സിനിമയിലെത്തിയ നാള്‍ മുതല്‍ ട്രോളുകള്‍ വാരികൂട്ടിയ നായികയാണ് ഗായത്രി സുരേഷ്. ഗായത്രിയുടെ എല്ലാ പ്രതികരണങ്ങള്‍ക്കുമെതിരെയും ട്രോളുകള്‍ ഉണ്ടാവാറുണ്ട്. എല്ലാ വിഷയങ്ങളിലും താരം പ്രതികരണം അറിയിക്കാറുമുണ്ട്.
അത്തരത്തിലുള്ള തുറന്നുപറച്ചിലുകള്‍ കൊണ്ട് ഗായത്രിയെ സോഷ്യല്‍ മീഡിയയില്‍ ജൂനിയര്‍ കങ്കണ എന്നും വിളിക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് മേലെ ചാര്‍ത്തി കിട്ടിയ പുതിയ പേരിനെ കുറിച്ച് സംസാരിക്കുകയാണ് ഗായത്രി.
‘ജൂനിയര്‍ കങ്കണയെന്ന് എന്നെ പലരും വിളിക്കാറുണ്ട്. അത്രയ്ക്ക് ഓണ്‍ ദ ഫേസായി ഞാന്‍ പറയാറില്ല. കുറച്ച് ലാഘവത്തോടെയാണ് ഞാന്‍ പറയാറുള്ളത്. കങ്കണ കുറച്ചൂടെ സ്ട്രെയ്റ്റ് ഫോര്‍വേഡായുമൊക്കെയല്ലേ പറയാറ്. എനിക്കിഷ്ടമുള്ള നടിയാണ് കങ്കണ. നല്ല ഫാഷന്‍ സെന്‍സും ഡ്രസിംഗ് സെന്‍സുമൊക്കെയാണ് അവരുടേത്,’ ഗായത്രി കൂട്ടിച്ചേര്‍ത്തു.
തന്നെക്കുറിച്ച് പ്രചരിക്കുന്നതില്‍ ചില കാര്യങ്ങള്‍ താന്‍ തന്നെ പറഞ്ഞതാണെന്നും ഗായത്രി പറയുന്നു.
‘എന്നെക്കുറിച്ച് ചില തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. പ്രണവ് മോഹന്‍ലാലിന്റെ കാര്യം ഞാന്‍ പറഞ്ഞതാണ്. ആക്സിഡന്റ് ഉണ്ടായതാണ്. അതൊക്ക ഉള്ള കാര്യമാണ്,’ ഗായത്രി കൂട്ടിച്ചേര്‍ത്തു.
ട്രോളുകള്‍ നിരോധിക്കണം എന്ന തന്റെ പ്രസ്താവനയെക്കുറിച്ചും തുടര്‍ന്നുണ്ടായ ട്രോളുകളെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. പരിഹസിക്കപ്പെടല്‍ ഒരു ട്രെന്‍ഡ് ആയപ്പോഴാണ് ട്രോള്‍സ് നിരോധിക്കണം എന്ന് താന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത് എന്നാണ് ഗായത്രി പറയുന്നത്.
പരിഹസിക്കുന്നവരല്ല നമുക്ക് വേണ്ടതെന്നും നല്ലോണം പൊക്കിപ്പറയുന്ന, ഇന്‍സ്പെയര്‍ ചെയ്യുന്ന ഒരു ജനതയെയാണ് നമുക്ക് വേണ്ടതെന്നാണ് ഗായത്രി പറയുന്നത്. താരത്തിന്റെ അഭ്യര്‍ത്ഥന വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ഗായത്രിയുടെ അഭ്യര്‍ത്ഥിച്ചിരുന്നത്.
ട്രോളുകള്‍ കാരണം താന്‍ അടിച്ചമര്‍ത്തപ്പെട്ടുവെന്നും ഉചിതമായ നടപടിയെടുക്കണമെന്നും ഗായത്രി പറയുന്നുണ്ട്.
സോഷ്യല്‍ മീഡിയ ജീവിതത്തെ ഭരിക്കുന്ന കാലമാണ്. കേരളത്തെ നശിപ്പിക്കാന്‍ വരെയുള്ള കരുത്ത് ഇവര്‍ക്കുണ്ടെന്നും എല്ലാവരും ഒപ്പം നില്‍ക്കണമെന്നുമാണ് താരത്തിന്റെ അഭ്യര്‍ത്ഥന.
ലഹരിമരുന്നില്‍ നിന്നും പണം സമ്പാദിക്കുന്നത് നിയമവിരുദ്ധമാണെങ്കില്‍ ട്രോളുകളില്‍ നിന്നും പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേയെന്നും നടി ചോദിച്ചിരുന്നു.
ഗായത്രിയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട സമയത്ത് നടി നല്‍കിയ വിശദീകരണവും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.
മറ്റൊരു വാഹനത്തെ ഇടിച്ച ശേഷം നിര്‍ത്താതെ പോയ ഗായത്രിയും സുഹൃത്തും സഞ്ചരിച്ച വാഹനത്തെ തടഞ്ഞു നിര്‍ത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സുരേഷ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2014ലെ മിസ് കേരളയായിരുന്നു ഗായത്രി.
2016ല്‍ സജിത്ത് ജഗദ്‌നന്ദന്‍ സംവിധാനം ചെയ്ത ഒരേ മുഖം, ദീപു കരുണാകരന്‍ സംവിധാനം ചെയ്ത കരിങ്കുന്നം 6എസ്, 2017ല്‍ സഖാവ്, ഒരു മെക്‌സിക്കന്‍ അപാരത, വര്‍ണ്യത്തില്‍ ആശങ്ക. 2018ല്‍ കല വിപ്ലവം പ്രണയം, നാം എന്നീ ചിത്രങ്ങളിലും ഗായത്രി അഭിനയിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥ കൂടിയാണ് താരം.
Content Highlights: Like Kangana, I do not say everything bluntly; Gayatri Suresh in the junior Kangana call