നായ്ക്കള്‍ ഭക്ഷണത്തിന് വേണ്ടി നോക്കിയിരിക്കുന്ന പോലെയാണ് സര്‍ക്കാര്‍ വീഴുമോ എന്ന് കാത്ത് ബി.ജെ.പി നേതാക്കള്‍ നില്‍ക്കുന്നത്; കര്‍ണാടക മന്ത്രി
national news
നായ്ക്കള്‍ ഭക്ഷണത്തിന് വേണ്ടി നോക്കിയിരിക്കുന്ന പോലെയാണ് സര്‍ക്കാര്‍ വീഴുമോ എന്ന് കാത്ത് ബി.ജെ.പി നേതാക്കള്‍ നില്‍ക്കുന്നത്; കര്‍ണാടക മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th December 2018, 2:47 pm

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ താഴെ വീഴുമോയെന്ന് കാത്തിരിക്കുന്ന ബി.ജെ.പിക്കെതിരെ രൂക്ഷ പരിഹാസവുമായി മന്ത്രിയും ജെ.ഡി.എസ് നേതാവുമായ ഡി.സി തമ്മണ്ണ.

തെരുവുനായ്ക്കള്‍ ഭക്ഷണത്തിന് വേണ്ടി കാത്തിരിക്കുന്ന പോലെയാണ് ചില ബി.ജെ.പി നേതാക്കള്‍ കര്‍ണാടകയില്‍ സര്‍ക്കാര്‍ താഴെ വീഴുമോ എന്ന് നോക്കിയിരിക്കുന്നത് എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മൈസൂരിലെ മധുരില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

24 മണിക്കൂറിനുള്ളില്‍ കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീഴുമെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് ഉമേഷ് കട്ടി പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.


മുത്തലാഖ് വിവാദം: കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി


ഭരണപക്ഷത്തെ 15 എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അവര്‍ ബി.ജെ.പിയുമായി ചേര്‍ന്നാല്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ സാധിക്കുമെന്നുമായിരുന്നു ഉമേഷ് കട്ടി പറഞ്ഞത്. ഒരാഴ്ചയ്ക്കുള്ളില്‍ കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും ഉമേഷ് കട്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷ പരിഹാസവുമായി മന്ത്രി തമ്മണ്ണ എത്തിയത്.

“” ജെ.എച്ച് പട്ടേല്‍(മുന്‍മുഖ്യമന്ത്രി) ഒരിക്കല്‍ സംസ്ഥാന നിയസഭയില്‍ വെച്ച് ഒരു കഥ പറഞ്ഞിരുന്നു. ഒരു ആനയുടേയും നായയുടേയും കഥ. ഒരു ആന ഒരു തെരുവിലൂടെ നടക്കുകയാണ്. ആനയുടെ പിന്നാലെയായി ചില നായകളും കൂടിയിട്ടുണ്ട്. മുകളില്‍ നിന്ന് എന്തോ സാധനം താഴേക്ക് വീഴുമെന്ന് ഇവറ്റകള്‍ക്കറിയാം. ഇത് കഴിക്കാന്‍ പറ്റുന്ന എന്തോ ആണെന്ന് കരുതിയാണ് ഇവറ്റകള്‍ പുറകെ നടക്കുന്നത്. എന്നാല്‍ ഏറെ ദൂരം നടന്നിട്ടും മുകളില്‍ നിന്ന് ഒന്നും വീണതും ഇല്ല നായ്ക്കള്‍ക്ക് ഒന്നും കഴിക്കാന്‍ പറ്റിയതും ഇല്ല. ഈ കഥ ഇവിടുത്തെ ബി.ജെ.പിക്കാരുമായി ചേര്‍ത്തുവെക്കാവുന്നതാണ്. സര്‍ക്കാര്‍ വീഴുമെന്ന് കരുതി അവര്‍ കാത്ത് കാത്ത് ഇരിക്കുകയാണ്””- മന്ത്രി പറഞ്ഞു.

ഉമേഷ് കട്ടിയെപ്പോലുള്ളവര്‍ ഞങ്ങളുടെ സര്‍ക്കാര്‍ ഇന്ന് വീഴും നാളെ വീഴും എന്നെല്ലാം പറയാന്‍ തുടങ്ങിയിട്ട് മാസം ഏഴ് കഴിഞ്ഞെന്നും എന്നാല്‍ അത് സംഭവിക്കാന്‍ പോകുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.