| Sunday, 30th September 2018, 7:05 pm

ലില്ലി- അതിജീവനത്തിന്റെ സുഗന്ധം..

ശംഭു ദേവ്

സമീപകാലത്ത് ഇത്രയേറെ ആകര്‍ഷിച്ച പോസ്റ്റര്‍ വര്‍ക്കുകള്‍ ഉണ്ടായിരുന്നില്ല,അത്രയേറെ അര്‍ത്ഥവത്തായ പോസ്റ്റര്‍ ഡിസൈനുകളായിരുന്നു “ലില്ലി” എന്ന നവാഗതനായ പ്രശോഭ് വിജയന്റെ ചിത്രത്തിന്റേത്. പോസ്റ്ററുകളിലും ട്രെയ്‌ലറുകളും പുലര്‍ത്തിയ നിലവാരവും വിശ്വാസവും ഒട്ടും തെറ്റിക്കാതെ ആശയത്തോട് നൂറു ശതമാനവും നീതി പുലര്‍ത്തുന്ന,പ്രശംസ അര്‍ഹിക്കുന്ന ശ്രമമാണ് “ലില്ലി”.

പേരിലെ പോലെ തന്നെ ലില്ലിയുടെ കഥയാണ് ചിത്രം.ലില്ലി ഗര്‍ഭിണിയാണ്,ഒരു രാത്രിയില്‍ അവര്‍ക്കു സംഭവിക്കുന്ന അസ്വാഭാവികമായ സന്ദര്‍ഭത്തെ ചുറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.ചിത്രത്തിന്റെ തുടക്കത്തിലേ ടൈറ്റില്‍സില്‍ കാണിക്കുന്നത് പോലെ പൊഴിഞ്ഞു വീഴുന്ന പൂവാണ് ലില്ലി,അവളെ ചവിട്ടി അരയ്ക്കുന്ന മനുഷ്യന്റെ കാല്പാദങ്ങളും.

ചിത്രം ഒരു ത്രില്ലര്‍ സ്വഭാവത്തിലാണ് മുഴുനീളെ സഞ്ചരിക്കുന്നത്,കാരണങ്ങളും ഉത്തരങ്ങളും തേടി ക്ലൈമാക്‌സിലെ അത്യുഗ്രന്‍ സസ്‌പെന്‍സിലേക്കു നയിക്കുന്ന ശൈലിയിലല്ല,മറിച്ച് ഒരു കുരുക്കില്‍ പെട്ട ഗര്‍ഭിണിയുടെ നിസ്സഹായതയും സാഹസികതയും നിറഞ്ഞ അതിജീവനത്തെ,പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന കഥ സന്ദര്‍ഭങ്ങളിലാണ് പ്രശോഭ് വിജയന്‍ അണിയിച്ചൊരുക്കിയ ലില്ലി.

പുരുഷ കേന്ദ്രീകൃത കഥാപാത്രങ്ങളില്‍ മലയാള സിനിമ ഒതുങ്ങി നിന്നപ്പോള്‍,മാറുന്ന മലയാള സിനിമയുടെ മുഖ മുദ്രയില്‍ സമീപകാലങ്ങളില്‍ സ്ത്രീ കേന്ദ്രിതമായ ചിത്രങ്ങളും,കഥാപാത്രങ്ങളും ഉണ്ടായിരുന്നു,സിനിമകളില്‍ സ്ത്രീകള്‍ക്കായി ചെയ്യുവാന്‍ ഒന്നുമില്ലാതെ മാറിനിന്നപ്പോള്‍,തമിഴ് സിനിമകളില്‍ പോലും സ്ത്രീ കേന്ദ്രിതമായി ഒട്ടേറെ പരീക്ഷണ ചിത്രങ്ങള്‍ ഒരുക്കുവാന്‍ നവാഗതരായ സംവിധായകര്‍ ശ്രമിക്കുകയും,വിജയം കണ്ടെത്തുവാന്‍ സാധിക്കുകയും ചെയ്തിരുന്നു.

FILM REVIEW ചെക്കാ ചിവന്ത വാനം- മനുഷ്യര്‍ ചുവക്കുമ്പോള്‍,ആകാശവും…

അതുകൊണ്ടു തന്നെ അന്യ ഭാഷ സിനിമകളില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവികള്‍ ഉയര്ന്നു വരികയും,അഭിനയിക്കുന്ന നായികന്റെയൊപ്പം നായികയുടെയും പേര് കാണികള്‍ ശ്രദ്ധിക്കുകയും,സിനിമകള്‍ കാണുവാനും തുടങ്ങിയിരുന്നു.തമിഴ് സിനിമയില്‍ നയന്‍താരയുടെ സിനിമയ്ക്കു ഫ്ളക്സുകളുടെയും,ആളുകളുടെയും എണ്ണം കൂടുവാന്‍ തുടങ്ങിയത് സിനിമയെ യാതൊരു വിധ വേര്‍തിരിവില്ലാതെ ആസ്വദിക്കുകയും കൈയ്യടിക്കുകയും ചെയ്ത പ്രേക്ഷന്റെ മാറ്റം കൂടിയായിരുന്നു.ലില്ലി എന്ന ചിത്രവും നമ്മള്‍ അന്യ ഭാഷകളില്‍ കണ്ടാല്‍ കൈയടിച്ചു വിജയിപ്പിക്കുന്ന പരീക്ഷണ ചിത്രവും,സ്വഭാഷയില്‍ ഇറങ്ങിയാല്‍ മുഖം തിരിച്ചു നടന്ന്,ലാപ്‌ടോപ്പില്‍ കണ്ട് കൈയടിച്ചു, തീയേറ്ററില്‍ കാണാത്തതിന് കേതം പ്രകടപ്പിക്കുകയും ചെയുന്ന ചിത്രമാണ്.

സ്ത്രീ ശാക്തീകരണം എന്ന ലേബല്‍ സിനിമകള്‍ പുകവലിയും മദ്യപാനവും മാത്രം നിറഞ്ഞ സ്ത്രീ കഥാപാത്രങ്ങളിലേക്ക് ഒതുങ്ങി കൂടിയപ്പോള്‍,പ്രേക്ഷകര്‍ക്ക് നഷ്ടമായത് സ്ത്രീകളുടെ ഇനിയും കണ്ടിട്ടില്ലാത്ത പല വൈകാരികത നിറഞ്ഞ കഥാപാത്രങ്ങളെ ആയിരുന്നു. ശക്തമായ സ്ത്രീ കഥഒത്രങ്ങള്‍ മലയാള സിനിമയില്‍ മുന്‍പും പിന്‍പും ഉണ്ടായിട്ടുണ്ട്,ഉര്‍വശിയും ശോഭനയും,രേവതിയും,മഞ്ജു വാരിയര്‍ തുടങ്ങിയവരെല്ലാം ശക്തമായ സ്ത്രീ കഥാപാത്രങ്ങളാല്‍ അരങ്ങു വാണിരുന്ന കാലമുണ്ടായിരുന്നു മലയാള സിനിമയില്‍ അവയെ എഴുതി ഫലിപ്പിക്കുവാനും വേണ്ട വിധത്തില്‍ പ്രതിഫലിപ്പിക്കാനുമുള്ള എഴുത്തുകാരും സംവിധായകരും ഉണ്ടായിരുന്നു അന്ന്. സമകാലീനരില്‍ ദിലീഷ് പോത്തനും,ലിജോ ജോസ് പെല്ലിശ്ശേരിയും,ആഷിഖ് അബുവുമെല്ലാം ശക്തമായ സ്ത്രീ കഥ പാത്രങ്ങളെയും,കഥകളെയും പ്രേക്ഷകനിലേക്കു അടുപ്പിച്ചവരാണ്.

പ്രശോഭ് വിജയന്റെ ലില്ലിയും ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ പട്ടികയിലേക്ക് ചാര്‍ത്തപ്പെടേണ്ട ചിത്രമാണ്. സ്ത്രീയുടെ ആഴമറ്റ വികാരങ്ങളെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത,അടിമച്ചമര്‍ത്തപ്പെട്ടവള്‍ക്കു ഏതറ്റം വരെയും പോകാനുള്ള ചങ്കൂറ്റം ഉണ്ടെന്നു പറഞ്ഞു പഠിപ്പിച്ച ചിത്രം.അതിജീവനം മാത്രം ലക്ഷ്യമായി മുന്നിലുള്ളവള്‍ക്കു ധൈര്യം ആയുധമായ കഥ.

ഇവയെ ഭാവ തീവ്രതയോടെ സംയുക്ത മേനോന്‍ ഒട്ടും അടിപതറാതെ തന്നെ കൈകാര്യം ചെയ്തിരിക്കുന്നു,ഗര്‍ഭിണിയായ സ്ത്രീയയായും,അതിജീവിക്കുന്നവളായും,ഭാര്യയായും കൈയടക്കത്തോടെയുള്ള അഭിനയം സംയുക്ത എന്ന നടി ഇവിടെ നിലനില്‍ക്കുമെന്നതിനുള്ള തെളിവായി അനുഭവപ്പെട്ടു.സംയുക്തയൊഴികെ സിനിമയില്‍ അഭിനയിച്ചവരെല്ലാം തന്നെ പുതു മുഖങ്ങളായിരുന്നു.ആര്യന്‍ മേനോന്‍,കണ്ണന്‍ നായര്‍.ധനേഷ് ആനന്ദ്,കെവിന്‍ ജോസ് എന്നിവരെല്ലാം തന്നെ പുതുമുഖങ്ങളുടെ അടിപതറലുകള്‍ ഇല്ലാതെ തന്നെ അവരുടെ വേഷങ്ങള്‍ മികച്ചതാക്കി.

ശ്രീരാജ് രവീന്ദ്രന്റെ ഛായാഗ്രഹണവും സുശിന് ശ്യാമിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ത്രില്ലര്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മികച്ചു നിന്നു.ചോരയില്‍ ചിന്തിയ കഥാസന്ദര്ഭങ്ങളെ സ്വാഭാവികതയോടു ചേര്‍ന്ന് നില്‍ക്കുന്ന ഛായാഗ്രഹണ ശൈലിയായിരുന്നു ചിത്രത്തിന്റേത്.

ഇ ഫോര്‍ എന്റെര്‍റ്റൈന്മെന്റ്‌സ് പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കുന്നതിലും.നിലവാരം പുലര്‍ത്തുന്ന കഥപറച്ചിലിന്റെ കൂടെ നില്‍ക്കുന്ന ഒരു നിര്‍മാണ കമ്പനിയാണെന്നു അനുഭവപെട്ടു.പ്രൊഡക്ഷന്‍ കമ്പനിയുടെ പേരിലെ വിശ്വാസം എല്ലായ്പോഴും നിറവേറണമെങ്കില്‍ അവര്‍ തിരക്കഥകള്‍ തിരഞ്ഞെടുക്കുന്നതില്‍ പുലര്‍ത്തുന്ന സൂക്ഷ്മത അനുഭവപ്പെടുന്നുണ്ട്,നവാഗതരായ സംവിധായകര്‍ക്കു അവരുടെ കഥ പറയാന്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ നല്‍കുന്ന ഒരു സ്വാതന്ത്ര്യമുണ്ട്,നിലവാരം പുലര്‍ത്തികൊണ്ട് കഥപറയാന്‍ സാധിക്കുന്നിടത്ത്.

#OffOurBodies, #HearOurVoices : ലിംഗനീതിക്കായുള്ള സന്ദേശവുമായി ‘അമല’യിലെ പ്രൊമോ ഗാനം പുറത്തിറങ്ങി

ഗപ്പി എന്ന ചിത്രത്തില്‍ അത് പ്രകടമായി കണ്ടിരുന്നു,ഇപ്പോള്‍ ലില്ലിയിലും…ഇനിയും ഇത്തരം പരീക്ഷണങ്ങള്‍ നടത്തുവാന്‍ ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്‌സിനു സാധ്യമാവട്ടെ,അതിനു പിന്തുണ നല്‍കാന്‍ പ്രേക്ഷകനും…പ്രശോബ് വിജയന്‍ എന്ന പുതുമുഖ സംവിധായകന്‍ നല്‍കുന്ന ആത്മവിശ്വാസമുണ്ട് ,താരമൂല്യമില്ലാതെയും,സ്ത്രീ കേന്ദ്രിതമായ സിനിമകള്‍ എടുക്കാമെന്ന ചങ്കൂറ്റം,അത് എല്ലാവരിലേക്കും പടരട്ടെ..
ഇന്ന് ലില്ലിക്ക് കൈയടിക്കാതെയിരുന്നാല്‍,അതെല്ലാം നമ്മുടെ സിനിമകള്‍ക്ക് തന്നെ തിരിച്ചടിയായേക്കും…. ലില്ലി അതി ജീവനമാണ്….

ശംഭു ദേവ്

We use cookies to give you the best possible experience. Learn more