| Sunday, 24th August 2014, 4:59 pm

പാറമടകളുടെ ദൂരപരിധി 50 മീറ്ററായി വെട്ടിക്കുറച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം:ജനവാസ കേന്ദ്രങ്ങളില്‍ നിന്നുള്ള പാറമടകളുടെ ദൂരപരിധി മലിനീകരണ നിയന്ത്രണ ബോര്‍ഡ് 50 മീറ്ററായി വെട്ടിക്കുറച്ചു. ദൂരപരിധിയുടെ പേരില്‍ പാറമടകള്‍ അടച്ചത് നിര്‍മാണ മേഖല സ്തംഭിക്കാന്‍ കാരണമായെന്ന വാദം നിരത്തിയാണ് ദൂരപരിധി പകുതിയാക്കി കുറച്ചത്.

ദൂരപരിധി ഉയര്‍ത്തിയപ്പോള്‍ 50 മീറ്ററില്‍ പ്രവര്‍ത്തിച്ചിരുന്ന ഒട്ടേറെ പാറമടകള്‍ പൂട്ടേണ്ടി വന്നെന്നും ഇത് കാരണം നിര്‍മ്മാണ മേഖല സ്തംഭിച്ചെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. കഴിഞ്ഞമാസം പത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യോഗമാണ് ദൂരപരിധി കുറയ്ക്കാന്‍ തീരുമാനമെടുത്തത്. ഇതോടെ ദൂരപരിധിയുടെ പേരില്‍ അടച്ചുപൂട്ടിയ നൂറുകണക്കിന് പറമടകള്‍ തുറന്നു.

2007ലാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പാറമടകള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി നിര്‍ബന്ധമാക്കിയത്. ഇതനുസരിച്ച് പുതിയ പാറമടകളുടെ ദൂരപരിധി 100 മീറ്ററാക്കി ഉയര്‍ത്തിക്കൊണ്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിറക്കി. ഇതിനുള്ളില്‍ ജനവാസ കേന്ദ്രങ്ങളോ പ്രാര്‍ത്ഥനാലയങ്ങളോ പാലങ്ങളോ ഉണ്ടെങ്കില്‍ പാറ പൊട്ടിക്കല്‍ അനുമതി നല്‍കരുതെന്നായിരുന്നു നിര്‍ദേശം.

പഴയ പാറമടകളുടെ പ്രവര്‍ത്തനം സമീപത്തുളളവരുടെ ജീവനു ഭീഷണിയാവുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് 2011ല്‍ പഴയതും പുതിയതുമായ എല്ലാ പാറമടകളുടേയും ദൂരപരിധി 100 മീറ്ററാക്കിയിരുന്നു. ഈ തീരുമാനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more