| Tuesday, 9th January 2024, 5:59 pm

ചരിത്രം രചിച്ച് ലിലി ഗ്ലാഡ്സ്റ്റണ്‍, ഈ നേട്ടത്തിലെത്തുന്ന ആദ്യതാരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

81ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പന്‍ഹൈമര്‍ മികച്ച ചിത്രത്തിനടക്കം അഞ്ച് അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരുന്നു. എന്നാല്‍ പുരസ്‌കാര വേദിയില്‍ ചരിത്രം രചിച്ചിരിക്കുകയാണ് ലിലി ഗ്ലാഡ്സ്റ്റണ്‍. മാര്‍ട്ടിന്‍ സ്‌കോര്‍സെസെ സംവിധാനം ചെയ്ത കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവര്‍ മൂണ്‍ എന്ന ചിത്രത്തിലെ അഭിനയമാണ് താരത്തിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

ഡ്രാമാ വിഭാഗത്തിലെ സിനിമകളില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ ലിലി ഗ്ലാഡ്സ്റ്റണ്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിത എന്ന ചരിത്രനേട്ടവും നേടി. അമേരിക്കയിലെ ബ്ലാക്ക്ഫീറ്റ് ഗോത്ര വിഭാഗത്തില്‍ നിന്ന് വന്ന ലിലിയുടെ അരങ്ങേറ്റം 2012ല്‍ പുറത്തിറങ്ങിയ ‘ജിമ്മി പി. എ സൈക്കോതെറാപി ഓഫ് പ്ലെയിന്‍സ് ഇന്ത്യന്‍സ്’ എന്ന ചിത്രത്തിലൂടെയാണ്.

ബ്ലാക്ക് ഫീറ്റുകലുടെ ഭാഷയില്‍ പ്രസംഗം ആരംഭിച്ച ലിലി ഈ നേട്ടം സ്വന്തം ഗോത്രത്തിലെ ഓരോ കുട്ടികള്‍ക്കും അവാര്‍ഡ് സമര്‍പ്പിക്കുന്നു എന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത് ‘ചരിത്രപരമായ ഒരു വിജയമാണ് ഇത്. എന്റെ മാത്രം വിജയമല്ല എന്റെ ഗോത്രത്തിലുള്ള ഗ്രാമത്തിലെയും നഗരത്തിലെയും ഓരോ കൊച്ചു കുട്ടിയുടേതുമാണ് ഈ വിജയം’ ലിലി വ്യക്തമാക്കി.

ലിയൊനാര്‍ഡോ ഡി കാപ്രിയോ, റോബര്‍ട്ട് ഡി നീറോ, ബ്രന്‍ഡന്‍ ഫ്രേസര്‍ തുടങ്ങി വന്‍ താരനിര തന്നെയായിരുന്നു ചിത്രത്തില്‍ ഉള്ളത്. 1930കളില്‍ അമേരിക്കയിലെ ഓസേജ് ഗോത്രത്തിന് നേരെ വെളുത്ത വര്‍ഗക്കാര്‍ നടത്തിയ അക്രമങ്ങളെപ്പറ്റിയാണ് സിനിമ പറയുന്നത്. നിരൂപക പ്രശംസ നേടിയ ചിത്രം ഒസ്‌കാറിനുള്ള നാമനിര്‍ദ്ദേശ പട്ടികയിലുമുണ്ട്.

Content Highlight: Lily Gladstone wins Golden Globe Awards

Latest Stories

We use cookies to give you the best possible experience. Learn more