അടിച്ചമര്‍ത്താന്‍ അവര്‍ ശ്രമിക്കും;പ്രതിഷേധ തീക്കനലിലൂടെ നീതി നേടാന്‍ നമുക്കാകുമോ
Opinion
അടിച്ചമര്‍ത്താന്‍ അവര്‍ ശ്രമിക്കും;പ്രതിഷേധ തീക്കനലിലൂടെ നീതി നേടാന്‍ നമുക്കാകുമോ
ജിഗ്നേഷ് മേവാനി
Thursday, 8th October 2020, 3:58 pm
പെണ്‍കുട്ടിയുടെ ശരീരത്തില്‍ പരിക്കുകളോ ബലപ്രയോഗത്തിന്റെ അടയാളങ്ങളോ ഇല്ലാത്തതിനാല്‍ മതുര കേസ് ബലാത്സംഗമായി പരിഗണിക്കാന്‍ സാധിക്കില്ലെന്ന സുപ്രീം കോടതിയുടെ ഞെട്ടിപ്പിക്കുന്ന വിധി പ്രസ്താവത്തിലൂടെയാണ് ആ കേസ് പര്യവസാനിച്ചത്.

ഹാത്രാസിലെ ഠാക്കൂര്‍ വിഭാഗത്തില്‍പ്പെടുന്ന നാല് യുവാക്കള്‍ വാത്മീകി വിഭാഗത്തിലെ ദളിത് പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗികാതിക്രമത്തിലൂടെ കൊലപ്പെടുത്തിയതും, നീചമായ ഈ കുറ്റകൃത്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ക്രൂരമായ പ്രതികരണവും, ഒടുവില്‍ തെരുവുകളില്‍ രോഷം അലയടിക്കുന്ന വിധത്തില്‍ ജനങ്ങളെ പിടിച്ചുകുലുക്കിയിരിക്കുകയാണ്.

ഇതെല്ലാം നടക്കുന്നത് ഭരണഘടനയുടെ ജനാധിപത്യമൂല്യങ്ങളെ സംരക്ഷിക്കാന്‍ നടന്ന സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കും അതിനെ പിന്തുടര്‍ന്ന് നടന്ന ജനാധിപത്യവിരുദ്ധ അറസ്റ്റുകള്‍ക്കും ശേഷമാണ്.

അര്‍ധരാത്രി ധൃതിപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അസാന്നിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചതും- ഹാത്രാസ് ജില്ലാ ഭരണകൂടം അതിര്‍ത്തി പ്രദേശങ്ങളുള്‍പ്പെടെ സീല്‍ ചെയ്തതും- മാധ്യമപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് പ്രവേശിക്കുന്നതും തടഞ്ഞ, പൊലീസ് നടപടിക്ക് പിന്നിലെ നാണംകെട്ട ധിക്കാരമാണ് ആളുകളെ ഞെട്ടിപ്പിച്ചത്.

മാധ്യമങ്ങള്‍ക്ക് മാത്രമല്ല യു.പി ഭരണകൂടം വിലക്കേര്‍പ്പെടുത്തിയത്, അതുവഴി അവരുടെ മൗലികാവകാശമായ മാധ്യമസ്വാതന്ത്ര്യത്തിനു കൂടിയാണ്.

രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ മുഖമായ രാഹുല്‍ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലീസ് തടഞ്ഞു, അവരെ മര്‍ദ്ദിച്ചുവെന്ന് പോലും ആരോപണങ്ങള്‍ ഉണ്ട്. ദല്‍ഹി-യു.പി അതിര്‍ത്തി അടച്ചുപൂട്ടി, നോയിഡയില്‍ ശക്തമായ പൊലീസ് പട്രോളിങ്ങ് ഏര്‍പ്പെടുത്തി.

ഹാത്രാസിലേത് പീഡനമല്ലായിരുന്നുവെന്ന് വരുത്തിതീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് യു.പി ഭരണകൂടമിപ്പോള്‍. അലിഗഡ് ഹോസ്പിറ്റല്‍ അതൊരു ലൈംഗിക പീഡനം തന്നെയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടതിന് ശേഷമാണിതെല്ലാം നടക്കുന്നത്.

രാഷ്ട്രീയ മേധാവിത്വമുള്ള ഠാക്കൂര്‍ വിഭാഗങ്ങളില്‍പ്പെടുന്നവരാണ് നാല് റേപ്പിസ്റ്റുകളും, മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇതേ വിഭാഗത്തിലുള്ളയാളാണ്.

ഇതുവരെ നടന്ന അന്വേഷണങ്ങള്‍ പരിഗണിച്ചാല്‍, ഞാന്‍ ഉത്തര്‍പ്രദേശ് പൊലീസിനെയോ, സി.ബി.ഐയേയൊ കണക്കിലെടുക്കില്ല. ഒരു പ്രത്യേക അന്വേഷണ ഏജന്‍സിയുടെ കീഴില്‍ മാത്രമേ ഈ കേസില്‍ നീതിയുക്തമായ അന്വേഷണം നടക്കുകയുള്ളൂ.

അതില്‍ തന്നെ രണ്ട് ഉദ്യോഗസ്ഥരെങ്കിലും പെണ്‍കുട്ടിയുടെ കുടുംബം നിര്‍ദേശിക്കുന്നവരാകണം. ഇത് സംഭവിക്കാന്‍ ദളിത് നേതാക്കളെയും, മനുഷ്യാവകാശ പ്രവര്‍ത്തകരെയും അഭിഭാഷകരെയും പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ അനുവദിക്കണം, എങ്കില്‍ മാത്രമേ വിശ്വാസ്യതയുള്ള ഒരു ഉദ്യോഗസ്ഥന്റെ പേര് ആ കൂടുംബത്തിന് നിര്‍ദേശിക്കാന്‍ കഴിയുകയുള്ളൂ.

പക്ഷേ ബി.ജെ.പിയുടെ കീഴില്‍ ഉത്തര്‍പ്രദേശും, ഇന്ത്യയും എന്തായി തീര്‍ന്നുവെന്നത് പരിഗണിക്കുമ്പോള്‍ ഈ സാധ്യതകള്‍ വളരെ നേരിയതാകുകയാണ്.

ഈ സംഭവത്തിന് ശേഷം പ്രതിഷേധം ശക്തമായതിന് പിന്നാലെ എന്നിലും, സമാനമായ രീതിയില്‍ ചിന്തിക്കുന്ന പലരുടെ ഇടയിലും ഒരു ചോദ്യം ഉയരുന്നുണ്ട്. ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഈ ഭരണകൂടത്തിന് ചില പരിക്കുകളെങ്കിലും ഉണ്ടാക്കുമോ? അങ്ങിനെയൊരു മാറ്റം നമുക്ക് പ്രതീക്ഷിക്കാന്‍ സാധിക്കുമോ? അത് എത്ര ചെറുതാണെങ്കിലും!

ജാതി അധിഷ്ഠിതമായ ലൈംഗികാതിക്രമങ്ങള്‍

ഈ സംശയത്തെ മനസിലാക്കാന്‍ ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിലേക്ക് കൂടി നോക്കേണ്ടതുണ്ട്.

ബലാത്സംഗം എന്നത് ഇന്ത്യയുടെ പുരുഷാധിപത്യ സമുഹത്തിലെ വസ്തുതയാണ്, ജാതി അധിഷ്ഠിത പീഡനങ്ങളാകട്ടെ ഫ്യൂഡല്‍ മനുവാദി വ്യവസ്ഥയിലെ യാഥാര്‍ത്ഥ്യവും.

1970ലെ മതുര കസ്റ്റോഡിയല്‍ കേസ് ചരിത്രപ്രധാനമായ ഒരു സംഭവമാണ്. മതുര എന്നുപേരുള്ള ആദിവാസി പെണ്‍കുട്ടി മഹാരാഷ്ട്രയില ഗൊഡ്ചിരോളിയില്‍ വെച്ച് രണ്ട് പൊലീസുകാരാല്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയായിരുന്നു.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ പരിക്കുകളോ ബലപ്രയോഗത്തിന്റെ അടയാളങ്ങളോ ഇല്ലാത്തതിനാല്‍ മതുര കേസ് ബലാത്സംഗമായി പരിഗണിക്കാന്‍ സാധിക്കില്ലെന്ന സുപ്രീം കോടതിയുടെ ഞെട്ടിപ്പിക്കുന്ന വിധി പ്രസ്താവത്തിലൂടെയാണ് ആ കേസ് പര്യവസാനിച്ചത്.

ഈ വിധി പൗരസമൂഹത്തിന്റെയും ഫെമിനിസ്റ്റ് ഗ്രൂപ്പുകളുടെയും നിയമജ്ഞരുടെയും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. വിധിക്ക് പിന്നാലെ ആയിരക്കണക്കിന് പേര്‍ തെരുവില്‍ അണിനിരന്നു, ലേഖനങ്ങള്‍ എഴുതി, ക്യാമ്പയിനുകള്‍ നടത്തി, ഒടുവിലത് ഇന്ത്യയിലെ ലൈംഗികാതിക്രമണ കേസുകളുമായി ബന്ധപ്പെട്ട നിയമഭേദഗതിക്ക് കാരണമാകുകയും ചെയ്തു.

1990ല്‍ രാജസ്ഥാനില്‍ നടന്ന ഒരു കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് സമാനമായ ഒരു പാത കൂടി രൂപപ്പെട്ടു. ഗുജ്ജാര്‍ പുരുഷന്മാരാണ് ബന്‍വാരി ദേവിയെ ക്രൂരമായി പീഡിപ്പിച്ചത്.

എന്നാല്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട പുരുഷന്മാര്‍ താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീയെ ബലാത്സംഗം ചെയ്ത് സ്വയം അശുദ്ധരാകില്ല എന്ന വാദം ഉയര്‍ത്തിയായിരുന്നു കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്.

ഈ സമയത്ത് പട്ടിക ജാതി /പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമം നടപ്പിലായിരുന്നില്ല. പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടതിന് പിന്നാലെ വിധി ന്യായത്തിനെതിരായുള്ള ദേശീയ വ്യാപകമായ പ്രതിഷേധത്തിനായിരുന്നു രാജ്യം സാക്ഷ്യം വഹിച്ചത്.

മതുരയുടേത് പോലെ തന്നെ ബന്‍വാരി ദേവി കേസും വ്യാപകമായ പ്രതിഷേധങ്ങള്‍ക്കും ഫെമിനിസ്റ്റ് പ്രക്ഷോഭത്തിനും രാഷ്ട്രീയ മാറ്റത്തിനും കാരണമായി. ഇന്ത്യയിലെ തൊഴിലിടങ്ങളിലെ ലൈംഗിക പീഡന നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ഈ പ്രതിഷേധങ്ങള്‍ കാരണമായി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ എത്തരത്തിലാണ് ദളിത് ആദിവാസി സ്ത്രീകള്‍ക്ക് നീതി നിഷേധിച്ചു പോന്നിരുന്നത് എന്നു മനസിലാക്കാന്‍ ഈ കഥകള്‍ അറിയേണ്ടതും ഈ സംഭവങ്ങളിലേക്ക് തിരിഞ്ഞു നോക്കേണ്ടതും അനിവാര്യമാണ്.

രാഷ്ട്രീയമായി പറഞ്ഞാല്‍ അന്നും ഇന്നും തമ്മിലുള്ള സുപ്രധാന മാറ്റങ്ങളെ ഈ സംഭവം ഉയര്‍ത്തിക്കാട്ടുകയാണ്.

അന്നും സവര്‍ണ ജാതിക്കാര്‍ക്കോ അധികാരം കയ്യാളുന്ന കുറ്റവാളികള്‍ക്കോ നിയമപരമായ ശിക്ഷ ലഭിച്ചിരുന്നില്ല. അതേസമയം ഇന്ത്യയിലെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ നടപ്പിലാകുകയും ചെയ്തു.

ഇന്ന് ഉന സംഭവത്തിനെതിരെയും, രോഹിത് വെമുലയുടെ ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകത്തിനെതിരെയും, വാത്മീകി കൂട്ടബലാത്സംഗത്തിനെതിരെയും നിലകൊണ്ട ഒരാളെന്ന നിലയില്‍ പ്രകടമായ വിജയങ്ങള്‍ കുറയുമെന്ന് ഞാന്‍ ഭയപ്പെടുന്നുണ്ട്.

മുന്‍ സര്‍ക്കാരുകളും ആക്റ്റിവിസ്റ്റുകളോട് താത്പര്യക്കുറവ് കാട്ടിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അവരോട് ഉദാസീനത കാട്ടുന്നവര്‍ മാത്രമല്ല അവരെ ക്രമിനലുകളായി മുദ്രകുത്തുന്നതില്‍ സജീവ പങ്കാളികള്‍ കൂടിയാണ്.

ഉന, വെമുല പ്രക്ഷോഭങ്ങളില്‍ നിന്ന് ഞാന്‍ പഠിച്ചത്

2016ല്‍ ഉനയില്‍ ബി.ജെ.പി ബന്ധമുള്ള, ഗോരക്ഷകര്‍ എന്നവകാശപ്പെടുന്ന കുറ്റവാളികള്‍ ദളിത് കുടുംബത്തിലെ ഏഴ് പേരെ അതിക്രമിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് വ്യാപകമായി പ്രചരിപ്പിക്കുകയുമായിരുന്നു.

എന്നാല്‍ ബി.ജെ.പി ബന്ധമുള്ള കുറ്റവാളികളെ വെറുതെ വിടുകയും സംഭവത്തിനെതിരെ പ്രതിഷേധിച്ചവരെ നിരവധി തവണ കസ്റ്റഡിയിലെടുക്കുകയും സമാധാനപരമായ പ്രതിഷേധം നടത്തിയതിന് ഞങ്ങള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമാണ് ചെയ്തത്.

ഉന യാത്രയ്ക്ക് ശേഷം ദളിതര്‍ക്ക് ഭൂമി ആവശ്യപ്പെട്ട എന്റെ സഹപ്രവര്‍ത്തകര്‍ വിയോജിക്കാനുള്ള അവകാശം ഉപയോഗിച്ചു എന്നതിന്റെ പേരില്‍ ഇപ്പോഴും കോടതി കയറി ഇറങ്ങുകയാണ്.

രോഹിത് വെമുലയുടെ അമ്മ രാധികയേയും ബി.ജെ.പി തുടര്‍ച്ചയായി അധിക്ഷേപിക്കുകയും വേട്ടയാടുകയുമാണ് ചെയ്യുന്നത്.

ദളിത് വിയോജിപ്പിന്റെ ശക്തമായ മുദ്രയായ ഭീമ കൊറേഗാവ് ആഘോഷത്തില്‍ പങ്കെടുത്തവരെ അര്‍ബന്‍ നക്‌സലുകളായി മുദ്രകുത്തുകയായിരുന്നു. ഈ സംഭവത്തിലാകട്ടെ മുതിര്‍ന്ന ആക്റ്റിവിസ്റ്റുകളും അഭിഭാഷകരുമായ ആനന്ദ് തെല്‍തുംദേ, സുധ ഭരദ്വാജ് ഉള്‍പ്പെടെയുള്ളവര്‍ ജയിലിലാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രത്യാശ കൈവിടാതിരിക്കേണ്ടത് അനിവാര്യമാണ്. അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ നിശ്ചയമാണെങ്കിലും ഹാത്രാസ് പ്രതിഷേധത്തിലൂടെ നാം നീതി തേടേണ്ടതുണ്ട്.

ഇന്ന് കര്‍ഷകരുടെയും, ജാതിയെ എതിര്‍ക്കുന്നവരുടെയും ശബ്ദങ്ങള്‍ തെരുവില്‍ അലയടിക്കുന്നുണ്ട്. പക്ഷേ യു.പിയിലെ രണ്ട് മുന്‍ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവും മായാവതിയും ഇതുവരെ പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ടിട്ടില്ല. ഇത് വ്യക്തമാക്കുന്നത് പല ശബ്ദങ്ങളേയും നിശബ്ദമാക്കാനുള്ള ബി.ജെ.പിയുടെ ശക്തിയെയാണ്.

കോണ്‍ഗ്രസിനെ വളരെയെളുപ്പം ചവിട്ടിതാഴ്ത്താനും അതില്‍ നിന്ന് വിഷയം മാറ്റാനും ബി.ജെ.പിക്ക് സാധിക്കും. അതുപോലെ തന്നെ 2012ലെ ദല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ അന്നത്തെ യു.പി.എ ഭരണത്തോട് പ്രകടമായി അമര്‍ഷം രേഖപ്പെടുത്തിയ മാധ്യമങ്ങള്‍ക്കെല്ലാം ഇന്ന് സര്‍ക്കാരിനെ ചോദ്യം ചെയ്യാനും ഈ കേസിലെ ജാതി പ്രശ്‌നം ചര്‍ച്ച ചെയ്യാനും നാണക്കേടാണ്.

എന്നാല്‍ ബല്‍റാംപൂരിലെ ദളിത് യുവതി കൂട്ടബലാത്സംഗത്തിനിരയായത് വലതുപക്ഷ മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യത്തോടെ നല്‍കുന്നു. എന്തെന്നാല്‍ അവിടെ പ്രതിയൊരു മുസ്‌ലിമാണ് ഹാത്രാസിലാകട്ടെ കുറ്റരോപിതരായ ഠാക്കൂര്‍ വിഭാഗക്കാര്‍ക്കെതിരെ ഒരു ശബ്ദവും അവര്‍ പുറപ്പെടുവിച്ചിട്ടുമില്ല.

ദളിതര്‍ക്കെതിരായ കുറ്റകൃത്യം ഇന്നും, എക്കാലത്തും ഉണ്ടായിട്ടുണ്ട്. അതിനെതിരെ ഇന്നത്തെപോലെ തന്നെ എന്നും നമ്മള്‍ പ്രതിഷേധിക്കുകയാണ്. എന്നാല്‍ ഒരു ജാതി വിരുദ്ധ പ്രസ്ഥാനം ഹിന്ദുത്വ സര്‍ക്കാരിനു കീഴില്‍ ഒരു രാഷ്ട്രീയമാറ്റത്തിന് ദിശകാട്ടുമോ എന്ന് പറയാന്‍ പ്രയാസമാണ്.

ഈ സര്‍ക്കാരിനെതിരെ എന്തെങ്കിലും വിധത്തിലുള്ള ഒരു ചെറുത്തു നില്‍പ്പിന് രാജ്യത്തുടനീളമുള്ള തൊഴിലാളികളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളില്‍ഉള്‍പ്പെട്ടവരുടേയും വിശാലമായ ഒരു സഖ്യം ആവശ്യമാണ്. കുടിയേറ്റ തൊഴിലാളികളുടെ പാലായനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രമാണ് ഇതുവരെയായും തൊഴിലാളികളുടെ രോഷം പ്രകടമായി കണ്ടിട്ടുള്ളൂ.

യഥാര്‍ത്ഥ ചോദ്യം ഇപ്പോഴുണ്ടായിരിക്കുന്ന ഈ മാറ്റം ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്താന്‍ നമുക്ക് കഴിയുമോ എന്നതാണ്?

പരിഭാഷ: ശ്രിന്‍ഷ രാമകൃഷ്ണന്‍

(ഐ.പി.എസ്.എം.എഫ് സഹകരണത്താല്‍ ദി പ്രിന്റിന്റെ  അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)

Content Highlight: Like Una and Rohith Vemula, BJP govt will come after Hathras protesters: Jignesh Mevani

Content Highlight: Like Una and Rohit Vemula BJP govt will come after Hathras protesters Jignesh Mevani

 

ജിഗ്നേഷ് മേവാനി
രാഷ്ട്രീയപ്രവര്‍ത്തകന്‍. ഗുജറാത്തിലെ വാദ്ഗാം മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ