ഇളയ മോളായ മനാലിന്റെ സ്‌കൂള്‍ പഠനം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് തുടങ്ങിയത്. അത് നേരിട്ട് കാണുമ്പോള്‍ ഒരു കാര്യം പെട്ടെന്ന് വ്യക്തമാവുന്നുണ്ട്. മലയാളത്തില്‍ നന്നായി കാര്യങ്ങള്‍ പറയാനും പരിചയമില്ലാത്തവരോട് പോലും സംസാരിക്കാനും മടിയില്ലാത്ത അവള്‍ ഇംഗ്ലീഷിലേക്ക് പെട്ടെന്നുണ്ടായ മാറ്റത്തില്‍ പതറുന്നുണ്ട്. ക്ലാസിലെ മറ്റ് കുട്ടികളുടേയും സ്ഥിതി സമാനമാണ്. ഒരു പക്ഷേ ഓണ്‍ലൈന്‍ ക്ലാസായതിനാലാവും സ്ഥിതി ഇത്ര മോശമായത്. മൂത്ത രണ്ട് പേരും ഇതേ സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ ഇത്ര തന്നെ ബുദ്ധിമുട്ടിയതായി ഓര്‍ക്കുന്നില്ല.
ഇന്നലെ വരെ ചിന്തയുടെയും ആശയ വിനിമയത്തിന്റെയും അടിസ്ഥാനമായ ഭാഷയെ കയ്യൊഴിഞ്ഞ് ഒരു സുപ്രഭാതത്തില്‍ തീര്‍ത്തും അപരിചിതമായ മറ്റൊരു ഭാഷയിലേക്ക് പൂര്‍ണമായും മാറുന്നത് അത്ര എളുപ്പമല്ല. എന്നാല്‍ ഇംഗ്ലീഷിലേക്ക് പെട്ടെന്നുള്ള ചാട്ടത്തില്‍ ആദ്യമൊക്കെ അവര്‍ പതറുമെങ്കിലും പിന്നീട് അതുമായി യോജിച്ച് പോവുന്നുണ്ട് എന്നതും ശരിയാണ്. പ്രത്യേകിച്ചും ശാസ്ത്രീയമായ സമീപനം പുലര്‍ത്തുന്ന നിലവാരമുള്ള അധ്യാപകരും സ്‌കൂളുമാണെങ്കില്‍. മൂത്ത രണ്ടാളുകളും ഈ ബുദ്ധിമുട്ടിനെ അതിജീവിച്ചത് കണ്ടതാണ്.
മാതൃഭാഷയുടെ അടിസ്ഥാനപരമായ ഈ പ്രസക്തി അംഗീകരിക്കുമ്പോഴും മലയാളം മീഡിയം എന്ന സംവിധാനത്തിന്റെ ദുരന്ത വശങ്ങള്‍ അതിലുമെത്രയോ അധികമാണെന്നതാണ് അനുഭവം. ഈ അനുഭവമാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ണമായും മലയാളത്തിലായിരുന്നിട്ടും ഞങ്ങളുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തില്‍ തന്നെ ചേര്‍ത്തത്.
ഏറ്റവും ശ്രദ്ധേയമായ കാര്യം മലയാളം മാത്രം സംസാരിച്ച്, ചിന്താമണ്ഡലത്തില്‍ മലയാളം മാത്രമുണ്ടായിരുന്ന ഒരന്തരീക്ഷത്തില്‍ നിന്ന് നാല് വയസ്സിന് മുമ്പ് ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറിയ ഞങ്ങളുടെ മക്കള്‍ക്ക് അതുമായി പൊരുത്തപ്പെടാനും സ്വാഭാവികമായ രീതിയില്‍ ഇംഗ്ലീഷിലൂടെ കാര്യങ്ങള്‍ ഗ്രഹിക്കാനും ഏതാനും മാസങ്ങള്‍ കൊണ്ട് സാധിച്ചു, ഭേദപ്പെട്ട ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മറ്റേത് കുട്ടികളേയും പോലെ തന്നെ.
അതേ സമയം പത്താം ക്ലാസ് കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴും എനിക്ക് മലയാളത്തില്‍ പഠിച്ച കണക്കിലേയും സയന്‍സിലേയും കാര്യങ്ങള്‍ ഇംഗ്ലീഷുമായി ബന്ധപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. എന്റെ മലയാള മീഡിയത്തില്‍ നിന്ന് ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള മാറ്റം ദുരന്ത പൂര്‍ണമായിരുന്നെങ്കില്‍ മക്കളുടെ മലയാള പശ്ചാത്തലത്തില്‍ നിന്നും ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള മാറ്റം ചെറിയ പരിക്കുകളോടെയെങ്കിലും രക്ഷപ്പെടുന്നുണ്ട്. Transitional Period ല്‍ എനിക്കും അവര്‍ക്കും നേരിടേണ്ടി വന്ന ആഘാതവും അനുഭവത്തിലുള്ള വ്യത്യാസവും പ്രധാനമാണ്.
പത്താം ക്ലാസ് കഴിഞ്ഞ് ഇംഗ്ലീഷിലേക്കുള്ള മാറ്റം ഒരു വന്‍ ദുരന്തമായിരുന്നു. എന്റെ വിദ്യാഭ്യാസ ജീവിതത്തിലെ പരസ്പര ബന്ധത്തിലില്ലാത്ത രണ്ട് ദ്വീപുകളാണ് സ്‌കൂള്‍ കാലഘട്ടവും കോളേജ് കാലഘട്ടവും. പത്താം ക്ലാസ് കഴിഞ്ഞതിന് ശേഷം പത്ര, പുസ്തക വായനകള്‍ ഏറെക്കുറെ മുഴുവനായും ഇംഗ്ലീഷിലായതിനാല്‍ ഇംഗ്ലീഷ് പെട്ടെന്ന് വഴങ്ങി. ഇന്നും എനിക്ക് ഇഷ്ടമുള്ള മതം, രാഷ്ട്രീയം, സോഷ്യല്‍ സയന്‍സ്, ടെക്‌നോളജി തുടങ്ങിയ ഇഷ്ട മേഖലകളിലെല്ലാം വായിക്കാനും സംസാരിക്കാനും താല്‍പര്യം ഇംഗ്ലീഷാണ്. പക്ഷേ കോളേജ് കാലഘട്ടത്തിലെ മാറ്റം സയന്‍സ്, കണക്ക് പഠനത്തെ ശരിക്കും തകര്‍ത്തു.
Pancreatic gland ഉം Endocrinic gland മൊക്കെ സ്‌കൂളില്‍ പഠിച്ച ആഗ്‌നേയ ഗ്രന്ഥിയും അന്തസ്രാവി ഗ്രന്ഥിയുമൊക്കെയായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിഞ്ഞപ്പോഴേക്കും ഏകദേശം കോളേജിന് പുറത്തെത്തിയിരുന്നു. കണക്കില്‍ ജ്യോമട്രിയിലെ കടുകട്ടി മലയാള പദങ്ങളുടെയൊക്കെ ശരിക്കുള്ള അര്‍ത്ഥങ്ങള്‍ ഇന്നും ദുരൂഹം. സയന്‍സിലും കണക്കിലുമൊക്കെ മലയാളം എന്ന ലേബലില്‍ സംസ്‌കൃതത്തിലൂടെ പഠി(പ്പി)ച്ച ചവറുകളാണ് എന്റെ തലമുറയിലെ വലിയൊരു വിഭാഗത്തിന്റെ സയന്‍സ് പഠനം നശിപ്പിച്ചതിലെ പ്രധാന വില്ലന്‍.
ഈ സംസ്‌കൃതവല്‍ക്കരണം സാധാരണക്കാരനെ മലയാളത്തില്‍ നിന്നും ആട്ടിയോടിക്കുന്നതുമാണ്. ജീവിതത്തില്‍ വായിച്ച് തുടങ്ങിയിട്ട് മനസ്സിലാക്കാന്‍ പറ്റാത്തതിനാല്‍ മുഴുവനാക്കാതെ ഉപേക്ഷിച്ച ഒറ്റ പുസ്തകമേ ഉള്ളൂ. പ്രമുഖ മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവിയായിരുന്ന കെ. ദാമോദരന്റ ‘ഭാരതീയ ദര്‍ശനം’ ആണത്.
ഈ പരിമിതി സയന്‍സിലോ സാങ്കേതിക പദങ്ങളിലോ മാത്രമായി ഒതുങ്ങുന്നതുമല്ല. കേരളത്തിനോ ഇന്ത്യക്കോ അപ്പുറത്തുള്ള രാഷ്ട്രീയം ഗൗരവമായി സമീപിക്കുന്നെങ്കില്‍ പോലും മലയാളം മാറ്റി വെക്കേണ്ടി വരും. 40 ലക്ഷത്തോളം മലയാളികള്‍ താമസിക്കുന്ന പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ പറ്റി ഗൗരവമായ എന്തെങ്കിലും വായിക്കണമെങ്കില്‍ ഇംഗ്ലീഷ് അല്ലെങ്കില്‍ അറബി അറിയണം. ജാപനീസ് ഭാഷ സംസാരിക്കുന്ന 50,000 പേര്‍ പോലും ഇല്ലാത്ത കാലത്താണ് ലോകത്തെ ഏറ്റവും മികച്ച ഖുര്‍ആന്‍ പരിഭാഷകളിലൊന്നായി വിലയിരുത്തപ്പെടുന്ന തോഷികോ ഇസുത്സുവിന്റെ ജാപനീസ് പരിഭാഷ പുറത്തിറങ്ങുന്നത്.
ഖുര്‍ആന്റെ ഭാഷാപരമായ സവിശേഷതകളുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നവര്‍ ഇന്നും ഏറ്റവുമധികം ഉദ്ധരിക്കാറുള്ളത് മുപ്പതോളം ഭാഷകളില്‍ കഴിവുണ്ടായിരുന്ന ഇസുത്സു എഴുതിയ പുസ്തകങ്ങളാണ്. എല്ലാ മേഖലയിലും ഇത് തന്നെയാണ് സ്ഥിതി. നല്ല സിനിമകളുടെ കൂട്ടത്തിലൊന്നും മലയാളം എവിടെയുമില്ല. പക്ഷേ ജാപനീസും ഹംഗേറിയനും ഇറാനിയനുമൊക്കെ ഇഷ്ടം പോലെ കാണും.
ഭാഷ അടിസ്ഥാന പരമായി ഒരു ടൂളാണ്. ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാനും അതിനോട് ഇടപഴകാനുമുള്ള ഏറ്റവും അനിവാര്യമായ ഒരു ഉരുപ്പടി. എല്ലാ ഭാഷകളും തുല്യമാണ് എന്ന തത്വം അംഗീകരിക്കുമ്പോഴും പ്രായോഗിക തലത്തില്‍ ‘ചിലര്‍ കൂടുതല്‍ സമന്‍മാര്‍’ ആണെന്ന യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണടച്ചിട്ട് കാര്യമില്ല. സയന്‍സ്, ഐ.ടി. പോലുള്ള മേഖലകളില്‍ എന്തെങ്കിലും ഇടപെടലിന് മലയാളം സജ്ജമല്ല. മലയാളികള്‍ ഇതിലെല്ലാം എന്തെങ്കിലും ഗൗരമായി ചെയ്യുന്നുണ്ടെങ്കില്‍ അത് ഇംഗ്ലീഷിലാണ്. അപവാദങ്ങള്‍ കാണും, പക്ഷേ അത് അപവാദങ്ങള്‍ മാത്രമാണ്.
ജപ്പാന്‍കാരും ജര്‍മന്‍കാരുമൊക്കെ ചെയ്യുന്നില്ലേ എന്ന് ചോദിച്ചാല്‍ ആന മുക്കുന്നത് പോലെ മുയല്‍ മുക്കിയിട്ട് കാര്യമില്ലെന്നേ പറയാനാവൂ. ഒരു കുട്ടിക്ക് ജനനം തൊട്ട് മരണം വരെ പഠിക്കാനും ഗവേഷണം നടത്താനുമുള്ള എന്തും അവരുടെ ഭാഷയില്‍ ലഭ്യമാണ്. അവര്‍ക്ക് വേണ്ട ജോലിയും മറ്റ് ജീവിത സാഹചര്യങ്ങളുമെല്ലാം അവിടെ തന്നെയുണ്ട്. അത് കൊണ്ടാണ് ലോകത്തെ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രങ്ങളുടെ കണക്കെടുത്താല്‍ ഇംഗ്ലീഷിനെ പോലും പുറന്തള്ളി ജാപനീസ്, ജര്‍മന്‍ പത്രങ്ങള്‍ മുന്നില്‍ വരുന്നത്.
ഇന്റര്‍നെറ്റ് പോലുള്ള സാങ്കേതിക വിദ്യകളെ അവര്‍ പൂര്‍ണമായും അവരുടെ ഭാഷകളിലാക്കി മെരുക്കിക്കഴിഞ്ഞു. പ്രമുഖ ഭാഷാ ശാസ്ത്രജ്ഞനായ നിക്കോളാസ് ഓസ്ലര്‍ ഇംഗ്ലീഷല്ല, പ്രാദേശിക ഭാഷകളാണ് ടെക്‌നോളജിയുടെ പിന്‍ബലത്തോടെ വളരുന്നത് എന്ന് പറഞ്ഞതും ഈയര്‍ത്ഥത്തിലായിരുന്നു. മറ്റൊരു ജാപ്പനീസോ ജര്‍മനോ ആവാന്‍ മലയാളത്തിന് ഇന്നത്തെ നിലയില്‍ സാധിക്കില്ല. ചുരുക്കം ചില മെഡിക്കല്‍ കോളേജുകളൊഴിച്ചാല്‍ ഇന്ത്യന്‍ നിലവാരത്തില്‍ പോലും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിലധികമില്ല.
മൂന്ന് വര്‍ഷം മുമ്പ് പൂനയിലേക്ക് പറിച്ച് നടുമ്പോള്‍ കുട്ടികളെ അങ്ങോട്ട് മാറ്റണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ഭാഷ വീണ്ടും വില്ലനായി. സെകന്റ് ലാംഗ്വേജ് ഹിന്ദിയാണ്, മലയാളം എവിടെയുമില്ല. ഫ്രഞ്ച് പല സ്‌കൂളുകളിലും ഉണ്ടായിരുന്നു. ഹിന്ദിയാണെങ്കില്‍ ലേശം കട്ടിയായതിനാല്‍ മക്കള്‍ക്ക് താല്‍പര്യവുമില്ല. അവര്‍ ഫ്രഞ്ച് പഠിച്ചിട്ടില്ലായിരുന്നു. അവസരമില്ലാഞ്ഞിട്ടല്ല, ഇവിടെ അവരുടെ സ്‌കൂളില്‍ ഫ്രഞ്ചുണ്ടായിരുന്നതാണ്. പക്ഷേ ഇംഗ്ലീഷ് മീഡിയം ആണെങ്കിലും മക്കള്‍ നന്നായി മലയാളവും പഠിക്കണമെന്ന ആഗ്രഹത്തില്‍ ഫ്രഞ്ചിന് പകരം മലയാളം എടുത്തു. ആ തീരുമാനം വിനയായി. അങ്ങനെ അവരെ പൂനയിലേക്ക് മാറ്റാനുള്ള പരിപാടി തന്നെ ഉപേക്ഷിച്ചു. പകരം ആ ജോലി കളഞ്ഞ് വീട്ടില്‍ നിന്ന് ജോലിയെടുക്കാന്‍ ഒപ്ഷനുള്ള ജോലിയിലേക്ക് മാറി നാട് പിടിച്ചു.
പറഞ്ഞ് വരുന്നത് ഈ മലയാളം മീഡിയവും വെച്ച് കേരളം കടന്നാല്‍ ജീവിക്കാന്‍ വല്യ പാടാണ്. ഉപരിപഠനത്തിനും മികച്ച തൊഴിലിനുമുള്ള സാധ്യതകള്‍ പരിമിതമാണ്. മലയാളം മീഡിയത്തില്‍ പഠിച്ച് എത്ര തന്നെ മികച്ച ഇംഗ്ലീഷ് സ്‌കില്‍ ഉണ്ടാക്കിയെടുത്താലും വിഷയങ്ങള്‍ പഠിച്ചത് ഇംഗ്ലീഷിലല്ലെങ്കില്‍ തുടര്‍ പഠനത്തിന് ഒരു ഇന്റര്‍വ്യൂ പോലും കടന്ന് കയറാന്‍ പറ്റില്ല. ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളോ തൊഴില്‍ നല്‍കുന്ന കമ്പനികളോ ഇല്ലാത്ത കേരളത്തില്‍ നിന്ന് കുട്ടികളും മുതിര്‍ന്നവരുമൊക്കെ സംസ്ഥാനത്തിനോ രാജ്യത്തിനോ പുറത്ത് പോകേണ്ടത് അനിവാര്യവുമാണ്.
അങ്ങനെ നല്ലൊരു തൊഴില്‍ സ്വപ്നം കാണുന്ന മാതാപിതാക്കള്‍ക്കും ഉന്നത നിലവാരമുള്ള അകാദമിക് സാഹചര്യം തേടുന്ന കുട്ടികള്‍ക്കും ഒരേ പോലെ വിലങ്ങ് തടിയാവുകയാണ് മലയാളം മീഡിയം.
പൂര്‍ണമായും ആഗോളവല്‍ക്കരിക്കപ്പെട്ട ഈ കാലഘട്ടത്തില്‍ അതിനെ പ്രതിരോധിക്കാനോ ഉപയോഗപ്പെടുത്താനോ യാതൊരു ശേഷിയുമില്ലാത്ത ഒന്നാണ് മലയാളം. അങ്ങനെയൊന്ന് ഉണ്ടാവാനുള്ള സാധ്യതയാണെങ്കില്‍ അതി വിദൂരമാണ്. Artificial intelligence പോലുള്ള മേഖലകളില്‍ വന്‍ വിപ്ലവം വന്ന് ഏത് ഭാഷയില്‍ നിന്നും എങ്ങോട്ടും നിമിഷ നേരം കൊണ്ട് കാര്യങ്ങള്‍ പരിഭാഷപ്പെടുത്താന്‍ സാധിക്കുന്ന രീതിയിലെത്തിയാലേ അതൊക്കെ സ്വപ്നം കാണാനെങ്കിലു പറ്റൂ.
ഒന്നുകില്‍ ഈ ശേഷി മലയാളത്തിന് ഉണ്ടാക്കാനുള്ള സാധ്യത തേടണം. അല്ലെങ്കില്‍ പരിമിതികളും പോരായ്മകളും ഒരുപാടുള്ള ഇംഗ്ലീഷ് മീഡിയത്തിന്റെ സാധ്യത ഉപയോഗിക്കണം. ഈ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാത്ത മലയാളം മീഡിയ വാദങ്ങള്‍ ഒരു കെണിയാണ്. ഒരുപാട് പ്രിവിലേജുള്ളവര്‍ക്ക് അതൊക്കെ താങ്ങാന്‍ പറ്റിയെന്ന് വരും, അതില്ലാത്തവര്‍ക്ക് പറ്റില്ല. മലയാളം മീഡിയത്തിന്റെ പരിമിതികള്‍ കൂടുതല്‍ ആഴമുള്ളതും ഘടനാപരവുമാണ്. അധ്യാപകരുടെ നിലവാരം ഉയര്‍ത്തിയോ പൊതുവിദ്യാലയങ്ങളുടെ മറ്റ് വിഭവ ശേഷി കൂട്ടിയോ മാത്രം അത് പരിഹരിക്കാന്‍ സാധിക്കില്ല. ഇംഗ്ലീഷ് മീഡിയത്തിന്റെ പോരായ്മകള്‍ പലപ്പോഴും ഇങ്ങനെ പരിഹരിക്കാന്‍ സാധ്യത നല്‍കുന്നെങ്കിലുമുണ്ട്.