| Wednesday, 26th February 2025, 4:10 pm

ജൂനിയറായിട്ടുള്ള ആക്ടേഴ്‌സിന്റെ പേടി പോകാന്‍ മമ്മൂട്ടി സാര്‍ ചെയ്ത ആ വഴി വ്യത്യസ്തമായി തോന്നി: ലിംഗുസാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ലിംഗുസാമി. 2001ല്‍ മമ്മൂട്ടിയെ നായകനാക്കി ആനന്ദം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ലിംഗുസാമി സിനിമാജീവിതം ആരംഭിച്ചത്. തുടര്‍ന്ന് റണ്‍, സണ്ടക്കോഴി, പയ്യാ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം അണിയിച്ചൊരുക്കി. ആദ്യചിത്രമായ ആനന്ദത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ലിംഗുസാമി.

ചിത്രത്തിന്റെ ഷൂട്ട് കുംഭകോണത്തായിരുന്നെന്ന് ലിഗുസാമി പറഞ്ഞു. മമ്മൂട്ടിയെപ്പറ്റി കേട്ട അറിവ് വെച്ച് അദ്ദേഹത്തിന് പ്രത്യേകമായി ഒരു ഹോട്ടല്‍ ബുക്ക് ചെയ്‌തെന്നും മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കും വേണ്ടി വേറൊരു ഹോട്ടലും നോക്കിയിരുന്നെന്നും ലിംഗുസാമി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മമ്മൂട്ടി ദേവയാനിയെയും രംഭയെയും അനിയന്മാരായി അഭിനയിക്കുന്നവരെയും കൂട്ടി ഒരു റിസോര്‍ട്ട് എടുത്തെന്ന് ലിംഗുസാമി പറഞ്ഞു.

വൈകുന്നേരമാകുമ്പോള്‍ മമ്മൂട്ടി അവരെയും വിളിച്ച് പുറത്തേക്കൊക്കെ കൊണ്ടുപോകുമായിരുന്നെന്നും ലിംഗുസാമി കൂട്ടിച്ചേര്‍ത്തു. അവരുമായി ഷട്ടില്‍ കളിക്കുന്നത് കണ്ടപ്പോള്‍ താന്‍ എന്താണ് കാര്യമെന്ന് ചോദിച്ചെന്നും ലിംഗുസാമി കൂട്ടിച്ചേര്‍ത്തു. തന്നോടുള്ള പേടി പോകാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്ന് മമ്മൂട്ടി മറുപടി നല്‍കിയെന്നും ലിംഗുസാമി പറഞ്ഞു.

മമ്മൂട്ടി എന്ന ബിംബത്തെക്കുറിച്ച് അവര്‍ക്കെല്ലാം പേടിയുണ്ടെന്നും താന്‍ ആ സിനിമയില്‍ അവരുടെ ചേട്ടനാണെന്നുള്ള ചിന്ത വരാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് മമ്മൂട്ടി പറഞ്ഞെന്നും ലിംഗുസാമി കൂട്ടിച്ചേര്‍ത്തു. ഷൂട്ടിന്റെ സമയത്തും തന്നെ ഓക്കെയാക്കാന്‍ വേണ്ടി ഓരോ നിര്‍ദേശങ്ങള്‍ മമ്മൂട്ടി തരുമായിരുന്നെന്നും ഇന്നും അതെല്ലാം താന്‍ പാലിക്കുന്നുണ്ടെന്നും ലിംഗുസാമി പറഞ്ഞു. ആനന്ദ വികടനോട് സംസാരിക്കുകയായിരുന്നു ലിംഗുസാമി.

‘ആനന്ദത്തിന്റെ ഷൂട്ട് കുംഭകോണത്തായിരുന്നു. അവിടെ മമ്മൂട്ടി സാറിന് ഒരു വലിയ ഹോട്ടലില്‍ റൂം ഏര്‍പ്പാടാക്കിയിരുന്നു. മറ്റ് ആര്‍ട്ടിസ്റ്റുകളെയും ടെക്‌നീഷ്യന്മാരെയും വേറൊരു ഹോട്ടലില്‍ താമസം ഏര്‍പ്പെടുത്തി. പക്ഷേ, മമ്മൂട്ടി സാര്‍ അത് വേണ്ടെന്ന് പറഞ്ഞു. രംഭ, ദേവയാനി, മുരളി, അബ്ബാസ് അവരെയൊക്കെ വിളിച്ചുകൊണ്ടുപോയി ഒരു റിസോര്‍ട്ടില്‍ താമസിച്ചു. വൈകുന്നേരമാകുമ്പോള്‍ അവരെയും കൂട്ടി കാറില്‍ കറങ്ങാന്‍ പോകുമായിരുന്നു.

അവരുടെ കൂടെ ഷട്ടിലൊക്കെ കളിക്കുന്ന മമ്മൂട്ടി സാറിനെ എനിക്ക് ഓര്‍മയുണ്ട്. എന്തിനാണ് അങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് ചോദിച്ചു. ‘അവരുടെ മുന്നില്‍ ഞാന്‍ മമ്മൂട്ടി എന്ന ബിംബമാണ്. അതിന്റേതായ പേടി അവര്‍ക്കുണ്ടാകും. ഈ പടത്തില്‍ ഞാന്‍ അവരുടെ ചേട്ടനല്ലേ, ആ ചിന്ത വരാന്‍ വേണ്ടിയാണ് ഇത്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതുപോലെ ഷൂട്ടിന്റെ സമയത്ത് അദ്ദേഹം പല ഉപദേശങ്ങളും തന്നിരുന്നു. അതെല്ലാം ഇന്നും പാലിക്കുന്നുണ്ട്,’ലിംഗുസാമി പറഞ്ഞു.

Content Highlight: Lingusamy shares the experience with Mammootty

We use cookies to give you the best possible experience. Learn more