| Thursday, 7th July 2022, 3:53 pm

വിരാട് കോഹ്‌ലി ലോകകപ്പ് കളിക്കണമോ എന്ന കാര്യം ഇംഗ്ലണ്ടില്‍ തീരുമാനമാവും

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ടി-20 ഭാവി അനിശ്ചിതത്വത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന രണ്ട് ടി-20യിലും ഏകദിനത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമേ വരാനിരിക്കുന്ന ടി-20 സ്‌ക്വാഡില്‍ ഉള്‍പ്പെടുത്ത കാര്യം പോലും സെലക്ടര്‍മാര്‍ പരിഗണിക്കാന്‍ സാധ്യതയുള്ളൂ എന്നാണ് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ ടി-20യില്‍ വിരാട് കോഹ്‌ലി ഇടം നേടിയിട്ടില്ല. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം കൃത്യം രണ്ട് ദിവസത്തിന് ശേഷം നടക്കുന്ന പരമ്പരയായതിനാലാണ് താരത്തിന് വിശ്രമം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ രണ്ട്, മൂന്ന് ടീ-20കളില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ ടീമിനൊപ്പം ചേരും.

കഴിഞ്ഞ കുറച്ചുനാളുകളായി എല്ലാ ഫോര്‍മാറ്റിലും പരാജയമാകുന്ന വിരാട് കോഹ്‌ലിയുടെ ഭാവി നിശ്ചയിക്കുന്നത് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ലിമിറ്റഡ് ഓവര്‍ സീരീസാവും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മിഡില്‍ ഓര്‍ഡറില്‍ വിരാടിനെ കളിപ്പിക്കണമോ എന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

പല പരമ്പരകളിലും വിരാടിനടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാറുണ്ട്. വിന്‍ഡീസിനെതിരായി നടക്കുന്ന ഏകദിന പരമ്പരയിലും താരം സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരുന്നില്ല.

ഏകദിന പരമ്പരയ്ക്ക് ശേഷം അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയും ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കും. ഇംഗ്ലണ്ടിനെതിരെയുള്ള താരങ്ങളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും വിന്‍ഡീസിനെതിരെയുള്ള ടി-20 ടീമിനെ തെരഞ്ഞെടുക്കുന്നത്.

ലോകകപ്പിന് ഇനി അധികനാള്‍ ഇല്ല എന്ന കാര്യവും ശ്രദ്ധേയമാണ്. ലോകകപ്പിനായുള്ള ടീമിനെ തെരഞ്ഞെടുക്കാനും അവരെക്കൊണ്ട് തന്നെ മാക്‌സിമം മത്സരങ്ങള്‍ കളിപ്പിക്കാനുമാവും തങ്ങള്‍ ശ്രമിക്കുന്നതെന്ന ദ്രാവിഡിന്റെ മുന്‍ പ്രസ്താവനയും ഇതുമായി ചേര്‍ത്തുവായിക്കാവുന്നതാണ്.

കഴിഞ്ഞ ദിവസമായിരുന്നു വെസ്റ്റ് ഇന്‍ഡീസനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തത്. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമിന്റെ ഉപനായകന്‍ രവീന്ദ്ര ജഡേജയാണ്.

സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍ യുവതാരങ്ങളുമായാണ് ഇന്ത്യ കരീബിയന്‍ മണ്ണില്‍ പോരാട്ടത്തിനിറങ്ങുന്നത്.

മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലുള്ളത്. ഓവലിലെ ക്യൂന്‍സ് പാര്‍ക്ക്, പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍, ട്രിനിഡാഡ് എന്നിവിടങ്ങളിലായാണ് മത്സരം നടക്കുക.

ജൂലൈ 22, ജൂലൈ 24, ജൂലൈ 27 എന്നീ ദിവസങ്ങളിലാണ് ഏകദിന പരമ്പരകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഏകദിന പരമ്പരയ്ക്ക് ശേഷം അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയും നടക്കും.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം:

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ താക്കൂര്‍, യൂസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്

Content Highlight: Limited-overs Series in England to Decide Virat Kohli’s T20I Future: Report

We use cookies to give you the best possible experience. Learn more