നക്‌സലുകളെ പോലെ സംരംഭകരെ കോണ്‍ഗ്രസ് രാജ്യത്തിന്റെ ശത്രുക്കളായി കാണുന്നു: നരേന്ദ്ര മോദി
national news
നക്‌സലുകളെ പോലെ സംരംഭകരെ കോണ്‍ഗ്രസ് രാജ്യത്തിന്റെ ശത്രുക്കളായി കാണുന്നു: നരേന്ദ്ര മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th May 2024, 4:47 pm

ജംഷഡ്പൂര്‍: കോണ്‍ഗ്രസ് നക്‌സലുകളെ പോലെ സംരംഭകരെ രാജ്യത്തിന്റെ ശത്രുക്കളായി കാണുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കൊള്ളയടിക്കാനുള്ള ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുകയാണെന്നും മോദി പറഞ്ഞു. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജ്യത്തിന്റെ പുരോഗതിക്ക് വ്യവസായങ്ങള്‍ ആവശ്യമാണെന്ന് ലോകത്തിന് മുഴുവന്‍ അറിയാം. ജംഷഡ്പൂരിന്റെ പേര് തന്നെ ജംഷഡ്ജി ടാറ്റയുടെ പേരിലാണ്. എന്നാല്‍ കോണ്‍ഗ്രസ് സംരംഭകരെ രാജ്യത്തിന്റെ ശത്രുക്കളായി കണക്കാക്കുന്നു.

അവര്‍ക്ക് പണം നല്‍കാത്ത വ്യവസായികളെ അവര്‍ ആക്രമിക്കും. അതാണ് അവരുടെ നയം. ഇതിനര്‍ത്ഥം കോണ്‍ഗ്രസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) പോലുള്ള പാര്‍ട്ടികള്‍ക്ക് രാജ്യത്തെ വ്യവസായങ്ങളില്‍ താത്പര്യമില്ല എന്നാണ്. അഴിമതിയിലും കൊള്ളയടിക്കലിലും മാത്രമാണ് അവര്‍ക്ക് ശ്രദ്ധ,’ മോദി പറഞ്ഞു.

രാജ്യത്തെ ഒരു വ്യവസായിയെയും നക്‌സലേറ്റുകള്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും, അതേ രീതിയാണ് കോണ്‍ഗ്രസിന്റേതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള കൊള്ളക്കാര്‍ക്ക് വോട്ട് ചെയ്ത് അവസരം പാഴാക്കരുതെന്നും മോദി ജനങ്ങളോട് ആവശ്യപ്പെട്ടു.

‘കോണ്‍ഗ്രസ്, ജെ.എം.എം, ആര്‍.ജെ.ഡി തുടങ്ങിയ പാര്‍ട്ടികള്‍ ജാര്‍ഖണ്ഡ് കൊള്ളയടിച്ചു. കോണ്‍ഗ്രസ് അഴിമതിയുടെ മാതാവാണ്. 2ജി, കല്‍ക്കരി തുടങ്ങിയ കുംഭകോണങ്ങളില്‍ കോണ്‍ഗ്രസ് കൊള്ളയുടെ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു. പണത്തിനു വേണ്ടി പല തരത്തിലുള്ള തട്ടിപ്പുകളാണ് അവര്‍ നടത്തുന്നത്,’ മോദി പറഞ്ഞു.

ജാര്‍ഖണ്ഡില്‍ ജെ.എം.എം ഭൂമി കുംഭകോണം നടത്തിയിട്ടുണ്ടെന്നും ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത അവര്‍ പാവങ്ങളുടെ പണം കൊള്ളയടിച്ചെന്നും മോദി പറഞ്ഞു. അഴിമതിക്കാരെ തടയാനും ജനാധിപത്യം സംരക്ഷിക്കാനുമായി ബി.ജെ.പിക്ക് വോട്ട് ചെയ്യാനും മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Content Highlight: Like Naxals, Congress considers entrepreneurs enemies of the country: PM Modi