Entertainment
സെക്കന്‍ഡ് ഹാഫിന്റെ കഥ പോലും കേള്‍ക്കാതെ വിജയ് ഒഴിവാക്കിയ ആ സിനിമ സൂപ്പര്‍ഹിറ്റായി: ലിംഗുസാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 27, 03:15 am
Thursday, 27th February 2025, 8:45 am

തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ലിംഗുസാമി. മമ്മൂട്ടിയെ നായകനാക്കി ഒരുങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് ലിംഗുസാമി സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്. പിന്നീട് റണ്‍, സണ്ടക്കോഴി, പയ്യാ, ഭീമാ തുടങ്ങി മികച്ച ചിത്രങ്ങള്‍ ലിംഗുസാമി അണിയിച്ചൊരുക്കി. നിര്‍മാണത്തിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ലിംഗുസാമിക്ക് സാധിച്ചിട്ടുണ്ട്.

തന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ സണ്ടക്കോഴിയുടെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ലിംഗുസാമി. 2005ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം സ്വന്തമാക്കി. വിശാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി സണ്ടക്കോഴി മാറി. ചിത്രത്തിന്റെ കഥ താന്‍ ആദ്യം പറഞ്ഞത് വിജയ്‌യോടായിരുന്നെന്ന് ലിംഗുസാമി പറഞ്ഞു.

ഫസ്റ്റ് ഹാഫ് പറഞ്ഞുതീര്‍ത്തതും വിജയ് നിര്‍ത്താന്‍ പറഞ്ഞെന്നും സെക്കന്‍ഡ് ഹാഫ് കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും ലിംഗുസാമി കൂട്ടിച്ചേര്‍ത്തു. സെക്കന്‍ഡ് ഹാഫില്‍ നായകതുല്യ കഥാപാത്രമായി രാജ് കിരണ്‍ വരുന്നുണ്ടെന്ന് പറഞ്ഞാണ് വിജയ് കഥ പറച്ചില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടതെന്നും ലിംഗുസാമി പറഞ്ഞു. പിന്നീട് വിശാലിനെ വെച്ച് സിനിമ ചെയ്‌തെന്നും സൂപ്പര്‍ഹിറ്റായി മാറിയെന്നും ലിംഗുസാമി പറയുന്നു.

റിലീസിന് ശേഷം വിജയ് തന്നെ കാണാന്‍ വന്നിരുന്നെന്നും ചിരിച്ച് സംസാരിച്ചെന്നും ലിംഗുസാമി പറഞ്ഞു. എന്നാല്‍ തനിക്ക് അയാളോടുള്ള ദേഷ്യം പോയില്ലായിരുന്നെന്നും കഥ കേള്‍ക്കാത്തതിന്റെ പിണക്കം വിജയ്‌യോട് പങ്കുവെച്ചെന്നും ലിംഗുസാമി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിശാലിന് വേണ്ടിയാണ് താന്‍ പിന്മാറിയതെന്ന് വിജയ് പറഞ്ഞെന്നും ലിംഗുസാമി പറയുന്നു. തന്നെക്കാള്‍ നന്നായി വിശാല്‍ ചെയ്തുവെന്ന് വിജയ് പറഞ്ഞെന്നും ലിംഗുസാമി കൂട്ടിച്ചേര്‍ത്തു. ആനന്ദ വികടനോട് സംസാരിക്കുകയായിരുന്നു ലിംഗുസാമി.

‘സണ്ടക്കോഴിയുടെ കഥ ആദ്യം പറഞ്ഞത് വിജയ്‌യോടായിരുന്നു. ഫസ്റ്റ് ഫാഫിന്റെ കഥ മാത്രമേ വിജയ് കേട്ടുള്ളൂ. സെക്കന്‍ഡ് ഹാഫ് കേള്‍ക്കാന്‍ കൂട്ടാക്കാതെ ഒഴിഞ്ഞുമാറി. സെക്കന്‍ഡ് ഹാഫില്‍ രാജ് കിരണ്‍ സാറും ഇംപോര്‍ട്ടന്റ് റോളിലുണ്ടെന്നായിരുന്നു വിജയ് പറഞ്ഞ കാരണം. പിന്നീട് ആ സിനിമ വിശാല്‍ ചെയ്തു. പടം സൂപ്പര്‍ഹിറ്റായി. ആ സമയത്ത് ഒരു ഫങ്ഷന് പോയപ്പോള്‍ വിജയ്‌യെ കണ്ടു. പുള്ളി എന്റെയടുത്തേക്ക് ഓടിവന്നു. ‘സിനിമ സൂപ്പര്‍ഹിറ്റായി ഓടുകയാണല്ലോ’ എന്ന് വിജയ് ചോദിച്ചു.

എനിക്ക് അപ്പോഴും വിജയ്‌യോട് ദേഷ്യമുണ്ടായിരുന്നു. സെക്കന്‍ഡ് ഹാഫ് പോലും കേള്‍ക്കാതെ പിന്മാറിയില്ലേ എന്ന് ഞാന്‍ അയാളോട് ചോദിച്ചു. ‘എന്നെക്കാള്‍ നന്നായി ആ റോള്‍ ചേരുന്നത് അവനാണ്. ഒരുപാട് ആഗ്രഹത്തോടെ സിനിമയിലേക്ക് വന്നവനാണ് അവന്‍. എന്ത് നന്നായാണ് അവന്‍ ക്ലൈമാക്‌സ് ഫൈറ്റ് ചെയ്തിരിക്കുന്നത്. ഞാന്‍ പിന്മാറിയത് നന്നായി’ എന്നായിരുന്നു വിജയ് പറഞ്ഞത്. അതോടെ എന്റെ ദേഷ്യമെല്ലാം പോയി,’ലിംഗുസാമി പറഞ്ഞു.

Content Highlight: Lingusamy saying Vijay rejected Sandakozhi movie