| Thursday, 9th May 2019, 12:24 pm

''മോനേ, ലിനിയുടെ മക്കള്‍ ഞങ്ങളുടെയും മക്കളാണ്, അവര്‍ക്ക് മറ്റെവിടെ കിട്ടുന്നതിനേക്കാളും കരുതല്‍ ഞങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്'': കരുത്തായത് ആ വാക്കുകള്‍: അനുഭവം പങ്കുവെച്ച് സജീഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നവജാത ശിശുവിന്റെ ചികിത്സയ്ക്കായി ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ സഹായമഭ്യര്‍ത്ഥിച്ച് കൊണ്ട് കമന്റ് ചെയ്തയാള്‍ക്ക് നേരിട്ട് മറുപടി നല്‍കുകയും കുഞ്ഞിന്റെ ചികിത്സയ്ക്കായുള്ള കാര്യങ്ങളെല്ലാം നേരിട്ട് ഒരുക്കുകയും ചെയ്ത ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ നടപടി സോഷ്യല്‍മീഡിയയില്‍ കയ്യടി നേടുകയാണ്.

ഫേസ്ബുക്ക് കമന്റില്‍ വരുന്ന അഭ്യര്‍ത്ഥനകള്‍ പോലും ശ്രദ്ധിക്കുകയും ഉടനടി നടപടികള്‍ കൈക്കൊള്ളുന്ന മന്ത്രിയുടെ നടപടിയെയാണ് സോഷ്യല്‍മീഡിയ അഭിനന്ദിക്കുന്നത്. നിരവധി പേരാണ് ആരോഗ്യമന്ത്രിയെ അഭിനന്ദിച്ച് ഇതിനകം രംഗത്തെത്തിയത്.

കേരളം നിപ വൈറസിന്റെ പിടിയലകപ്പെട്ടപ്പോഴും ഇതേ സ്‌നേഹവും കരുതലുമായിരുന്നു ടീച്ചറില്‍ നിന്നും ഉണ്ടായതെന്ന് ഓര്‍ക്കുകയാണ് നിപ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ട നഴ്‌സ് ലിനിയുടെ ഭര്‍ത്താവ്.

ടീച്ചര്‍ അമ്മയോട് ഒരുപാട് ഇഷ്ടം എന്ന് പറഞ്ഞുകൊണ്ടാണ് ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

” നമ്മള്‍ ചിന്തിക്കുന്നതിനു മുന്‍പേ കാര്യങ്ങള്‍ മനസ്സിലാക്കാനും അത് നടപ്പിലാക്കാനും ഉളള ടീച്ചറുടെ മനസ്സും കഴിവും അഭിന്ദിക്കേണ്ടത് തന്നെ ആണ്. നിപ കാലത്ത് റിതുലിനും സിദ്ധാര്‍ത്ഥിനും രാത്രി ഒരു ചെറിയ പനി വന്ന് ഞങ്ങള്‍ ഒക്കെ വളരെ പേടിയോടെ പകച്ചു നിന്നപ്പോള്‍ ടീച്ചറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം അവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസോലോഷന്‍ വാര്‍ഡിലേക്ക് മാറ്റുകയുണ്ടായി.

രാവിലെ ആകുമ്പോഴേക്കും അവരുടെ പനി മാറിയിരുന്നു. പക്ഷെ അന്നത്തെ സാമൂഹ്യ മാധ്യമങ്ങളിലും പത്രങ്ങളിലും ഒക്കെ ലിനിയുടെ മക്കള്‍ക്കും നിപ ബാധിച്ചു എന്ന പേടിപ്പെടുത്തുന്ന വാര്‍ത്ത ആയിരുന്നു. ഈ ഒരു അവസരത്തില്‍ മക്കള്‍ക്ക് പനി മാറിയതിനാല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് തരണമെന്ന് അവശ്യപ്പെട്ടു. അന്ന് എന്നെ ടീച്ചര്‍ വിളിച്ച് പറഞ്ഞ കാര്യങ്ങള്‍ ഒരിക്കലും മറക്കില്ല

ടീച്ചറുടെ വാക്കുകള്‍ ‘ മോനെ, മക്കളുടെ പനി ഒക്കെ മാറിയിട്ടുണ്ട്. അവര്‍ വളരെ സന്തോഷത്തോടെ ഇവിടെ കളിക്കുകയാണ്. എന്നാലും നാലു ദിവസത്തെ ഒബ്‌സര്‍വേഷന്‍ കഴിഞ്ഞെ വിടാന്‍ കഴിയു. ലിനിയുടെ മക്കള്‍ ഞങ്ങളുടെയും മക്കളാണ്. അവര്‍ക്ക് ഇപ്പോ എവിടുന്ന് സംരക്ഷണം കിട്ടുന്നതിനെക്കാളും കരുതല്‍ ഞങ്ങള്‍ ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്’

ടീച്ചറുടെ ഈ സ്‌നേഹവും വാക്കും കരുതലും തന്നെയാണ് അന്ന് ഞങ്ങള്‍ക്ക് കരുത്ത് ആയി നിന്നത്. ഇന്നും ആ അമ്മയുടെ സ്‌നേഹം ഞങ്ങളോടൊപ്പം ഉണ്ട്”- സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

We use cookies to give you the best possible experience. Learn more