തിരുവനന്തപുരം: പാലക്കാട് കഞ്ചിക്കോട്ടെ മദ്യനിര്‍മാണ ഫാക്ടറിക്കുള്ള അനുമതി റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യാതൊരു വിധത്തിലുള്ള നടപടിക്രമങ്ങളും പാലിക്കാതെയാണ് മധ്യപ്രദേശിലെ ഒയാസിസ് എന്ന കമ്പനിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
എന്തുകൊണ്ടാണ് ഒയാസിസിന് മാത്രം അനുമതി ലഭിച്ചതെന്നും എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയെ തെരഞ്ഞെടുത്തതെന്നും വി.ഡി. സതീശന്‍ ചോദിച്ചു.
26 വര്‍ഷമായി നിലനില്‍ക്കുന്ന നയത്തില്‍ ആരുമറിയാതെ മാറ്റങ്ങള്‍ വരുത്തിയാണ് കമ്പനിക്ക് അനുമതി നല്‍കിയത്. നയം പ്രകാരം മദ്യനിര്‍മാണ യൂണിറ്റുകള്‍ക്ക് സംസ്ഥാനത്ത് അനുമതി നല്‍കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ദല്‍ഹി മദ്യനയ വിവാദത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരാണ് ഒയാസിസിന്റെ ഉടമസ്ഥരെന്നും വി.ഡി. സതീശന്‍ പറഞ്ഞു. മദ്യനയ കേസില്‍ അറസ്റ്റിലായ ഗൗതം മല്‍ഹോത്രയെയാണ് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പുകഴ്ത്തി പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനിയെ കേരളത്തിലെ ജനങ്ങള്‍ സമരം ചെയ്ത് പൂട്ടിച്ചതാണ്. കാരണം എന്തായിരുന്നു, വെള്ളം കുറവുള്ള പാലക്കാട് ജില്ലയിലെ ഭൂഗര്‍ഭ ജലമാണ് കൊക്ക കോള ഊറ്റിയെടുക്കുന്നത്. സമാനമായി ദശലക്ഷക്കണക്കിന് ലിറ്റര്‍ ഭൂഗര്‍ഭജലമാണ് ഒയാസിസിന് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പഞ്ചാബിലും ഒയാസിസിനെതിരെ കേസുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പഞ്ചാബിലെ നാല് കിലോമീറ്ററോളം പ്രദേശങ്ങളില്‍ ഒയാസിസിന്റെ മദ്യക്കമ്പനി വേസ്റ്റ് നിക്ഷേപിച്ചതിനെ തുടര്‍ന്ന് ഭൂഗര്‍ഭ-ഉപരിതല ജലവും മലിനമായി. തുടര്‍ന്ന് പഞ്ചാബ് പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ്, സെന്‍ട്രല്‍ പൊല്യൂഷന്‍ ബോര്‍ഡ് ഉള്‍പ്പെടെ കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
കഞ്ചിക്കോട് മദ്യനിര്‍മാണ കമ്പനി നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നും ഒയാസിസിന് അനുമതി നല്‍കിയതിലൂടെ സര്‍ക്കാരിന് എന്താണ് ലഭിച്ചതെന്നും വി.ഡി. സതീശന്‍ ചോദിച്ചു.
Content Highlight: Linked to Delhi Liquor Controversy; The opposition wants to cancel the license for the Palakkad liquor factory