്ബോള്‍ കളിച്ച നടന്ന ആളെ ആയിരുന്നു.
വിക്കറ്റ് കീപ്പര്‍ ആയി അവതരിച്ചെങ്കിലും കീപ്പിംഗില്‍ കൈക്കരുത്ത് തെളിയിക്കുന്നതിന് മുന്‍പേ ബാറ്റിങ്ങില്‍ ധോണി കൈക്കരുത്ത് തെളിയിച്ചു. 2005 ല്‍ വിശാഖപട്ടണത്ത് പാകിസ്താനെതിരെ ആയിരുന്നു അത്. 123 പന്തില്‍ നിന്ന് 148 റണ്‍സ് എടുത്തെങ്കിലും, വലിയ തിളക്കമില്ലാത്ത, ഭാവിയില്‍ ഏതുസമയവും കെട്ടടങ്ങിയെക്കാവുന്ന ഒരു പുതുമുഖത്തിന്റെ ചോരത്തിളപ്പായി എല്ലാരും കണക്കാക്കി.
പിന്നീട് ശ്രീലങ്കക്കെതിരെ നേടിയ 183 റണ്‍സ് ആണ് ധോണിയെ ക്രിക്കറ്റില്‍ ഗ്ലാമര്‍ ബാറ്റ്‌സ്മാന്‍ ആയി ഉയര്‍ത്തിയത്. അതോടെ ആ നീളന്മുടിക്കാരന്‍ ജനിച്ച നാടും നടന്ന വഴിയും കുടിച്ച പാലിന്റെ അളവും വരെ വാര്‍ത്തയായി. സൂപ്പര്‍താര പരിവേഷത്തിന്റെ ഉന്മാദത്തില്‍ വീണ് പോകാതെ, ക്രീസില്‍ നില്‍ക്കുമ്പോള്‍ സ്വന്തം കാര്യം മാത്രം നോക്കി സ്ഥലം വിടാതെ, ടീമിന് വേണ്ടി, ഇന്ത്യ രാജ്യത്തിന് വേണ്ടി ആ മനുഷ്യന്‍ തന്ത്രങ്ങള്‍ മെനഞ്ഞു.
കോടിക്കണക്കിന് ജനങ്ങളുടെ മധ്യത്തില്‍, എതിരാളികളുടെ മുന്നില്‍ പകച്ചുപോകുന്ന അവസരങ്ങളില്‍, വികാരങ്ങളെ അടക്കിവച്ച്, തീരുമാനങ്ങള്‍ ബുദ്ധിക്ക് വിട്ടു കൊടുക്കാനുള്ള അസാമാന്യ കഴിവ് ആയിരുന്നു ധോണിയുടെ പ്ലസ് പോയിന്റ്. അതില്‍ ചവിട്ടി ലോകക്രിക്കറ്റില്‍ മുന്നേറാന്‍ ഇന്ത്യക്ക് ആത്മവിശ്വാസം ലഭിച്ചു.
ധോണിയോട് ഉണ്ടായിരുന്ന ആ കടുത്ത ആത്മവിശ്വാസത്തില്‍ കരീബിയന്‍ മണ്ണിലെ ലോകകപ്പില്‍ ഇന്ത്യ ഏറ്റ തോല്‍വി ആരാധകര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ധോണിയുടെ വീട് ആക്രമിക്കുന്നതില്‍ വരെ എത്തി പ്രതിഷേധം.
അവിടം കൊണ്ട് തീര്‍ന്നു എന്ന് കരുതിയപ്പോഴാണ് 2007 ല്‍ ട്വന്റി ട്വന്റി ഫോര്‍മാറ്റിന്റെ വരവ്. ഒരു പരീക്ഷണം ആയി ധോണിയെ ബി.സി.സി.ഐ ക്യാപ്റ്റന്‍ ആക്കി. പരീക്ഷണം വിജയിച്ചു. കന്നി ട്വന്റി ട്വന്റി ലോകകിരീടം നായകനായി മുന്നില്‍ നിന്ന് ഇന്ത്യക്ക് ധോണി നേടിത്തന്നു. മഹേന്ദ്ര സിംഗ് ധോണി എന്ന റിയല്‍ ഹീറോയുടെ തുടക്കം അവിടെ നിന്നായിരുന്നു.
പിന്നീട് നാം കണ്ടത് തിരിഞ്ഞു നോക്കാതെയുള്ള ധോണിയുടെ ജൈത്രയാത്ര ആയിരുന്നു. ക്രിക്കറ്റിലെ എതിരാളികളായ ഭീമന്മാരെ വിറപ്പിച്ചുകൊണ്ടുള്ള മുന്നും പിന്നും നോക്കാത്ത കുതിപ്പ് ധോണിയെ ക്രീസിന് അകത്തും പുറത്തും എതിര്‍ക്കപെടാത്ത സാനിധ്യമാക്കി മാറ്റി. 2011 ലെ ലോകകപ്പ് വിജയത്തോടെ ആ മനുഷ്യന്‍ ഇന്ത്യ എന്ന വികാരത്തോടൊപ്പം ഇന്ത്യക്കാരുടെ നെഞ്ചില്‍ ഉറപ്പിക്കപ്പെട്ടു.
ക്രിക്കറ്റിന്റെ ക്ലാസിക്ക് ഫോം ആയ ടെസ്റ്റിലും ഇന്ത്യയെ മികച്ച ടീമാക്കാന്‍ ധോണിക്കായി. 2008 ല്‍ ഓസ്ട്രേലിയയ്ക്കെതിരായ ഹോം സീരീസ്, 2009 ല്‍ ന്യൂസിലാന്റില്‍ 1-0 വിജയം, സ്വദേശത്ത് ശ്രീലങ്കയ്ക്കെതിരായ 2-0 വിജയം. അങ്ങനെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഭയപ്പെടേണ്ട ശക്തിയായി ഇന്ത്യ നിലകൊണ്ടു.
പിന്നീട് ശാന്തതയും മാന്യതയും കൈമുതലായ ധോണിയെ പണകൊഴുപ്പിന്റെ ഐ.പി.എല്‍, കോഴ വിവാദത്തില്‍ ചാടിച്ചു. എങ്കിലും ചെന്നൈ സൂപ്പര്‍ കിങ്സ് എന്ന മഞ്ഞപ്പടയുടെ തലയായി ധോണി തിളങ്ങിനിന്നു.
പില്‍ക്കാലത്തു ബാറ്റിങ്ങില്‍ മൂര്‍ച്ച കുറഞ്ഞെങ്കിലും ക്യാപ്റ്റന്‍ ആയും കീപ്പറായും ക്രീസിലെ ആ സാന്നിധ്യം മതിയായിരുന്നു ഇന്ത്യക്ക് കരുത്തേകാന്‍. ബാറ്റിംഗ് ശരാശരിയുടെയും റണ്‍സിന്റെയും തൂക്കം നോക്കി മാത്രം കഴിവ് അളക്കുന്ന മഹാന്മാര്‍ അവസാനം ധോണിയെയും വെറുതെ വിട്ടില്ല.
ഫോം ഔട്ടായി എന്ന് അവര്‍ ആ മനുഷ്യനെ പരിഹസിച്ചു. ഉടന്‍ വിരമിക്കുമെന്ന് അവര്‍ പന്തയം വച്ചു. നേടിത്തന്നതെല്ലാം അവര്‍ പഴങ്കഥയാക്കി. നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു മറുവശത്ത് ഒരു പറ്റം ആരാധകരും ബഹളം വച്ചു.
ഒടുവില്‍ വിമര്‍ശകരും ചില ആരാധകവൃന്ദങ്ങളും, സ്വന്തമായി ധോണിയുടെ വിരമിക്കല്‍ തീരുമാനിച്ച് വിരമിക്കല്‍ മത്സരത്തിന് വരെ കടിപിടിച്ചു. എന്നാല്‍ അതിനൊന്നും ധോണി ചെവി കൊടുത്തില്ല. വികാരം കൊണ്ടില്ല, .പ്രതികരിച്ചില്ല. അതിനിടയില്‍ സെപ്റ്റംബറില്‍ വരാനിരിക്കുന്ന ഐ.പി.എല്‍ സീസണിനായി ഒരുങ്ങുന്ന തല’ ധോണിയുടെ ചിത്രങ്ങള്‍ ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ചുകൊണ്ടിരുന്നു.
എന്നാല്‍ അത് വിരമിക്കുന്നതിന് മുമ്പുള്ള ഒരു പ്രസ്താവന ആയിരുന്നു എന്നത് ഇപ്പോള്‍ മനസിലാക്കാം. തനിക്ക് ഇനിയും സമയം ബാക്കിയുണ്ട്, പെട്ടെന്നൊരു പിന്‍വാങ്ങലില്ല എന്ന ശക്തമായ താക്കീത്.
ഹെലിക്കോപ്റ്റര്‍ ഷോട്ടുകളുടെ ബാറ്റ്‌സ്മാന്‍, മിന്നുന്ന സ്റ്റമ്പിങ്, ക്യാച്ചിങ് ടെക്‌നിക്കുകളുടെ വിക്കറ്റ് കീപ്പര്‍, ഡി.ആര്‍.എസിനെ ധോണി റിവ്യൂ സിസ്റ്റം ആക്കി മാറ്റിയ എക്കാലത്തെയും മികച്ച കളി നിരീക്ഷകന്‍, കൂടാതെ ലാസ്റ്റ് ഓവറുകള്‍ വെടിക്കെട്ടുകളാക്കിയ ബെസ്റ്റ് ഫിനിഷര്‍, കടുത്ത സമ്മര്‍ദത്തിലും എതിരാളികള്‍ക്ക് വഴങ്ങി കൊടുക്കാത്ത ക്യാപ്റ്റന്‍ കൂള്‍ , ബൗളര്‍മാരെ ശെരിക്കും തന്റെ ഗെയിം ടൂളുകളാക്കി മാറ്റുന്ന മാസ്റ്റര്‍ ബ്രെയിന്‍ എന്നിങ്ങനെ ധോണിയെ കുറിച്ച് പറഞ്ഞാലും തീരാത്ത എത്രയോ..എന്തൊക്കെയോ….ചിലപ്പോള്‍ അതിനെല്ലാം അപ്പുറവും.
വെല്ലുവിളികള്‍ നേരിട്ടും കടുത്ത തീരുമാനങ്ങള്‍ എടുത്തും തഴക്കം വന്ന, ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായി രാജ്യത്തിന് സേവനം ചെയ്യുന്ന ധോണിക്ക് ആരും തീരുമാനങ്ങള്‍ പറഞ്ഞു കൊടുക്കേണ്ടതില്ല. സമയമാകുമ്പോള്‍ എന്ത് ചെയ്യണോ അത് കൃത്യമായി ചെയ്യുന്ന അതേ ലാഘവത്തോടെ തന്നെയാണ് കരിയറിലെ ഈ നിര്‍ണായക തീരുമാനം ധോണി എടുത്തിരിക്കുന്നത്.
ഇന്ത്യന്‍ ടീമിന്റെ നീലക്കുപ്പായമണിഞ്ഞ പ്രൗഢിയോടെ ഇനി നിങ്ങളെ ഞങ്ങള്‍ക്ക് കാണാന്‍ കഴിയില്ല..അത് സത്യമാണ്. എങ്കിലും പരാതിയോ പരിഭവമോ ഇല്ല. ഒരു വിടവാങ്ങല്‍ മത്സരത്തിന് കാത്തുനില്‍ക്കാതെ പുഷ്പഹാരങ്ങള്‍ക്കും തേന്‍ പുരട്ടിയ വാക്കുകള്‍ക്കും നിന്ന് കൊടുക്കാതെയുള്ള ഈ പോക്ക് നിങ്ങളോടുള്ള സ്‌നേഹവും ബഹുമാനം കൂട്ടിയിട്ടേയുള്ളൂ…മഹി ഭായ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: MS Dhoni Indian Cricket