ഇന്ത്യന്‍ വനിതകളുടെ ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ തന്നെ വിക്കറ്റ് നേടി മലയാളി താരം മിന്നു മണി. ബംഗ്ലാദേശ് ഓപ്പണര്‍ ഷമീമ സുല്‍ത്താനയെ മടക്കിയാണ് മിന്നു തരംഗമായത്.
തന്റെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെയാണ് മിന്നു വിക്കറ്റ് നേടിയത് എന്നതാണ് ഈ നേട്ടത്തെ കൂടുതല്‍ മധുരമേറിയതാക്കുന്നത്. തുടരെ രണ്ട് പന്തില്‍ ബൗണ്ടറി വഴങ്ങിയ ശേഷമായിരുന്നു മിന്നുവിന്റെ വിക്കറ്റ് നേട്ടം.
മത്സരത്തിലെ അഞ്ചാം ഓവര്‍ എറിയാനായാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മിന്നുവിനെ പന്തേല്‍പിച്ചത്. ആദ്യ പന്തില്‍ ശാന്തി റാണി ബോര്‍മോന്‍ സിംഗിള്‍ നേടി സ്‌ട്രൈക്ക് ഷമിമ സുല്‍ത്താനക്ക് കൈമാറി. ഓവറിലെ രണ്ടും മൂന്നും പന്തുകള്‍ ബൗണ്ടറി കടന്നെങ്കിലും നാലാം പന്തില്‍ മിന്നു തിരിച്ചടിച്ചു.
മിന്നുവിന്റെ പന്തില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച സുല്‍ത്താനക്ക് പിഴച്ചു. ഡീപ് സ്‌ക്വയര്‍ ലെഗില്‍ ജെമീമ റോഡ്രിഗസിന്റെ കൈകളിലൊതുങ്ങുമ്പോള്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 13 പന്തില്‍ 17 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
മിന്നുവിന്റെ ഈ നേട്ടം ഇന്ത്യന്‍ ആരാധകര്‍ ഒന്നാകെ ആഘോഷമാക്കുമ്പോള്‍ ഈ വിക്കറ്റ് നേട്ടത്തിലെ അത്ഭുതാവഹമായ സാമ്യമാണ് മലയാളികളെ ആവേശത്താലാഴ്ത്തുന്നത്.
കേരളത്തില്‍ നിന്നും ദേശീയ ടീമിനായി കളിച്ച ആദ്യ താരമായ ടിനു യോഹന്നാന്‍ തന്റെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിലെ നാലാം പന്തിലാണ് വിക്കറ്റ് നേടിയത്. 2001ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലാണ് ടിനും ഓവറിലെ നാലാം പന്തില്‍ വിക്കറ്റ് നേടിയത്.
സമാനമായി കേരളത്തില്‍ നിന്നും ഇന്ത്യന്‍ ടീമിലെത്തിയ ആദ്യ വനിതാ താരമായ മിന്നുവും തന്റെ അരങ്ങേറ്റ മത്സരത്തിലെ നാലാം പന്തില്‍ വിക്കറ്റ് നേടി. ഈ അപൂര്‍വതയാണ് മലയാളികള്‍ ആഘോഷമാക്കുന്നത്.
അതേസമയം, മിര്‍പൂരില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. നിലവില്‍ 18 ഓവര്‍ പിന്നിടുമ്പോള്‍ 102 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ബംഗ്ലാദേശ്. 22 പന്തില്‍ നിന്നും 21 റണ്‍സ് നേടിയ ഷോമ അക്തറും ഏഴ് പന്തില്‍ നിന്നും ആറ് റണ്‍സുമായി റിതു മോനിയുമാണ് ക്രീസില്‍.
മിന്നു മൂന്ന് ഓവര്‍ പന്തെറിഞ്ഞ് ഏഴ് എന്ന എക്കോണമിയില്‍ 21 റണ്‍സ് വഴങ്ങിയാണ് വിക്കറ്റ് വീഴ്ത്തിയത്.
മിന്നുവിന് പുറമെ പൂജ വസ്ത്രാക്കര്‍, ഷെഫാലി വര്‍മ എന്നിവര്‍ ഇന്ത്യക്കായി വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബംഗ്ലാ ക്യാപ്റ്റന്‍ മിഗര്‍ സുല്‍ത്താന റണ്‍ ഔട്ടായി. റണ്ണിങ്ങിലെ മിസ് കമ്മ്യൂണിക്കേഷന്‍ സുല്‍ത്താനയെ ചതിച്ചപ്പോള്‍ ഏഴ് പന്ത് നേരിട്ട് രണ്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.
Content highlight: Like Tinu Yohannan, Minnu Mani took the wicket in the fourth ball of the first over